മീനാക്ഷി കല്യാണം 6 [നരഭോജി]

Posted by

 

എല്ലാവരും ഉറപ്പിച്ചു ഞാൻ ചത്തു. ചതഞ്ഞ എന്റെ തല ടയറിൻ്റെ അടിയിലാവുമെന്ന് പ്രതീക്ഷിച്ച്, കണ്ണുമടച്ച് തലച്ചരിച്ച് കണ്ടക്ടർ വന്നു. പക്ഷെ ഞാനവിടെ എല്ലാവരുടെയും ചിന്ത ആസ്ഥാനത്താക്കി രസികനായിചിരിച്ച് ജീവിനോടെ തന്നെ ഉണ്ടായിരുന്നു. നല്ല പ്രാസത്തിൽ തെറിവിളിക്കുന്ന സരസരായ ജനങ്ങളെ തള്ളിമാറ്റി, മീനാക്ഷി വന്ന് കരഞ്ഞ് കൊണ്ടെൻ്റെ തലയെടുത്ത് മടിയിൽവച്ച് ചുംബിച്ചു കൊണ്ടിരുന്നു. മീനാക്ഷിയുടെ മുഖത്താകമാനം അത്ഭുതവും, സങ്കടവും, ഭയവുമായിരുന്നു. അവളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ അവൾക്കുവേണ്ടി മരിക്കാൻ വരെ തയ്യാറാവുന്നത്.

 

എന്തോ, എന്റെയും അവളുടെയും അവസ്ഥകണ്ട് പാവം തോന്നിയ യാത്രക്കാർ ഞങ്ങൾക്ക് ജീവിക്കണോ, അതോ മരിക്കണോന്ന് അനൗദ്യോഗികമായി ചർച്ചചെയ്ത് തീരുമാനമെടുക്കാൻ അൽപ്പം സമയംതന്നു. എല്ലാവരും മഴകൊള്ളാതെ ബസ്സിലേക്ക് കയറിയിരുന്നു. അവർക്ക് ഞങ്ങളുടേതെന്ന പോലെ ഇത് ജീവിതപ്രശ്നമെന്നും അല്ലല്ലോ. ആയതിനാൽ അക്കാരണത്താൽ ഞങ്ങൾ നിസ്സംശയം മഴകൊണ്ടു. 

 

സമാധാനത്തോടെ ആ മുഴുത്ത റിസോൾഡ് ടയറിനടിയിൽ ഇരുന്ന് ഞാൻ എന്റെ ചതഞ്ഞരഞ്ഞ ഹൃദയം അവൾക്ക് കൈമാറി.

 

*****

“എടി… യെടീ പുല്ലെ, ഒരായിരം വട്ടം ഞാൻ നിന്നോട് പറഞ്ഞതല്ലെടീ.., യെനിക്ക് നീയില്ലാതെ പറ്റില്ലാ, ജീവനാണ്,.. വിട്ടിട്ട് പൂവരുത്, പൂവരുതെന്നു.” 

 

മീനാക്ഷി കരഞ്ഞ് കൊണ്ട് വെറുതേ മൂളി

 “മ്മ് …”

 

എൻ്റെ എല്ലാ നിയന്ത്രണവും പോയിരുന്നു. “മനുഷ്യനിവിടെ ചാവണതാണ് ജീവിക്കണതിലും ഭേദംന്ന് വച്ച് ജീവിച്ചോണ്ടിരുന്നപ്പോ, എവിടന്നോ കേറി വന്നതാ അവള്. ഒന്ന് ജീവിക്കണംന്ന് കൊതിതോന്നിയത് തന്നെ അപ്പളാണ്. അപ്പൊഴിണ്ട്രാ, എന്നെയിങ്ങനെ പ്രാന്താനായി വിട്ടിട്ട് അവൾക്ക് ചാവണം,… അല്ലെ ടീ… പുല്ലെ… ചാവാൻ തന്നെയല്ലെ  ഇറങ്ങിയേ നിയ്യ്… പറയടി നിൻ്റെ അണ്ണാക്കിലെന്താ പട്ടിപെറ്റു കെടക്കണുണ്ടോ.” 

 

“ഹ്‌മ്മ്..”അവള് പതിയെ മൂളി.

 

ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു “എടി,.. യെടീ നിനക്കെന്ത് മൈരും ആവട്ടെ, എന്ത് രോഗായാലും ആവട്ടെ… എയ്‌ഡ്‌സോ, നീലക്കൊടുവേലിയോ, ആകാശമിഠായിയോ എന്ത്, തേങ്ങയുമാവട്ടെ. അത് നമുക്ക് വരണോടത്ത് വച്ച് കാണാ.” ഞാൻ പുറംകൈ വച്ച് കണ്ണൊന്ന് തുടച്ച്, അവളുടെ കൈപിടിച്ച് നെഞ്ചിൽ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *