ഈ ഒരു മരണം കൂടിയായപ്പോൾ ഇനി മീഡിയ ഒന്നും നമുക്ക് ചെവിതല തരില്ല അല്ലേ സാറേ എന്ന് അയാൾ ചോദിച്ചു. അതിനെക്കാളും കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും എൽസൺ പറഞ്ഞത് ശരിയാണ് എന്ന് എനിക്ക് തോന്നി. കുറ്റാന്വേഷണം നടക്കുന്നതിന് ഇടയിൽ തന്നെ ഇത്രയും പെട്ടെന്ന് വീണ്ടും ഒരു കൊലപാതകം നടന്നാൽ അത് അന്വേഷണം നടത്തുന്നവരുടെ കഴിവുകേടായെ ആളുകൾ കാണു, എങ്കിലും ഇതിനിടക്ക് ഇങ്ങനെ ചെയ്യുവാനുള്ള ധൈര്യം ഈ കുറ്റവാളിക്ക് ഉണ്ടെങ്കിൽ അത് ഞങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യം തന്നെ ആണ്. അവിടെ നെഞ്ചത്ത് അടിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ഒരാളെ ചൂണ്ടി കാണിച്ചുകൊണ്ട് ഗിരി പറഞ്ഞു ഇതാണ് ആ സ്ത്രീയുടെ ഹസ്ബൻഡ്. ഞാൻ എൽസണെയും മിത്രയും കൂട്ടി ആ വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.
വീടിന്റെ പുറകുവശത്തെ കതകുകൾ തുറന്നു തന്നെയാണ് കിടന്നിരുന്നത്. വീടിന്റെ അകത്ത് ചെറിയ രീതിയിലുള്ള ബലപിടുത്തത്തിന്റെ ലക്ഷണങ്ങൾ എല്ലാം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. വീട് സന്ദർശിച്ചതിന് ശേഷം ചുറ്റുപാടുകളും ഞാൻ നടന്നു പരിശോധിച്ചു. ആദ്യത്തെ രണ്ടു കൊലപാതങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കൊലപാതകത്തിൽ കുറച്ചു കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇവിടെയും വിക്ടിം തന്നെയാണ് കതക് തുറന്നുകൊടുത്ത് കൊലയാളിയെ അകത്ത് കേറ്റിയത് പക്ഷേ മറ്റു കൊലപാതകങ്ങളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഞാൻ കണ്ടത് വിക്ടിം സ്വമേധയാ കൊലയാളിയുടെ കൂടെ പോകുന്നതിനു പകരം ബലപ്രയോഗത്തിലൂടെയാണ് കൊണ്ടുപോയിരിക്കുന്നത് എന്നതാണ്.
എന്തോ കാരണം കൊണ്ട് തിരിച്ച് കൊണ്ടുവന്ന ശവശരീരം അവർ വീടിന്റെ അകത്ത് വെക്കുന്നതിനു പകരം വീടിന്റെ പുറത്തുള്ള ബാത്റൂമിൽ തിടുക്കത്തിൽ ഇട്ടിട്ട് പോയിരിക്കുന്നു. ഒരുപക്ഷേ അയൽവക്കത്തുള്ള വീട്ടിലെ ആളുകൾ ഉണർന്നെന്ന് അറിഞ്ഞിട്ടായിരിക്കും. അവിടെ കുറച്ചുനേരം പരിശോധന നടത്തിയിട്ട് പത്രപ്രവർത്തകർ അവിടെ വന്നെത്തിയപ്പോൾ ഞങ്ങൾ തിരിച്ചു പോലീസ് സ്റ്റേഷനിലേക്ക് മടങ്ങി. എല്ലാ ടിവി ചാനലുകളിലും ഈ സംഭവം തന്നെയായിരുന്നു വാർത്തയും ചർച്ചയും.
എന്റെ ഫോണിൽ ധാരാളം കോളുകൾ വരുവാൻ തുടങ്ങി മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹപ്രവർത്തകരുടെയും എല്ലാം കോളുകൾ എന്നെ പൊറുതിമുട്ടിച്ചു. അവരോടൊന്നും പറയുവാൻ എനിക്ക് മറുപടികൾ ഇല്ലായിരുന്നു, അന്വേഷണം നടക്കുകയാണെന്ന് മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചു. ഞങ്ങൾ കാണാതെ ഞങ്ങളുടെ കാണാമറയത്തു തന്നെ ആ കൊലയാളി ഉണ്ട് എന്ന് എനിക്ക് അറിയാം. ഞങ്ങൾ ഇതിനുള്ളിൽ തന്നെ കണ്ടു മറന്ന ഒരു മുഖം ആകാം ആ കൊലയാളിയുടേത്, അല്ലെങ്കിൽ ഇതുവരെ ഞങ്ങളുടെ കണ്ണ് വെട്ടിച്ചു നടക്കുന്ന ഒരു വെക്തി.