പോലീസുകാരോ ഇന്ന് വരാമെന്ന് പറഞ്ഞതു മറന്നോ, ചോദ്യം കേട്ടപ്പോൾ തന്നെ ആരാണ് എന്ന് എനിക്ക് മനസ്സിലായി. വരാമെന്ന് മാത്രം പറഞ്ഞ് ഞാൻ ഫോൺ വെച്ചിട്ടു എൽസനെ വിളിക്കാൻ ഗിരിയോട് പറഞ്ഞു. എൽസനെയും കൂട്ടി ജീപ്പിൽ അവിടേക്ക് പോകുമ്പോൾ എനിക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. ഭാമയുടെ അനിയത്തി ഈ കൊലയാളിയെ പിടിക്കത്തക്ക വിലയുള്ള എന്തെങ്കിലും ഒരു സൂചന തരുമെന്ന് എന്റെ മനസ്സ് ഉരുവിട്ടുകൊണ്ടിരുന്നു. ഞങ്ങൾ അവിടെയെത്തിയപ്പോൾ നല്ല മഴ ആയിരുന്നു. ഞങ്ങടെ വാഹനത്തിന്റെ ശബ്ദം കേട്ടപ്പോൾ ഭാമ വന്നു തിണ്ണയിൽ നിന്നു. അവൾ ധരിച്ചിരുന്നത് ശരീരഘടന എടുത്തു കാണിക്കുന്ന ഒരു ചുരിദാർ ആയിരുന്നു. വണ്ടി നിർത്തി ഇറങ്ങിയപ്പോൾ ഞാൻ അവളോട് ചോദിച്ചു അനിയത്തി എന്തിയേ എന്ന്.
അനിയത്തിയെ അടുത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ കൊണ്ടു ചെന്നാക്കി എന്നവൾ മറുപടി തന്നു. പിന്നെ എന്തിനാണ് ഞങ്ങളെ ഇവിടെ വിളിച്ചു വരുത്തിയത് എന്ന് ഞാൻ അവളോട് തിരക്കി. അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോണം നിങ്ങൾ ആവുമ്പോൾ ജീപ്പ് ഉണ്ടല്ലോ എന്നോർത്ത് വിളിച്ചതാണ്. നീ ആളെ കളിയാക്കുകയാണോ എന്ന് ചോദിച്ച് എൽസൺ ഗർജിച്ചു. നിങ്ങൾ ജനമൈത്രി പോലീസ് ആണെന്നൊക്കെ പറഞ്ഞിട്ട് ഇങ്ങനെയാണോ ആളുകളോട് പെരുമാറുന്നത്. അതിന് എൽസൺ എന്തോ മറുപടി പറയാൻ തുടങ്ങിയെങ്കിലും ഞാൻ അയാളെ തടഞ്ഞു. അച്ഛനെ ഏത് ആശുപത്രിയിലാണ് കൊണ്ടുപോകുന്നത്,
ഞാൻ അവളോട് ചോദിച്ചപ്പോൾ എൽസൺ എന്നെ അതിശയത്തോടെ നോക്കി. ഗവൺമെന്റ് ആശുപത്രിയിൽ അല്ലാതെ പിന്നെ വേറെ എവിടെ കൊണ്ടുപോകാനാണ്. അച്ഛൻ എവിടെയാണ് കിടക്കുന്നത് എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ അകത്തേക്ക് വരുവാൻ ഞങ്ങളെ ക്ഷണിച്ചു. അവളുടെ അച്ഛന്റെ അടുത്ത് ചെന്നപ്പോൾ ഞാൻ എല്സനോട് സഹായിക്കാൻ പറഞ്ഞു അയാളെ ഉയർത്തി ജീപ്പിലേക്ക് കൊണ്ടുവന്നു. അയാൾ എന്തോ പറയാൻ ശ്രമിച്ചെങ്കിലും അത് ഞങ്ങൾക്ക് വ്യക്തമായില്ല. ഞങ്ങളുടെ കൂടെ തന്നെ ഭാമയും വണ്ടിയിൽ കയറി. നിങ്ങൾ തിരക്കിലായിരുന്നോ എന്ന് ഭാമ ചോദിച്ചപ്പോൾ നീ വാർത്ത ഒന്നും കാണാറില്ലേ എന്ന് ഞാൻ മറുപടി പറഞ്ഞു. അവൾ ഇല്ലാ എന്ന അർത്ഥത്തിൽ കണ്ണുകൾ ചിമ്മി കാണിച്ചു.