അവരിരുവരും തർക്കിക്കുന്നത് കണ്ടപ്പോൾ കൂട്ടുകാരികൾ 3 പേർക്കും എന്ത് അഭിപ്രായം പറയണം എന്ന് അറിയില്ലാതായി.
അപർണ്ണ പറഞ്ഞു
‘നീ ഇല്ലെങ്കിൽ പിന്നെ ഒരു രസവുമില്ല, ചേച്ചിയെ ഡെന്റിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി ഇരുത്തിയിട്ട് നിനക്ക് വരരുതോ?’
‘ചേച്ചിക്ക് അത് സമ്മതമാണ് പക്ഷേ എനിക്കൊരു മര്യാദയില്ലേ?’ അപർണ്ണയെ മാറ്റി നിർത്തി, അനീറ്റ പറഞ്ഞു. കൂടാതെ ചേച്ചിയെ ഒരു പേടിതൊണ്ടിയായും അവതരിപ്പിക്കുകയും ചെയ്തു. അതോടെ അപർണ്ണ ഫ്‌ളാറ്റ്.
നിരുപമയ്ക്ക് സമയം പോകും എന്നതായിരുന്നു പ്രശ്‌നം. അവൾക്ക് ആര് സിനിമയ്ക്ക് വന്നാലും വന്നില്ലെങ്കിലും തനിക്ക് കാണെണം എന്ന ലൈൻ ആയിരുന്നു.
ഗോപിക പറഞ്ഞു
‘ഇനിയും സമയം കുറെ ഉണ്ടെല്ലോ നാലു മണിയാകാൻ?’
‘ഓ ഞങ്ങൾ ഈ ബസ്റ്റാന്റിൽ ഇരുന്നോളാം.’
അപ്പോൾ നിരുപമ ആരോടെന്നില്ലാതെ പറഞ്ഞു, ‘ഗോപികയുടെ റൂമിൽ പോയാൽ കാറ്റുംകൊണ്ട് ഇരിക്കാം. ഡെന്റിസ്റ്റിനെ കാണാൻ പോകുമ്പോൾ താക്കോൽ കട്ടിളപ്പടിയുടെ മുകളിൽ വച്ചാൽ മതി.’
അനീറ്റ ചോദ്യഭാവത്തിൽ ഗോപികയെ നോക്കി, ‘ങാ അത് നേരാണ്, നിങ്ങൾ ഈ ചൂടത്ത് ഇവിടെ ഇരിക്കേണ്ട, ചോറുണ്ടോ?’
‘ഇല്ല.’ മീര പറഞ്ഞു , ‘പക്ഷേ രാവിലെ കാപ്പികുടിച്ചതാണ്.’
‘ഒരു കാര്യം ചെയ്യ് ഞാൻ താമസിക്കുന്ന റൂമിന് കുറച്ച് മാറി ഒരു ചെറിയ ഹോട്ടലുണ്ട് അവിടെ കയറിക്കോ.’
‘അയ്യോ വേണ്ട, ഞാൻ രാവിലെ കാപ്പി കുടിച്ചിട്ടാണ് ഇറങ്ങിയത്, ഡെന്റിസ്റ്റിന്റെ അടുത്തേക്ക് പോകുന്നതിനാൽ ഇനി ഒന്നും കഴിക്കുന്നില്ല.’ വീണ്ടും മീര ഒന്നുകൂടി തെളിച്ചു പറഞ്ഞു.
അത് ശരിയാണെന്ന് എല്ലാവർക്കും തോന്നി.
ഓട്ടോപിടിച്ച് പോകാനുള്ള ദൂരം ഇല്ല, പിന്നെ വെയിൽ ആയതിനാൽ ഓട്ടോ പിടിക്കാം എന്ന് തീരുമാനിച്ചു.
അപർണ്ണ പറഞ്ഞു ‘ഗോപികേ നീ കൂടി ചെല്ല്, അതേ ഓട്ടോയിൽ തിരിച്ചും പോരെ, ഞങ്ങൾ ഇവിടെ തന്നെ നിന്നോളാം’
‘വേണമെന്നില്ല,’ അനീറ്റ പറഞ്ഞു
‘അല്ല ഞാനും വരാം.’
ഗോപിക കൂടി അവർ കൈകാണിച്ചു നിർത്തിയ ഓട്ടോയിൽ കയറി.
‘അനീറ്റ ആള് മോശമില്ലല്ലോ’ എന്ന് മീരയ്ക്ക് തോന്നി, ‘അവൾ മനസിൽ വിചാരിച്ചതുപോലെ തന്നെ പ്രാവർത്തീകമാക്കിയിരിക്കുന്നു!’ മീര ആശ്ചര്യപ്പെട്ടു.
റൂം എന്നത് രണ്ടാം നിലയിലെ ഒരു ഇരട്ട മുറികളായിരുന്നു. താഴെ ഉടമ ജോലിക്ക് പോയിരുന്നു. അടുക്കള കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഗോപികയുടെ കൂടെ മറ്റ് 2 പേർക്കൂടി ഉണ്ടായിരുന്നതും ജോലിക്ക് പോയിരുന്നു. ഇതെല്ലാം ഓട്ടോയിൽ വരുന്ന വഴിക്ക് ഗോപികയും, അനീറ്റയും അറിയിച്ചതാണ്.