എന്റെ എല്ലാ കുരുത്തക്കേടുകൾക്കും സപ്പോർട്ടായി ആര്യചേച്ചി ഉണ്ടായിരുന്നു.
മുപ്പല്ലിക്ക് കൊടക്കമ്പി, മീൻ പിടിക്കാൻ വല-കൂട്-ഈർക്കിലി, തേനീച്ചക്കൂടിന് പെട്ടി, കാവിക്കൂടിന് ഞരള, ആനിക്കാവിള പറിക്കാൻ ഏണി മുതലായവയൊക്കെ സംഘടിപ്പിച്ചു തരികയോ, അല്ലെങ്കിൽ അടുത്ത് ഏത് വീട്ടിൽ കിട്ടും എന്ന് പറഞ്ഞു തരികയോ എല്ലാം ചെയ്തിരുന്നത് ആര്യചേച്ചിയായിരുന്നു.
ഞങ്ങൾ തമ്മിൽ ഒരു ബോണ്ടിങ്ങ് അങ്ങ് ആരംഭിക്കുകയായിരുന്നു.!!
എനിക്ക് ആര്യച്ചേച്ചിയില്ലാതെ പറ്റില്ലാത്ത അവസ്ഥ. രാവിലെ ഉണക്കമുണർന്നാൽ ഉടനെ പേപ്പറെടുക്കാൻ പോകുന്നത് തന്നെ ആര്യചേച്ചിയെ കണ്ട്, ചേച്ചിയുടെ കൈയ്യിൽ നിന്നും ഒരു കാപ്പിയും കുടിച്ച്, കുറെ കളിയാക്കലും കേൾക്കാനായി ആണ്.
ദിവസങ്ങൾ പോകുന്തോറും ഞങ്ങളുടെ അടുപ്പം കൂടി കൂടി വന്നു, ആ വീട്ടിലുള്ളവരും അത് അറിയുന്നുണ്ടായിരുന്നു. അവർ എന്നേയും, ആര്യചേച്ചിയേയും ചേർത്ത് ഓരോന്ന് കളിയാക്കാൻ തുടങ്ങി.
“ആര്യയെ നീ അങ്ങ് കെട്ടിക്കോടാ”
“ങാ അവന് വയസ് കുറഞ്ഞു പോയി ഇല്ലെങ്കിൽ അവൻ ഒരു കൈ നോക്കിയേനെ” എന്നൊക്കെ പറയുമ്പോൾ …
“ഞങ്ങൾ അങ്ങിനൊന്നും അല്ല അല്ലേടാ?” ആര്യചേച്ചി എന്നെ നോക്കി പറയും.
എനിക്കാണെങ്കിൽ ഇതെല്ലാം കേൾക്കുമ്പോൾ ചമ്മലും, അരിശവും ഒന്നിച്ച് വരും. ഇളയവളായ അർച്ചന അർത്ഥം വച്ച് ചിരിക്കുകയും മറ്റും ചെയ്യും.
ആ കാലത്താണ് ഞാനാദ്യമായി കൈലിമുണ്ട് ഉടുക്കുന്നത്. എന്നെ ഉടുക്കാൻ പഠിപ്പിക്കുന്നതൊക്കെ ആര്യചേച്ചിയാണ്. ആശയ്ക്കും, അർച്ചനയ്ക്കും അതൊക്കെ കാണുമ്പോൾ നാണം വരും. എനിക്കും നാണമുണ്ട്. ശരീരത്തിൽ തൊടുവാനൊന്നും ഞാൻ സമ്മതിക്കില്ല.
ആശ ഇതിലൊന്നും കാര്യമായി ഇടപെടുകയേ ഇല്ല, തമാശും പറയില്ല.
ആര്യചേച്ചിക്ക് സമപ്രായത്തിലുള്ള ഒരു കൂട്ടുകാരിയുണ്ടായിരുന്നു. ആ ചേച്ചിയും വീട്ടിൽ വന്നാൽ എന്നെ അതും ഇതും എല്ലാം പറഞ്ഞ് വെകിളി പിടിപ്പിക്കും. ഇവരുടെ പറച്ചില് കൂടുമ്പോൾ ഞാനവരുമായി പിണങ്ങും, പിന്നെ പോകാതെയാകും. അപ്പോൾ ആര്യചേച്ചി എന്നെ അന്വേഷിച്ച് എന്റെ വീട്ടിൽ വരും. അമ്മയോട് കഥകൾ പറയും. വീണ്ടും ഞാൻ പോകും.
ഇത് നിർബാധം തുടർന്നുകൊണ്ടിരുന്നു.
ആര്യചേച്ചി കോളേജിൽ പോകുമ്പോൾ ഞാനും വഴിവരെ കൊണ്ടുപോയി വിടാൻ കാണും. സത്യത്തിൽ ഇന്ന് അതോർക്കുമ്പോൾ എനിക്ക് തന്നെ ജാള്യത വരുന്നു. പക്കാ ഒരു വാലേൽ തൂങ്ങിയായിരുന്നു ഞാൻ. ആര്യചേച്ചിക്ക് കോളേജിൽ ലൈനും മറ്റുമില്ല. ( ഇനി ഉണ്ടായിരുന്നെങ്കിലും എന്നോട് പറയില്ലായിരുന്നിരിക്കണം). ചേച്ചിക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ലായിരുന്നു, ആ ഒരു കണ്ണിലൂടെയല്ല ഞാൻ കണ്ടിരുന്നതും ചേച്ചി എന്നോട് ഇടപെട്ടിരുന്നതും.