വൈകിട്ട് ചേച്ചി വരുവാൻ വേണ്ടി ഞാൻ റോഡ് സൈഡിൽ പോയി നിൽക്കും.
“ഞാൻ ചേച്ചിയെ കൂട്ടിക്കൊണ്ട് വരട്ടെ” എന്നും പറഞ്ഞ് പരസ്യമായാണ് ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്.
“പിന്നെ നിന്റെ ആവശ്യം വേണ്ടെ അവൾക്ക് വരാൻ” എന്നൊക്കെ അവർ പറഞ്ഞാലും ഞാൻ കേൾക്കില്ല.
ബസിറങ്ങി ചേച്ചിവരുമ്പോൾ കുശലം പറഞ്ഞ് ഞാൻ കൂടെ കൂടും. ഒറ്റയടി പാതയിലൂടെ ഞങ്ങൾ നടന്നു വരുമ്പോൾ വീട്ടിൽ എല്ലാവരും ഉണ്ടാകും ഞങ്ങളെ സ്വീകരിക്കാൻ. എന്തെങ്കിലും ഒക്കെ കളിയാക്കലും ബഹളങ്ങളും അപ്പോൾ തന്നെ ഉണ്ടാകും.
ആശയും, അർച്ചനയും ഇതെല്ലാം കണ്ട് എന്നെ കളിയാക്കുന്ന ചേഷ്ടകൾ കാണിക്കും. അവരുടെ മുഖത്ത് എന്നും ആ പരിഹാസം ഉണ്ടായിരുന്നു.
“ഓ വലിയ ഒരു ‘കൂച്ച്’” എന്നതായിരുന്നു അത്.
ചേച്ചിക്കുവേണ്ടി ആശയോടും, അർച്ചനയോടും ഉടക്കുന്നത് ഞാനാണ്. ആര്യചേച്ചി അത്ര പെട്ടെന്നൊന്നും ദേഷ്യപ്പെടുന്ന സ്വഭാവമായിരുന്നില്ല. ദേഷ്യപ്പെട്ടാൽ എല്ലാവർക്കും പേടിയുമായിരുന്നു. അയൽവക്കത്തുള്ളവർക്കും, നാട്ടുകാർക്കും ഏറ്റവും ഇഷ്ടം ആര്യചേച്ചിയെ ആയിരുന്നു. ചേച്ചി പാവാടയും ബ്ലൗസും ആണ് ധരിച്ചിരുന്നത്. ചിലപ്പോൾ ഹാഫ് സാരിയും. തുണിയലക്കാനും, വെള്ളം കോരാനും, അടുക്കളയിലും എല്ലാം സമയമുള്ളപ്പോൾ ഞാൻ ചേച്ചിയോടൊപ്പം ഉണ്ടാകും.
ആ വീട്ടുകാർക്ക് തന്നെ ഒരു അത്ഭുതമായിരുന്നു ഞങ്ങൾ തമ്മിലുള്ള അടുപ്പം.
ചേച്ചിയുടെ അമ്മ ഒരിക്കൽ തമാശയ്ക്ക് പറഞ്ഞു.
“ആര്യയ്ക്ക് പ്രായം കുറവായിരുന്നെങ്കിൽ നിനക്ക് കെട്ടിച്ചു തരാമായിരുന്നു” എന്ന്
എന്റെ മുൻശുണ്ഡി കാണാൻ വേണ്ടിയാണ് ഇതെല്ലാം എന്ന് അറിയാവുന്നതിനാൽ ആദ്യത്തെ ദേഷ്യമൊന്നും പിന്നീട് എനിക്കില്ലാതായി.
അന്ന് മനോരമയും, മംഗളവും ആണ് സാഹിത്യ സമ്പാദനത്തിനുള്ള ഏകവഴി. ഞാൻ പഠിത്തം കഴിഞ്ഞ് വരുമ്പോൾ മേടിച്ചു കൊണ്ടുവരും. 2 രൂപയോ മറ്റോ ആയിരുന്നു എന്നാണ് ഓർമ്മ. ഇതുപോലുള്ള ക്ഷുദ്രമാസികകൾ വീട്ടിൽ കയറ്റാൻ പാടില്ല എന്ന് ചേച്ചിയുടെ അച്ഛനും, അമ്മയും പറയുമായിരുന്നെങ്കിലും എല്ലാ ആഴ്ച്ചയും മാസിക ഞങ്ങൾ വാങ്ങും. എന്റെ വീട്ടിലേയ്ക്ക് വാങ്ങുന്നു എന്നരീതിയിലാണ് കൊണ്ടുവരുന്നത്. അപ്പോൾ പിന്നെ ആ വീട്ടുകാർക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ?
കൊലപാതക ഫീച്ചർ, മാത്യു മറ്റത്തിന്റേയും, ജോസി വാഗമറ്റത്തിന്റേയും, സുധാകർ മംഗളോദയത്തിന്റേയും നോവലുകൾ ഇതൊക്കെയാണ് സംഭവങ്ങൾ. ചേച്ചിയും, ഞാനും ഒന്നിച്ചാണ് വായന.