ഞങ്ങൾ വായിച്ചു കഴിഞ്ഞേ പീക്കിരികളായ ആശയ്ക്കും, അർച്ചനയ്ക്കും കൊടുക്കൂ. അതിന് ഉടക്ക് വേറെ. ഇടയ്ക്ക് ചേച്ചി എന്തെങ്കിലും പണിക്ക് എഴുന്നേറ്റ് പോയാൽ മാസികയ്ക്ക് കാവൽ ഇരിക്കുന്നത് ഞാനാണ്- ആശയും, അർച്ചനയും എടുക്കാതെ.
എന്റേയും ആര്യചേച്ചിയുടേയും ന്യായം ഇപ്രകാരമായിരുന്നു.
“ഈ മാസികകൾ മേടിക്കുന്നതും, വായിക്കുന്നതും ആയ കാര്യങ്ങൾ മുകളിലേയ്ക്ക് അറിയിക്കുന്നത് ഈ കുരിപ്പുകൾ ആണ് അതിനാൽ അവർക്ക് ഇത് വായിക്കാൻ അവകാശമില്ല – വേണമെങ്കിൽ ഞങ്ങൾ വായിച്ചു കഴിഞ്ഞ് വലിച്ചെറിയുമ്പോൾ വായിച്ചോ.”
ചേച്ചി എന്റെ കൂടെ കൂടി അവരെ എരിവു കേറ്റുമെങ്കിലും അവരേയും ചേച്ചിക്ക് വലിയ കാര്യമായിരുന്നു. അനിയത്തിമാരായല്ല മക്കളെ പോലാണ് അവരോടും പെരുമാറിയിരുന്നത്. അവരാരെങ്കിലും യഥാർത്ഥത്തിൽ പിണങ്ങുകയോ കരയുകയോ ചെയ്താൽ ചേച്ചിക്കും വിഷമമാകും.
ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് കൈപ്രയോഗമാണ് എന്റെ മറ്റൊരു ദുർഗുണം! ആശയ്ക്കും, അർച്ചനയ്ക്കും ഞാൻ ആ നാട്ടിൽ കാലു കുത്തിയതേ അത് മനസിലായിരുന്നു.
കൈ പിടിച്ച് തിരിക്കുക, തൊഴിക്കുക, കല്ലെടുത്തെറിയുക, നനഞ്ഞ തോർത്തുകൊണ്ട് വെട്ടിച്ച് അടിച്ച് വേദനിപ്പിക്കുക, ചെരുപ്പുകൊണ്ട് കല്ല് തെറിപ്പിക്കുക, നീറിനെ മരത്തിൽ നിന്നും കുലുക്കി ദേഹത്ത് വീഴിക്കുക, പേരയ്ക്കായും, ചാമ്പങ്ങായും വച്ച് മരത്തിന്റെ മുകളിൽ നിന്നും എറിയുക, ഉരുകിയ മെഴുക് വീഴിക്കുക, വണ്ടിനേയും പുഴുവിനേയും, തേനീച്ചയേയും മറ്റും കൊണ്ടുവന്ന് ദേഹത്തിടുക, റബ്ബർ കാ സിമിന്റ് തറയിൽ ഉരച്ച് ചൂടാക്കി ദേഹത്ത് വയ്ക്കുക, ആറ്റിൽ ചാടുമ്പോൾ വെള്ളത്തിൽ മുക്കുക, അടിയിലൂടെ വന്ന് കാലിൽ പിടിച്ച് വലിക്കുക, റബ്ബർബാൻഡിൽ കടലാസ് ചുരുട്ടി എയ്ത് കൊള്ളിക്കുക, റീഫില്ല് വളച്ച് അടിക്കുക എന്നു വേണ്ട എന്താണ് ചെയ്യുക എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ലായിരുന്നു. അതിനാൽ തന്നെ എന്നെ അവർക്ക് സ്വൽപ്പം പേടിയും ആയിരുന്നു. ഒരു ലക്കും ലഗാനുമില്ലാത്ത പ്രകൃതമാണെന്ന് അവർക്ക് മനസിലായിരുന്നു. എന്നാൽ ഇതൊന്നും ആര്യചേച്ചിയോട് ചെയ്തിരുന്നില്ല. അതിനാൽ തന്നെ അവർക്ക് ആര്യചേച്ചിയോട് അസൂയയും ദേഷ്യവും ആയിരുന്നു. ഇതൊക്കെ പുറമേ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും കൂട്ടുകാർ തന്നെയായിരുന്നു, ചില സമയത്ത് കീരിയും പാമ്പുകളും ആയിരുന്നു എന്ന് മാത്രം.
അമ്പലത്തിലെ ഉത്സവത്തിനും മറ്റും പോകുമ്പോൾ ഞാനാണ് ഇവർക്ക് കൂട്ട്. അവിടെ എത്തുമ്പോൾ അവർ പറയും