ഇടയ്ക്ക് എന്നെ നോക്കുമ്പോൾ അത് കണ്ണുകളുടെ അഗാധതയിലേയ്ക്കെന്ന പോലെ ആണ് എന്ന് എനിക്ക് തോന്നി.
എവിടെയോ എന്തോ ഒരു കാറ്റിൽ ഒഴുകി വരുന്നതു പോലെ … ആരെങ്കിലും പരിസരത്ത് ഉള്ളപ്പോൾ ഉള്ളതിനാൽ കൂടുതൽ സന്തോഷവും, സംസാരവും ഞങ്ങൾ മാത്രമുള്ളപ്പോൾ ആണെന്ന് ഞങ്ങൾക്ക് മനസിലായി തുടങ്ങി.
ഒരു പൂ വിരിയുന്നതു പോലെ പ്രേമത്തിന്റെ ഗന്ധം അവിടെല്ലാം പരക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു.
എന്നാൽ ഈ അവസരത്തിൽ അർച്ചനയും ഞാനും മുടിഞ്ഞ കമ്പിനിയാണ്. ഏറ്റവും ഇളയവളായ അർച്ചന ഒരു മരംകയറിയും, തന്റേടിയും എന്റെ രീതികൾക്ക് ചേർന്നവളും ആയിരുന്നു. എന്റെ ഉടങ്കൊല്ലി കേസുകൾക്കെല്ലാം അർച്ചനയാണ് കൂട്ട്. അർച്ചനയും ഞാനുമായുള്ള ആ കെമിസ്ട്രി ആശയ്ക്ക് കലിയാണെന്ന് പതിയെ പതിയെ എനിക്ക് മനസിലായി തുടങ്ങി. അർച്ചനയും ആശയും തമ്മിലും പലതുകൊണ്ടും സ്വരച്ചേർച്ചയില്ലാതെ വന്നു.
ഒരു പക്ഷേ ഞാൻ ആയിരുന്നിരിക്കാം അവരുടെ കോമൺ ഫാക്റ്റർ.
ആകെ മൊത്തം പ്രശ്നങ്ങൾ!! പക്ഷേ എല്ലാം എല്ലാവരുടേയും മനസിന്റെ തലങ്ങളിലാണ്, വാക്കാൽ ഒന്നും പറയുന്നില്ല.
അർത്ഥഗർഭ്ഭമായ നോട്ടത്താലും, അറിഞ്ഞുകൊണ്ടുള്ള ഒഴിഞ്ഞു തരലായും അർച്ചന ഞങ്ങളുടെ ബന്ധം ഉണ്ട് എന്ന കാര്യം പറയാതെ പറയുന്ന ഒരു കാലഘട്ടം!! വിചിത്രമായിരുന്നു അത്.
ചേച്ചിയും ഞാനുമായുള്ള ബന്ധം ഏറ്റവും മുകളിലെ തലത്തിൽ, അത് എല്ലാവർക്കും അറിയാം.
യഥാർത്ഥത്തിൽ പ്രേമത്തിന്റേതായ രീതിയിലുള്ള ബന്ധം ഞാനും ആശയും തമ്മിൽ. അത് അർച്ചനയ്ക്കും, ആശയ്ക്കും അറിയാം. ചേച്ചിക്ക് സൂചനയേ ഇല്ലായിരുന്നു.
അർച്ചനയുമായി ഏതൊക്കെയോ രീതിയിലുള്ള സൗഹൃദം! അത് ആശയ്ക്ക് ഇഷ്ടപ്പെടുന്നില്ല. അത് ചേച്ചിക്ക് അറിയാം. എന്നാൽ അത് പ്രേമത്തിന്റേത് ആയിരുന്നു എന്ന് ചേച്ചിക്ക് അറിയില്ലായിരുന്നിരിക്കണം. അത് ഉറപ്പ് പറയാൻ സാധിക്കില്ല.
പിന്നീട് ആശയും അർച്ചനയും ആയുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി.
മറ്റാരും വീട്ടിലില്ലാത്ത ഒരു ദിവസം ഞാൻ അർച്ചനയ്ക്ക് വേണ്ടി ആശയോട് വാദിച്ചുകൊണ്ടിരിക്കുന്ന സമയം. ഞാൻ പക്കാ നല്ല പിള്ള – അങ്ങിനായിരിക്കുമല്ലോ നാം എപ്പോഴും പ്രേമിക്കുന്നവരുടെ അടുത്ത്.
പഴയതു പോലെ “എന്നെ ആർക്കും ഇഷ്ടമല്ല, എനിക്കും ആരേയും ഇഷ്ടമല്ല” എന്ന് ആശ പ്രഖ്യാപിച്ചു.
ഇത്തവണ ഞാൻ ചോദിച്ചു.