“അതിരിക്കട്ടെ ആശയെ ആർക്കും ഇഷ്ടമില്ലാ എന്ന് പറയുന്നു, തിരിച്ച് ആശയ്ക്ക് ആരെ ആണ് ഏറ്റവും ഇഷ്ടം?”
“അതൊക്കെയുണ്ട്”
“പറ കേൾക്കട്ടെ”
“ഇല്ല പറയില്ല”
“അച്ഛനെ ആണോ?”
“അല്ല”
“അമ്മ?”
“അല്ല”
“ചേച്ചിയേ ആയിരിക്കും”
“അല്ല”
“ഗായത്രി?” ആശയുടെ കൂട്ടുകാരിയാണ്.
“അല്ല”
“അർച്ചന”
“അല്ല, അല്ല”
ഇത്രയുമായപ്പോൾ എന്റെ ചങ്കിടിപ്പ് കൂടി, എനിക്ക് മനസിലായി കഴിഞ്ഞിരുന്നു അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആരാണെന്ന്.
എന്റെ ശരീരത്തിലൂടെ വൈദ്ദ്യുതി പോകുന്നതു പോലെ. ആ നിമിഷങ്ങൾ ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട്.
ആശ ഒരു മേശയുടെ അപ്പുറത്തെ വശത്തു നിന്നും തേച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ എതിർവശത്ത് നിൽക്കുന്നു.
ഞങ്ങളുടെ സ്വരവും, സംസാരവും തീരെ പതുക്കെയായിരുന്നു.
അവസാനം ഞാൻ ചോദിച്ചു.
“എന്നെ വല്ലതും ആണോ?”
അവൾ ഒന്നും മിണ്ടിയില്ല.
“ഉം?” ( ആണോ എന്ന്)
“ആം” അവൾ പതിയെ മന്ത്രിച്ചു.
എന്റെ ഉള്ളിൽ എവിടെയെല്ലാമോ ഞരമ്പുകൾ കോരിത്തരിക്കുന്നതു പോലെ.
നിൽക്കുന്നത് ഭൂമിയിലാണെന്നു പോലും തോന്നുന്നില്ല.
“സത്യം?” എന്റെ സ്വരം കരയുന്നതു പോലെ ഇടറി.
“ഉം”
ജൻമനാ കുരുത്തക്കേടിന് കൈയ്യും, കാലും വച്ച ഞാൻ ഉടനെ ചോദിച്ചു.
“എന്നെ ആണ് ഏറ്റവും ഇഷ്ടം?”
“ഹാം”
“എങ്കിൽ ഞാൻ എന്തു ചോദിച്ചാലും തരുമോ?”
ഉടനെ ഉത്തരം വന്നു, ഒട്ടും പതറാതെ..
“തരാൻ പറ്റുന്നതാണെങ്കിൽ”
“എങ്കിൽ എനിക്കൊരു ഉമ്മ താ”
“അയ്യോ അതു വേണ്ട”
ക്ഷുഭിതയവ്വനം വാരി പൂശിയ സ്വാഭാവമാണ് എനിക്കന്ന്!! വെട്ടൊന്ന് മുറി രണ്ട്.
“ഞാൻ കണ്ണടച്ച് പത്തുവരെ എണ്ണും, അതിനുള്ളിൽ ഉമ്മതന്നില്ലെങ്കിൽ ഞാൻ ഇനി ഇങ്ങോട്ട് വരികയേ ഇല്ല” അതെന്റെ സ്ഥിരം ഭീഷണിയായിരുന്നു.
“വേണ്ട”
“വേണം”
ഞാൻ കണ്ണടച്ച് എണ്ണാൻ തുടങ്ങി.
“ഒന്ന്”
“രണ്ട്”
“മൂന്ന്”
“നാല്”
“ശരിക്കും വേണോ?”
“അഞ്ച്”
“ആറ്”
“പേടിയാ എനിക്ക്”
“ഏഴ്”
“എട്ട്”
ഭിത്തിയിലെ പ്ലെഗ്ഗ് പോയിന്റിൽ നിന്നും തേപ്പുപെട്ടിയുടെ സ്വിച്ച് ഓഫാകുന്ന സ്വരം ഞാൻ കേട്ടു.
“ഒമ്പത്”
എന്റെ കവിളിൽ ഒരു മൃദു ചുംബനം.
“പത്ത്”
ഞാൻ കണ്ണുതുറക്കുമ്പോൾ അവൾ ഓടിപോകുന്നതാണ് കാണുന്നത്.
ഞാൻ റഹ്മാനും, അവൾ രോഹിണിയും ആണെന്ന് തോന്നിയ നിമിഷങ്ങൾ!!