നിള വിട്ടുകൊടുത്തില്ല
“ഡോക്ടർ ആ ഭാഗം പറഞ്ഞപ്പോ നീ മരുന്ന് മേടിക്കാൻ പോയിരുന്നു…”
മാഷ് വീണ്ടും സത്യസന്ധനായി, നിള വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും മാഷ് ഇടയ്ക്ക് കയറി
“ഹ.. നീയിവർക്ക് കുടിക്കാനെന്തേലും എടുക്ക്… പിന്നല്ല…”
നിള അവരെ രൂക്ഷമായി നോക്കിയിട്ട് ശോഭയോടൊപ്പം അടുക്കളയിലേക്ക് പോയി
“വാടോ… ഇരിക്ക്… എന്നിട്ട് തന്റെ വിശേഷങ്ങളൊക്കെപ്പറ…”
മാഷ് കസേരയിൽ ഇരുന്നിട്ട് പറഞ്ഞു
“എന്ത് വിശേഷം മാഷേ… ഞങ്ങളൊക്കെയല്ലേ വിശേഷങ്ങൾ… ഞങ്ങൾ പ്രവാസികൾക്കെല്ലാം വിശേഷങ്ങളെല്ലാം ഒരുപോലാ…”
അപ്പു പറഞ്ഞു
“നീ വന്നിട്ട് മാഷിനൊന്നും കൊണ്ട് വന്നില്ലേ…?”
ചന്തു അവനോട് ചോദിച്ചു
“പിന്നേ… മാഷിന് ഞാനൊന്നും കൊണ്ടുവരാതിരിക്കോ…”
അപ്പു പുറത്ത് തിണ്ണയിൽ വച്ചിരുന്ന കവറുകൾ എടുത്തുവന്നു, അതിൽ നിന്നും ഒരു മുണ്ടും ഷർട്ടും കൂട്ടത്തിൽ ഒരു ബോക്സും എടുത്ത് മാഷിന് കൊടുത്തു,
മാഷ് ബോക്സ് തുറന്നു റോളെക്സിന്റെ ഒരു വിലകൂടിയ വാച്ച്…
“ഹാ… പഷ്ട്ട്… ഈ മുണ്ടും ഷർട്ടും ഇട്ട് ഈ വാച്ചും കെട്ടി നാളെ ടൂർ പോകാം…”
മാഷ് ഒന്ന് കളിയാക്കി
അതുകേട്ട അപ്പുവിന്റെ മുഖം മാറുന്നത് കണ്ട് മാഷ് പറഞ്ഞു
“വീട്ടീന്ന് പുറത്തുപോലും പോകാതെ കുഴിയിലോട്ട് കാലും നീട്ടിയിരിക്കുന്ന ഈ കിഴവനെന്തിനാടാ മോനെ ഇത്രേം വിലയുള്ളതൊക്കെ…?”
മാഷ് തുടർന്നു
“മാഷിന് വേണ്ടി എന്തേലും വാങ്ങണമെന്നാലോചിക്കുമ്പോൾ എനിക്കെന്റെ അച്ഛനെയാ ഓർമ വരുന്നേ… അതോണ്ടാ ഇത് വാങ്ങിയത്… മാഷിത് വേണ്ടെന്ന് പറയരുത്… എനിക്കത് വിഷമമാകും…”
അപ്പുവിന്റെ കണ്ണ് നിറഞ്ഞു
ചന്തുവും മാഷും വല്ലാതായി
“അയ്യേ… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… അപ്പുക്കുട്ടൻ എനിക്ക് എന്തുകൊണ്ടുവന്നാലും എനിക്കത് പ്രീയപ്പെട്ടതല്ലേ…”
മാഷ് എഴുന്നേറ്റ് അപ്പുവിനെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു,
അതുകേട്ട് അപ്പൂവൊന്ന് ചിരിച്ചു
“എനിക്കിനി ഇതെല്ലാം എല്ലാരേം കാണിച്ചു എന്റെ അപ്പുക്കുട്ടൻ കൊണ്ട് തന്നതാണെന്ന് വീമ്പു പറയണം…”
മാഷ് കൂട്ടിച്ചേർത്തു
അവന്റെ മുഖം തെളിഞ്ഞു
“മാഷിന് വേറൊന്നും കൊണ്ട് വന്നില്ലേ…”
മാഷ് ചോദിച്ചു
“പിന്നില്ലാതെ…”
അപ്പു കാറിൽനിന്നും രണ്ട് ബോട്ടിൽ ബാക്കാർഡി പറയിസോ റം കൊണ്ടുവന്നു കൊടുത്തു
ചന്തു അത് വാങ്ങി അതിന്റെ ഭംഗി നോക്കി