“കൊള്ളാലോടാ… നല്ല വെലയായിക്കാണും അല്ലേ…”
ചന്തു അമ്പരപ്പോടെ ചോദിച്ചു
“ആ… കൊറച്ചായി…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു
“ഞാം പോയി മൂന്ന് ഗ്ലാസ് ഒപ്പിച്ചോണ്ട് വരാം…”
ചന്തു അടുക്കളയിലേക്ക് പോയി
അവൻ അടുക്കളയിലെത്തുമ്പോൾ ശോഭയും നിളയും അവിടെ സംസാരിച്ചുകൊണ്ട് നിൽപ്പുണ്ട്
“എന്താടാ…?”
നിള അവനെക്കണ്ടു ചോദിച്ചു
“ഏയ്… ഒന്നൂല്ല നിളേച്ചി…”
“പിന്നെന്താ നീയിവിടെക്കിടന്ന് കറങ്ങുന്നേ…?”
“നിളേച്ചി ഒന്ന് വന്നേ ഒരു കാര്യം ചോദിക്കട്ടെ…”
അവൻ നിളയെ അടുത്തേക്ക് വിളിച്ചു
“എന്ത് കാര്യാടാ ഞാൻ കേക്കാൻ പാടില്ലാത്തത്…?”
ശോഭ അവനോട് ചോദിച്ചു
“ഏയ്… അങ്ങനൊന്നുമില്ലമ്മേ ഞാൻ വേറൊരു കാര്യം ചോദിക്കാൻ…”
ചന്തു നിന്ന് പരുങ്ങി
നിള ചിരിച്ചുകൊണ്ട് അവന്റടുത്തേക്ക് വന്നു
“മ്മ്…??”
അവൾ അവന് നേരെ ചോദ്യഭാവത്തിൽ മൂളി
“അതേ… മാഷിന് മൂന്ന് ഗ്ലാസ് വേണോന്ന്… എന്തിനാന്തോ…?”
അവൻ അവളുടെ മുഖത്തുനോക്കാതെ പറഞ്ഞു
“ഓഹോ… അപ്പൊ മൂന്നുംകൂടി കലാപരിപാടി തുടങ്ങിയോ…?”
“ഏയ്… ഇല്ല നിളേച്ചി… ഇതിപ്പോ അപ്പു വന്നെന്റെ ചെറിയ ആഘോഷം… അത്രേള്ളൂ…”
“ചെറുതായാലും വലുതായാലും ആ ചെറുക്കനെ കുടിപ്പിച്ചു നശിപ്പിക്കരുത് പറഞ്ഞേക്കാം… നീയൊക്കെ കുടിച്ച് ചാവണോന്ന് ശബദ്ധം ചെയ്തിരിക്കുവാണ്, അവനെ നശിപ്പിക്കാൻ നോക്കിയാലുണ്ടല്ലോ എന്റെ തനിക്കൊണം നീ കാണും… പറഞ്ഞേക്കാം…”
നിള പറഞ്ഞു
അവനൊരു കുസൃതിചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി
“അതെന്താ ആ ചെറുക്കനോട് മാത്രമൊരു സ്നേഹം… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്…”
ചന്തു അർത്ഥം വച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്ത്… പോടാ അനാവശ്യം പറയാതെ…”
നിളേന്റെ മുഖം ചുവന്നു
“അയ്യോ… പ്യാവം… പച്ചവെള്ളം ചവച്ചു കുടിക്കുന്നവൾ… പിന്നെന്താടി ചേച്ചി അവനെക്കാണുമ്പോ ഇയ്യാളുടെ മുഖം ഇങ്ങനെ ചോവന്ന് തുടുക്കുന്നെ…?? ആ ഭാവം നീ വേറെ ആരേം നോക്കുമ്പോ കാണുന്നില്ലല്ലോ, അവനെ നോക്കുമ്പോളുള്ള ചിരിയ്ക്ക് എന്താ ഒരു വ്യത്യാസം, അവനടുത്തുള്ളപ്പോ അവനെ തൊട്ടുരുമ്മി നിൽക്കാൻ ഇയ്യാക്കെന്താ ഇത്ര ഉത്സാഹം…?? പണ്ട് വർക്ഷോപ്പിൽ വരുമ്പോ അവനെ ചേർത്തുപിടിക്കുന്നു, സാരിത്തുമ്പുകൊണ്ട് മുഖം തൊടച്ചുകൊടുക്കുന്നു… പിന്നെയവൻ ഗൾഫിൽ പോയപ്പോ ഒരു ദിവസം അവൻ വിളിച്ചില്ലെങ്കിൽ വേവലാതിയോടെ ഓടുന്നു, അമ്പലത്തിൽ വഴിപാട് നേരുന്നു… ഇതൊന്നും ആർക്കും മനസ്സിലാവില്ലാന്ന് കരുതല്ലേ…