എത്ര വർഷംകൊണ്ട് കാണുന്നു ഞാനിത്, ആ പൊട്ടന് ഇതുവരെ ഇതൊന്നും മനസ്സിലായിട്ടില്ല…”
അവനൊന്ന് നിർത്തി, പിന്നീട് മുഖം കുനിച്ച് നാണത്തോടെ നിൽക്കുന്ന അവളുടെ മുഖത്തേക്ക് കുനിഞ്ഞു നോക്കികൊണ്ട് പറഞ്ഞു
“മോളെ നിളേ… ആദ്യം ഞാൻകരുതിയത് ഒരു സഹോദരനോടുള്ള സ്നേഹമാണെന്ന്… പിന്നീടാ എനിക്ക് പിടികിട്ടിയത് ഇത് അതല്ലെന്ന്…. ഈ പ്രേമത്തിന് ഒരു പ്രശ്നമുണ്ട്… അതാർക്കെങ്കിലും ആരോടെങ്കിലും തോന്നിയാൽ… ആ ആളെ കാണുമ്പോ അത് അറിയാതെ മുഖത്ത് വരും… നമ്മള് വിചാരിക്കും അതാർക്കും മനസ്സിലാവില്ലെന്ന്… കൂടെയുള്ളവർക്കെല്ലാം അത് മനസ്സിലാകും… ഒരുമാതിരി പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നപോലെ…”
നിള തലകുനിച്ചു തന്നെ നിന്നു
“ഞാൻ അവൻ പോകുന്നതിന് മുന്നേ കാണുന്നതല്ലേ… അവനെക്കാണുമ്പോ ഒരാളുടെ കണ്ണ് പിടച്ചിലും കണ്ണിലെ തിളക്കവും… ഒക്കെ… ദേ… വല്ല സഹായവും വേണേ ചോദിക്കാൻ മടിക്കേണ്ട…”
നിള തലയുയർത്തിയില്ല
“നിളേച്ചി മൂന്ന് ഗ്ലാസ്സെടുത്തു ശോഭമ്മ കാണാതെ പുറത്ത് വയ്ച്ചേക്ക്… ഇത്തിരി അച്ചാറും ഞാൻ പിന്നിലൂടെ വന്നെടുത്തോളാം…”
അതും പറഞ്ഞ് അവൻ തിരിച്ചു നടന്നു, ഒന്ന് നിന്നശേഷം തിരികെ വന്നു
“പിന്നെ നമ്മളാരേം നശിപ്പിക്കുന്നില്ലേ…”
നിള അവന്റെ കയ്യിൽ ചിരിച്ചുകൊണ്ട് ഒരു കുഞ്ഞടി കൊടുത്തു,
“ഡാ… ഇതാരോടും പറയല്ലേടാ പ്ലീസ്…”
അവൾ പതിയെ പറഞ്ഞു
“മ്.. മ്..”
ചന്തു ചിരിച്ചുകൊണ്ട് മൂളിക്കൊണ്ട് ഇറങ്ങിപ്പോയി
അവർ മൂന്നുപേരും കൂടി ടെറസ്സിൽ ഒത്തുകൂടി,
“മോനെ അപ്പു, നീ നിന്റച്ഛനെക്കുറിച്ചോർക്കാറുണ്ടോ…?”
മാഷ് അവനോട് ചോദിച്ചു,
ഒന്ന് പുഞ്ചിരിച്ചതല്ലാതെ അവനൊന്നും പറഞ്ഞില്ല
“ഞാനീ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽവച്ചു ഏറ്റവും നല്ല മനുഷ്യൻ… കറ കളഞ്ഞ കോൺഗ്രസ്സുകാരൻ… പൊതുസേവനം വരുമാനമാക്കാതെ സ്വന്തം കാലിൽ നിന്ന് ജീവിച്ചു കാണിച്ചു കൊടുത്തവൻ… അവന്റെ കൂട്ടുകാരനാണെന്ന് പറയാൻ എനിക്കെന്തഭിമാനമാണെന്നോ..?
പണ്ട് ശ്രീദേവിയേം കൊണ്ടൊളിച്ചോടി വരുമ്പോ.. എനിക്കെന്റെ കൃഷ്ണനെ ഉണ്ടായിരുന്നുള്ളു… അവളുടെ അച്ഛന്റേം ആങ്ങളമാരുടേം തല്ലുകൊണ്ട് വഴിയിൽ വീണപ്പോ അവരെയെല്ലാം തല്ലിയോടിച്ച് കിടക്കാൻ ഒരു മുറിയും പാൽ സൊസൈറ്റിയിലെ ജോലിയും സംഘടിപ്പിച്ചു തന്ന് സ്വന്തം കാലിൽ നിൽക്കാൻ അവനെന്നെ പ്രാപ്തനാക്കി… പിന്നീട് സർക്കാരുദ്യോഗം കിട്ടിയപ്പോ കൂടെ സന്തോഷം പങ്കിടാനും, പിന്നെ ശ്രീദേവി എന്നെവിട്ടുപോകുമ്പോ തനിച്ചായ എന്നേം മോളേം ഒരു സഹോദരനെപ്പോലെ ചേർത്ത് നിർത്താനും അവനെയുണ്ടായിരുന്നുള്ളു…”