മുതിർന്നിട്ടും തനിക്ക് താമരമൊട്ട് പറിക്കുവാനായി കുളത്തിൽ മുങ്ങി നിവരുമ്പോൾ, ആ മൊട്ടുകളുമായി തന്റടുത്തേക്ക് വരുമ്പോൾ, അന്ന് അലറിപെയ്യുന്ന ഇടവപ്പാതി മഴയിൽ ഒരു കുടക്കീഴിൽ അവനെ നോക്കി നിൽക്കുമ്പോൾ, ആ നെഞ്ചിൽ ചേർന്നുരുണ്ട് എവിടേക്കോ ഒളിക്കുന്ന ജലകണങ്ങളെ കൊതിയോടും ഒപ്പം അസൂയയോടും നോക്കി നിന്നിട്ടുണ്ട്, ആ കാപ്പിക്കണ്ണുകളോടും വരച്ചു വച്ചപ്പോലുള്ള പുരികങ്ങളോടും ചുവന്ന ചുണ്ടുകളോടും കാതിലെ കാക്കപ്പുള്ളിയോടും തനിക്ക് കൊതി തോന്നിയിട്ടുണ്ട്,
ആ കാക്കപ്പുളിയിൽ പതിയെ കടിക്കാൻ… ആ കണ്ണുകളിൽ പതിയെ ചുമ്പിക്കാൻ… ആ ചുവന്ന അധരം നുകരാൻ… ആ നെഞ്ചിലെ ചെറിയ രോമക്കാടുകളിൽ മുഖമൊളിപ്പിക്കാൻ… താൻ കൊതിച്ചിട്ടുണ്ട്, അതോർത്ത് കുളിരു കോരിയ ഒരുപാട് രാത്രികൾ, അവനോട് ഒട്ടിനിക്കുമ്പോൾ താനനുഭവിച്ച അനുഭൂതി, താനേറെ ഇഷ്ടപ്പെട്ടിരുന്ന അവന്റെ ഗന്ധം, അവന്റെ ഓരോ നോട്ടവും ഓരോ സ്പർശവും താൻ വല്ലാതെ കൊതിച്ചിരുന്നു, അവനെക്കുറിച്ച് താനെഴുതിക്കൂട്ടിയ കവിതകൾ, ഒന്നും അവനെയറിയിച്ചിട്ടില്ല, അവൻ എന്റേതാകുന്ന സമയത്ത് എല്ലാം അവന്റെ മടിയിൽ കിടന്ന് വായിച്ചു കേൾപ്പിക്കണം…
താനും കണ്ടിട്ടില്ലേ അവന്റെ കണ്ണിൽ തനിക്കുള്ള പ്രണയം പലപ്പോഴും… അതേ കണ്ടിട്ടുണ്ട്… എന്റെ മാത്രം അപ്പൂട്ടൻ…
നിളയ്ക്ക് പ്രണയമാണ് അവളുടെ അപ്പൂട്ടനോട്… അവളുടെ മാത്രം അപ്പൂട്ടനോട്…’
അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവൾ തിരിഞ്ഞ് ശോഭയുടെ അടുത്തെത്തി അവരെ നന്നായി പുതപ്പിച്ചു… ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അപ്പുവിന്റെ അരികിലേക്ക് നടന്നു…
വാതിൽ പതിയെ തള്ളി, കുറ്റിയിടാത്തതുകൊണ്ട് വാതിൽ പതിയെ തുറന്നു, അവൾ മുറിക്കുള്ളിലേക്ക് കാലെടുത്തുവച്ചു, തന്റെ കൊലുസ്സിലെ മണികൾ ശബ്ദിക്കാതിരിക്കാനായി അത്ര പതുക്കെയാണ് അവൾ നടന്നത്
പുറത്തെ നിലാവ് തുറന്നിട്ട ജനാലയിലൂടെ മുറിക്കകത്ത് ചെറു വെളിച്ചം വീശുന്നുണ്ടായിരുന്നു,
നെറ്റിക്കുമേൽ വലതു കൈ വച്ച് ശാന്തനായി ഉറങ്ങുന്ന അപ്പുവിനെ അവളൊരു ചെറു പുഞ്ചിരിയോടെ നോക്കി നിന്നു…
“അപ്പൂട്ടാ…”
അവൾ അവന്റെ അരികിലേക്ക് ചെന്നു പതിയെ വിളിച്ചു അവൻ ഉറക്കമാണെന്ന് ഉറപ്പു വരുത്തി…
അവളാ കട്ടിലിനരികിൽ ഇരുന്നു, അവന്റെ മുഖത്തുനിന്നും കൈ പതിയെ എടുത്ത് താഴെ വച്ചു, അവന്റെ മുഖത്തേക്ക് പ്രണയത്തോടെ നോക്കി, അവന്റെ നെറ്റിയിലേക്ക് വീണുകിടന്ന കോലൻ മുടി പതിയെ ഒതുക്കി വച്ചു…