ഒരു ഹാർട്ടറ്റാക്കിന്റെ രൂപത്തിൽ വിധി അച്ഛനെ ഞങ്ങളിൽനിന്നും പറിച്ചെടുത്തു,
പിന്നീട് അങ്ങോട്ട് പട്ടിണിയായിരുന്നു, അച്ഛന്റെ ബിസിനെസ്സ് അച്ഛനോടൊപ്പം നിന്നവർ കൈക്കലാക്കി…
അതോടെ ബന്ധുക്കളകന്നു… എല്ലാവരും അന്ന് തന്നെ പടിയിറങ്ങി… ഒരു പേരിന്പോലും ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ…
വരുമാനത്തിനായി കയറുപിരിക്കാൻ ഇറങ്ങിപോകുന്ന അമ്മയുടെ രൂപം ഇന്നും ഓർമയുണ്ട്,
ആഴ്ചതോറും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും ബാധ്യതകൾ തീർക്കാൻ ഓടി നടക്കുന്ന തന്റെ അമ്മ… പിന്നീട് മിച്ചമുണ്ടാകുന്ന നീക്കിയിരുപ്പിന് വാങ്ങുന്ന റേഷൻ അരി വയ്ച്ച് കഞ്ഞിയുണ്ടാക്കി അമ്മയോടൊപ്പം കുടിക്കുന്ന ആ രുചി വേറൊന്നിനും ഇന്നുവരെ കിട്ടിയിട്ടില്ല…
ഒരു നേരത്തെ ഭക്ഷണമുണ്ടെങ്കിൽ അതെനിക്ക് നീക്കിവച്ച് ഞാൻ കഴിക്കുന്നത് നിറകണ്ണുകളോടെ നോക്കുന്ന അമ്മയെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു…
തങ്ങളുടെ അവസ്ഥ ആരേയും അറിയിച്ചില്ല,
ഒരിക്കൽ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് അശോകൻ മാഷും മകൾ നിളേച്ചിയും ഞങ്ങളുടെ അവസ്ഥകണ്ട് അമ്പരന്ന് നിന്നു, അന്ന് നിളേച്ചി തങ്ങളുടെ അവസ്ഥ കണ്ട് എന്നെക്കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു… അച്ഛൻ ജീവിച്ചിരുന്നപ്പോൾ സന്തോഷത്തോടും സമൃധിയോടും ഉണ്ടായിരുന്ന വീടായിരുന്നു ഇത്…
മാഷ് വച്ചുനീട്ടിയ പണം അമ്മ സന്തോഷത്തോടെ നിരസിച്ചു… എങ്കിലും മാഷ് തങ്ങളുടെ കുടുംബം എല്ലാം ഉത്തരവാദിത്തോടെ നോക്കി നിളേച്ചി വീട്ടിലെ നിത്യ സന്ദർശകയായി… എന്നും എനിക്കായി കൊണ്ട് വരുന്ന പലഹാരങ്ങളും കറികളും അവൾ സ്നേഹത്തോടെ വിളമ്പുമ്പോൾ, ഞങ്ങൾക്കവൾ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു…
അച്ഛന്റെ ആണ്ടിന്,
തറവാടിന്റെ ബാധ്യതയറിഞ്ഞു അയൽക്കാരുണ്ടെന്ന്പോലുമോർക്കാതെ മാമൻമാരും ചെറിയച്ഛൻമാരും അവരുടെ സഹധർമ്മിണികളുൾപ്പെടെ എല്ലാരും അമ്മയെ കുറ്റപ്പെടുത്തി,,
തറവാട് വീടിന്മേലുള്ള അച്ഛന്റെ ബാധ്യതയായിരുന്നു വിഷയം
അറിയാത്ത ബിസിനസ്സിനായി തറവാട് പണയം വച്ച് അച്ഛൻ വലിയ ബാധ്യത വരുത്തിവച്ചതത്രെ…
അമ്മ ഒരു മറുപടിപോലും പറയാതെ നിറകണ്ണോടെ തലകുനിച്ചിരിക്കുന്നത് കണ്ട് സഹിച്ചില്ല, മാമന്മാരുടെയും ചെറിയച്ഛന്മാരുടെയും ഓരോരോ ആവിശ്യങ്ങൾക്ക് അച്ഛൻ കൈവിട്ട് സഹായിച്ചത് മുതൽ എല്ലാം.. എല്ലാരുടെയും മുന്നിൽ വച്ചു…
അച്ഛന്റെ കണക്കുപുസ്തകം മുന്നിലേക്കിട്ടുകൊണ്ട് എണ്ണിയെണ്ണി ചോദിച്ചു,
അതോടെ അപ്പു എല്ലാരുടെയും കണ്ണിൽ നിഷേധിയായി, തലതെറിച്ചവനായി, ഗുരുത്തം ഇല്ലാത്തവനായി…
എല്ലാവരും എന്നെ കുറ്റപ്പെടുത്തിയത് കണ്ട്… അമ്മയുടെ ഉള്ളിൽ വീർത്തുപൊങ്ങിയ സങ്കടമെല്ലാം മതിയാവോളം തന്നെ തല്ലിത്തീർത്തിട്ടും കരഞ്ഞില്ല, ശിലകണക്കെ നിന്നുകൊണ്ടു…