അവളുടെ കൂട്ടുകാരി അവിടെക്ക് വന്നുകൊണ്ട് പറഞ്ഞു
“എന്താടി അവൻ പറഞ്ഞിട്ടുപോയേ…?”
അവൾ ചോദിച്ചു
“ഒന്നൂല്ല…”
അവർ മുന്നോട്ട് നടന്നു
“എന്താപെണ്ണേ നോട്ടൊണ്ടോ… പണ്ടത്തേക്കാളും നല്ല ഗ്ലാമർ ആയിട്ടുണ്ട്…”
നന്ദന അതിന് മറുപടിയായി ഒന്ന് പുഞ്ചിരിച്ചു
“എടി… ഞങ്ങടെ തറവാട് വാങ്ങിയത് ഇവനാണെന്ന്…”
നന്ദന പറഞ്ഞു
“ആണോ…? അങ്ങനെയാണേ പൂത്ത കാശ്കാരനാ… അച്ഛൻ പറയുന്ന കേട്ടു… ഏതോ കോടിശരനാണ് നിന്റെ തറവാട് വാങ്ങിയതെന്ന്… എന്നാലുമിത്രപെട്ടെന്ന് അവനെങ്ങനെ പണക്കാരനായി…”
അവൾ ചിന്തിച്ചു കൊണ്ട് നടന്നു
അപ്പോൾ നന്ദനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു
അപ്പു തിരികെ ചെല്ലുമ്പോൾ രണ്ടു മൂന്ന് പ്രായമായ സ്ത്രീകൾക്കൊപ്പം കല്ല് പാകിയ തറയിൽ ചമ്രം പൂട്ടി ഇരിക്കുകയാണ് നിള … നിലത്തു പാകിയ വെറും കല്ലിൽ വിളമ്പിയ നിവേദ്യം ഉരിയാടാതെ വാരി കഴിക്കുകയാണ്…
അപ്പു വിഷമത്തോടെ അത് നോക്കി നിന്നു, അവനെക്കണ്ട് നിള കഴിക്കുന്നതിനിടയിലും ചിരിച്ചു, കഴിച്ച് കഴിഞ്ഞ് അവൾ അവനടുത്തേയ്ക്ക് വന്നു
“എന്താ നിളേച്ചി ഇതൊക്കെ…?”
വിഷമത്തോടെ അവൻ ചോദിച്ചു
“അന്ന് നിനക്ക് ഫുഡ് പോയ്സൺ വന്ന് കിടന്നില്ലേ… അപ്പൊ ഞാൻ നേർന്നതാ… ആരും കൂടയില്ലാത്ത ഏതോ ഒരു രാജ്യത്ത് ഒരസുഖം വന്നാൽ ഒരാളുമുണ്ടാകില്ലല്ലോ അങ്ങനെ നേർന്നതാ…”
അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു
“അയ്യേ… എന്താടാ ഇത്… കരയുന്നോ… വാ ഇങ്ങോട്ട്…”
നിള ചുറ്റും നോക്കിയിട്ട് അവന്റെ കൈ പിടിച്ച് അമ്പലക്കുളത്തിലേക്ക് കൊണ്ടുപോയി, അവനെ പടവിലിരുത്തിയിട്ട് അവനടുത്തായി അവളുമിരുന്നു,
അപ്പു അവളെതന്നെ നോക്കിയിരുന്നു
“എന്താടാ… നോക്കുന്നെ…? ഏ…?”
അവൾ ചോദിച്ചു
“എന്റെ ഭാഗ്യാ നിന്നെ എനിക്ക് കിട്ടിയത്… എന്റമ്മയെപ്പോലെ എന്നെ സ്നേഹിക്കാൻ… ഞാനെന്താടിയേച്ചി നെനക്ക് തരേണ്ടത്…”
അവൻ ശബ്ദമിടറിക്കൊണ്ട് ചോദിച്ചു
അവൾ അവനെ നോക്കി പുഞ്ചിരിച്ചു
“അങ്ങനെ എന്തെങ്കിലും കിട്ടണമെന്നാഗ്രഹിച്ചു ഞാൻ ഒന്നും നിനക്ക് വേണ്ടി ചെയ്യാറില്ല… എങ്കിലും നീ ചോദിച്ച സ്ഥിതിക്ക്… വേഗം കുളത്തീന്ന് കൊറച്ച് താമരമൊട്ട് പൊട്ടിച്ചു തന്നെ…”
അവൾ പുഞ്ചിരിയോടെ പറഞ്ഞു
“നെനക്കീ പ്രാന്ത് തീർന്നില്ലേ…?”
അവൻ ചോദിച്ചു
“അതെന്താ… താമര നല്ലതല്ലേ… മോട്ടിങ്ങനെ വെള്ളത്തിലിട്ടു വച്ച്… അത് വിരിയുന്നോ വിരിയുന്നോ എന്ന് നോക്കിയിരിക്കാൻ നല്ല രസാ…”