“ഇത് ചെറിയ വട്ടൊന്നല്ല…”
അത് പറഞ്ഞുകൊണ്ട് മുണ്ട് മടക്കിക്കുത്തി അവൻ കുളത്തിലിറങ്ങി മൊട്ട് പൊട്ടിച്ചു അവൾക്ക് കൊടുത്തു എന്നിട്ട് അവളുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കിനിന്നു
“എന്താ… നോക്കുന്നെ…?”
അവൾ ചോദിച്ചു
“അല്ല… പണ്ട് മൊട്ട് പൊട്ടിച്ചു തരുമ്പോ എനിക്കൊരു സമ്മാനം കിട്ടാറുണ്ടായിരുന്നു… അത് കിട്ടിയില്ല…”
അവൻ കവിളിൽ തൊട്ടുകൊണ്ട് കുസൃതിയോടെ പറഞ്ഞു
നിളയുടെ മുഖം നാണം കൊണ്ട് ചുവന്നു
“അയ്യേ… പോടാ… അത് പണ്ടല്ലേ… അന്ന് നമ്മള് കുട്ടികളല്ലാരുന്നോ…”
“അയ്യേ ഇതെന്താ നിള ടീച്ചർക്ക് നാൺ വന്നു.. നാൺ വന്നു…”
അവൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു
“ഞാൻ പോണു… നീ വരുന്നേ വാ…”
പറഞ്ഞിട്ട് അവൾ മുകളിലേക്കോടി
അപ്പു പുഞ്ചിരിയോടെ അവൾക്ക് പിന്നാലെയും
വീട്ടിലെത്തി ഭക്ഷണം കഴിച്ച് ചന്തു കാറുമായി വന്നപ്പോൾ അവരിറങ്ങി…
“എന്റെ നിളേമോൾ എന്ത് സുന്ദരിയാ അല്ലേടാ…?”
കാറിലിരിക്കുമ്പോൾ ശോഭ ആരോടെന്നില്ലാതെ ചോദിച്ചു
“പിന്നല്ലാതെ… നിളേച്ചി സൂപ്പറല്ലേ…”
ചന്തു കാറോടിച്ചുകൊണ്ട് അപ്പുവിനെ നോക്കി പറഞ്ഞു,
“അതുമാത്രല്ല… അടക്കോം ഒതുക്കോം എല്ലാം അവളെക്കഴിഞ്ഞേയുള്ളൂ ഇന്നാട്ടിൽ വേറെ…”
ശോഭ പറഞ്ഞു
“അങ്ങനെയെങ്കിൽ നിളേച്ചിയെ ദാ ഇവനെക്കൊണ്ട് കെട്ടിച്ച് വീട്ടിൽ നിർത്ത്… പുറത്തുകൊടുക്കണ്ട… അവൾക്കും നിങ്ങളെ രണ്ടുപേരേം ജീവനാ…”
അപ്പുവിനെ ഇടങ്കണ്ണ് കൊണ്ട് നോക്കിയിട്ട് ചന്തു പറഞ്ഞു
അപ്പുവതിന് ചിരിച്ചുകൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു
അതുകണ്ട ശോഭയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,
അന്ന് വൈകിട്ട് വർക്ഷോപ്പിന് മുന്നിൽ ഫോണിൽ ആരോടോ സാംസാരിച്ചുനിൽക്കുകയായിരുന്നു അപ്പു, ചന്തുവിനെക്കാണാൻ വന്നതായിരുന്നു അവൻ, കവലയിൽ ബസ്സിറങ്ങി വരുന്ന നന്ദനയെക്കണ്ട് അവന്റെ ചുണ്ടിലൊരു ചിരി വിടർന്നു, അതേ സമയം തന്നെ നന്ദനയും അവനെ കണ്ടിരുന്നു,
അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും അത് മറച്ചു വച്ച് അവൾ മുന്നോട്ട് നടന്നു, എങ്കിലും ഇടക്കിടക്ക് അവളവനെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു അതുകണ്ട് അപ്പുവോന്ന് അവളെ നോക്കി കണ്ണടച്ചുകാണിച്ചു,
“എന്താടാ… ഒരു കള്ളച്ചിരി…?”
അവിടേക്ക് വന്ന ചന്തു ചോദിച്ചു
“ഏയ്… ഒന്നൂല്ലടാ…”
അപ്പു ചിരിച്ചുകൊണ്ട് പറഞ്ഞു
“അതാ ചിട്ടി പ്രസാദിന്റെ മോളല്ലേ…? ഇപ്പോഴും നീയത് വിട്ടില്ലേ…?”
നന്ദനയെ നോക്കികൊണ്ട് ചന്തു സംശയത്തോടെ അപ്പുവിനോട് ചോദിച്ചു