“ഇപ്പൊ ഞാൻ പറഞ്ഞതാ കുറ്റം, ചെക്കൻ നേരത്തേക്കാളും നല്ല ഗ്ലാമർ ആയിട്ടുണ്ട്, ഇവിടെ ഓരോരുത്തര് ചോദിക്കുന്നുണ്ട് അവനെപ്പറ്റി…”
അവൾ പറഞ്ഞതുകേട്ട് നിള ഒന്ന് ഞെട്ടി,
“ആര്…? ആര് ചോദിച്ചു…?”
അവൾ വേവലാതിയോടെ ചോദിച്ചു,
“ആ സ്വാതി ടീച്ചർ പറയുന്ന കേട്ടു… കല്യാണം കഴിഞ്ഞതാണോ… ഇപ്പൊ ആലോചന നോക്കുന്നുണ്ടോ എന്നൊക്കെ…”
“അവൾക്ക് അല്ലേലും ഇത്തിരി ഇളക്കം കൂടുതലാ… ഞാനത് തീർത്തു കൊടുക്കുന്നുണ്ട്…”
നിള കുറുമ്പോടെ പറയുന്നത് പുഞ്ചിരിയോടെ കവിത നോക്കി ഇരുന്നു
“അതാ ഞാൻ പറയുന്നത്… മനസ്സിൽ വച്ചോണ്ടിരിക്കാതെ പറയാനുള്ളത് അവനോട് പറ… ചെക്കൻ കൈവിട്ടു പോയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല…”
“ചുമ്മാ പേടിപ്പിക്കാതെടി… ഞാനെന്തായാലും അവനെ അറിയിക്കും,, അടുത്ത ശനിയാഴ്ച അവന്റെ പിറന്നാളാ… അന്ന് ക്ഷേത്രത്തിൽ കണ്ണന്റെ മുന്നിൽ വച്ച് പറയും…”
നിള അത് പറയുമ്പോൾ അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നിരുന്നു,
“ചുവന്നല്ലോ പെണ്ണ്…”
കവിത അവളെ കളിയാക്കി പറഞ്ഞു,
അതുകേട്ട് അവൾ ചിരിച്ചുകൊണ്ട് മുഖം താഴ്ത്തി,
••❀••
ഒരു ദിവസം രാത്രി അപ്പു ബിസിനസ് മെയിൽ എല്ലാം ചെക്ക് ചെയ്ത് റിപ്ലൈ അയക്കേണ്ടവർക്ക് അയച്ചുകഴിഞ്ഞ് മൊബൈൽ എടുത്ത് കട്ടിലിൽ ചാരി ഇരുന്നു,
ഒരു അൺനോൺ നമ്പറിൽ നിന്നും ഒരു ഹായ് വന്ന് കിടന്നിരുന്നു, അപ്പു ഡിപി നോക്കി, അവന്റെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു,
“നന്ദന…”
അവന്റെ ചുണ്ടുകൾ ഉരുവിട്ടു
അവനതിന് തിരികെ ഒരു മറുപടി കൊടുത്തു
അപ്പോൾത്തന്നെ നന്ദന ഓൺലൈനിൽ വന്നു
“മനസ്സിലായോ…?”
അവളുടെ മെസ്സേജ് വന്നു
“മ്… തനിക്കെന്റെ നമ്പർ എങ്ങനെകിട്ടി…?”
“കമ്പ്യൂട്ടർ യുഗമല്ലേ… ഒരാൾക്ക് ഒരാളുടെ ജാതകം വരെ ഒപ്പിക്കാം പിന്നാണോ ഒരു മൊബൈൽ നമ്പർ…”
“😳”
അവർ പരസപരം ഒരുപാട് സമയം ചാറ്റ് ചെയ്തുകൊണ്ടിരുന്നു, അതിനിടയിൽ അവർക്കിടയിൽ ഉണ്ടായിരുന്ന മറ പതിയെ തകർന്ന് വീണിരുന്നു,
പിറ്റേന്ന് നിളയെ സ്കൂളിൽ വിട്ടിട്ട് കോളേജിനെതിരെയുള്ള ബേക്കറിയിൽ കയറി കോളേജ് ബസ്സ്റ്റോപ്പിലേക്ക് നോക്കിയിരുന്നു
നന്ദന ബസ്സിറങ്ങി അപ്പുവിന്റെ കാർ കണ്ട് ചുറ്റും നോക്കി, അവനെ അവിടെയൊന്നും കാണാതായപ്പോൾ റോഡ് മുറിച്ചുകടന്ന് കാറിനടുത്തേക്ക് വന്നു, പിന്നീട് കാറിനകത്തെക്കും അതിനു ചുറ്റുമൊക്കെ ചാഞ്ഞും ചരിഞ്ഞുമൊക്കെ നോക്കി,