അന്നും നിറക്കണ്ണുകളോടെ അമ്മയിൽനിന്നും രക്ഷിച്ച് തന്നെ ചേർത്തുപിടിച്ചു നിളേച്ചി…
നിള… അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ മകൾ, എന്റമ്മയുടെ പ്രീയപ്പെട്ട നിളമോള്… എന്റെ സ്കൂളിലെ മലയാളം മാഷ് അശോകൻ മാഷിന്റെ മകൾ, നിളയേച്ചി… പിന്നീട് അത് ലോപിച്ച് നിയേച്ചിയായി പിന്നീട് അത് വീണ്ടും ലോപിച്ച് നിച്ചിയായി, എന്റെ നിച്ചി, എനിക്ക് ഏറ്റവും സ്നേഹം കൂടുമ്പോ അവളെ വിളിക്കുന്ന പേര്, അവൾക്ക് വലിയ ഇഷ്ടമാണ് ഞാനങ്ങനെ വിളിക്കുന്നത് നിച്ചീന്ന് വിളിക്കുമ്പോ ആ മുഖം ചുവന്ന് തെളിഞ്ഞു വരും, പക്ഷേ ഞാൻ എനിക്ക് തോന്നുമ്പോഴേ അങ്ങനെ വിളിക്കൂ…. എങ്കിലും അവളെനിക്ക് എന്റെ പ്രീയപ്പെട്ട ചേച്ചിപ്പെണ്ണ് ആണ്,
കുട്ടിക്കാലത്ത് അമ്പലക്കുളത്തിൽനിന്നും പൊട്ടിച്ചുകൊടുത്ത താമര മൊട്ടുകൾക്ക് പകരം, ചുറ്റും ആരെങ്കിലും കാണുന്നുണ്ടോയെന്ന് നോക്കി എന്റെ കവിളിൽ മുത്തം തരുമായിരുന്നു,
നിളേച്ചിക്കെന്ത് കിട്ടിയാലും ഇതെന്റെ അപ്പൂട്ടനെന്ന് പറഞ്ഞു എനിക്ക് നേരെ നീട്ടും…
നിളേച്ചിയുടെ കൂടെ എപ്പോഴും വിരൽത്തുമ്പിൽ പിടിച്ചു ഞാനുണ്ടാകും,
അമ്പലത്തിൽ ഉത്സവത്തിനും മറ്റും പോകുമ്പോൾ തിരക്കിനിടയിൽ
‘ന്റെ കൈ വിട്ടുപോകല്ലേ അപ്പൂട്ടാ…’,
എന്ന് പറഞ്ഞ് കൈപിടിച്ചു കൂടെ ചേർത്ത് നിർത്തും
രാത്രി ഉത്സവപ്പറമ്പിൽ നാടകം കാണുമ്പോൾ ഉറക്കം തൂങ്ങുന്ന തന്നെ കാലുകൾ നീട്ടി മടിയിൽ കിടത്തിയുറക്കും നിളേച്ചി, ആ തുടകളുടെ ചൂടും ആ അരപ്പാവാടയുടെ മണവും ഇന്നുമെനിക്കോർമ്മയുണ്ട്…
സ്കൂളിൽ പോയിതുടങ്ങിയപ്പോ തന്നെയും ചേർത്തുപിടിച്ചു പാടവരമ്പിലൂടെ ഓരോരോ വിശേഷങ്ങളും പറഞ്ഞ് നടക്കും
“അപ്പൂട്ടൻ പേടിക്കണ്ടാട്ടൊ… ഏച്ചി… തൊട്ടടുത്ത ക്ലാസ്സിലുണ്ട്…”
സ്കൂളിൽ ആദ്യ നാളുകളിൽ പേടിച്ച് നിളേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട്നിൽക്കുന്ന തന്നെ ആശ്വസിപ്പിക്കുന്നത് ഇന്നും ഓർമയുണ്ട്
ഓണാക്കോടിയെടുക്കുമ്പോൾ പോലും എനിക്കും അപ്പൂട്ടനും ഒരേ നിറം എടുത്താൽ മതീന്ന് പറഞ്ഞ് അച്ഛനെക്കൊണ്ടും മാഷിനെക്കൊണ്ടും സമ്മതിപ്പിക്കും
എനിക്കെന്റെ ചേച്ചിയെപ്പോലെ ഇഷ്ടമാണ് നിളേച്ചിയെ…
മുതിർന്നപ്പോൾ പോലും എന്നെ അകറ്റി നിർത്തിയിട്ടില്ല നിളേച്ചി….
നിളേച്ചി ബി എഡിന് പഠിക്കുന്ന സമയത്ത് എന്നും കോളേജിൽ നിന്നും തിരികെവരുമ്പോൾ ബസ്സിറങ്ങി വർക്ഷോപ്പിലേക്ക് ഒന്ന് നോക്കും, അടുത്തുള്ള ചായക്കടയിൽ നിന്നും മൊരിഞ്ഞ പരിപ്പുവടയും ഉള്ളിവടയും വാങ്ങി വയ്ക്കും ഞാൻ, അത് കയ്യിലേക്ക് കൊടുക്കുമ്പോൾ എന്നെ നോക്കി ഒരു പാൽപുഞ്ചിരി പൊഴിക്കും, ചിലപ്പോ വിയർത്തു നിൽക്കുന്ന എന്നെ വിഷമത്തോടെ നോക്കും, സാരിത്തുമ്പ് കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പും, പിന്നീട് പതിയെ നടന്ന് പോകും,