അവൾ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞതും നെറ്റി ചുളിച്ച് അവളെ നോക്കി നിൽക്കുന്ന അപ്പുവിനെക്കണ്ട് അവളൊന്ന് പതറി
“ആരായിരുന്നു ഫോണിൽ…? എന്താ പ്രശ്നം…?”
നെറ്റി ചുളിച്ച് സംശയത്തോടെ അപ്പു ചോദിച്ചു
അവളൊന്ന് പതറി
“അത്… അനന്തു… ഞാൻ…”
അവൾ നിന്ന് വിക്കി
അപ്പു മാറിൽ കൈ പിണച്ച് അവളെ തന്നെ നോക്കി നിന്നു.
അവളെന്തോ ഒളിക്കുന്നത് പോലെ അപ്പുവിന് തോന്നി, അവൻ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ,
നന്ദന ഒരു നിമിഷം ഒന്ന് പതറിയെങ്കിലും പെട്ടെന്ന് തന്നെ അവൾ അപ്പുവിനെ ഇറുകെ കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു,
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അപ്പു ഒരു നിമിഷം നിന്നു, പിന്നീട് അവളുടെ പുറത്ത് പതിയെ തലോടി, അപ്പോൾ നന്ദനയുടെ ചുണ്ടിൽ ഒരു ഗൂഢമായ പുഞ്ചിരി വിരിഞ്ഞു
“എന്താ നന്ദൂട്ടി…? എന്താ കാര്യം…? ആരാ വിളിച്ചത്…?”
അവൻ അവളോട് ചോദിച്ചു
“പറയാം… എല്ലാം പറയാം…”
നന്ദന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി,
“വിവേക്… എന്റെ അച്ഛന്റെ കൂട്ടുകാരന്റെ മകനാണ്… അച്ഛൻ ബിസിനസിന്റെ ആവശ്യത്തിനായി വിവേകിന്റെ അച്ഛന്റെ കയ്യിൽ നിന്നും പണം കടം വാങ്ങിയിരുന്നു, അതിപ്പോ വലിയൊരു തുകയായി, അത് തിരികെ കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വിവേകിന്റെ അച്ഛൻ മുന്നോട്ട് വച്ച ആശയമായിരുന്നു എന്റേം വിവേകിന്റേം വിവാഹം, അച്ഛന് വേറെ വഴിയില്ലാതെ അത് സമ്മതിച്ചു, പക്ഷേ എനിക്കിഷ്ടമല്ല അവനെ, കള്ളും കഞ്ചാവും പെണ്ണുമായി നടക്കുന്ന ഒരു വൃത്തികെട്ടവനാ അവൻ, എനിക്ക് അവനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് പറഞ്ഞതിന് അവന്റെ ശല്യം കൂടി വരുകയാണ്, ഞാനീ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ എന്റച്ഛനെ ജയിലിലാക്കും എന്നാണ് പറയുന്നത്, മാത്രമല്ല ഞങ്ങൾക്ക് ഉള്ളതെല്ലാം പോകും, പൊയ്ക്കോട്ടേ എല്ലാം പൊയ്ക്കോട്ടേ പക്ഷേ എന്റച്ഛൻ…”
അവൾ വിതുമ്പി കൊണ്ട് പറഞ്ഞു, അല്പം കഴിഞ്ഞ് അവൾ ഒളികണ്ണാൽ അവനെ നോക്കി, എന്തോ ആലോചിച്ചുകൊണ്ട് നിൽക്കുന്ന അപ്പുവിനെ കണ്ടപ്പോൾ തന്റെ കഥ അവൻ വിശ്വസിച്ചപോലെ തോന്നി, അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു
“അനന്തൂന് ഞങ്ങളെ സഹായിക്കാൻ പറ്റോ…? ഒരു കടമായിട്ട് മതി, എന്റച്ഛൻ തിരികെത്തരും…”