അങ്ങനെ ഞാൻ പ്രവാസിയായി,
ഒന്നരവർഷത്തോളം കഷ്ടപ്പെട്ടു, കുബ്ബൂസിന്റെ പച്ചയിലായിരുന്നു ജീവിതം…
ഗതികെട്ട് തിരികെപോരാൻ കൊതിച്ചപ്പോഴും ബന്ധുക്കളോടും പരിചയക്കാരോടുമെല്ലാം മകൻ മണലാരണ്യത്തിൽ പണം കായ്ക്കുന്ന മരം നട്ടുവളർത്തുന്ന കഥപറഞ്ഞഭിമാനം കൊള്ളുന്ന അമ്മയെ ഓർക്കും, അത് മാത്രമായിരുന്നു മുന്നിലേക്ക് പോകാനുള്ള ഊർജ്ജം.
കഷ്ടപ്പാടിനോടുവിൽ കാരുണ്യവാനായ ആ മഹാപ്രവാചകൻ ഒരു രക്ഷകനെ എന്റെ മുന്നിലെത്തിച്ചു…
നല്ലവനായ ഒരു മനുഷ്യൻ…
തന്റെ അറബാബ്… തന്റെ ദൈവം…
ഒരു മനുഷ്യജീവിപോലുമില്ലാത്ത മണലാരണ്യത്തിന് നടുവിൽ കേടായ കാറിൽ തന്റെ കുടുംബത്തോടൊപ്പം എന്തെന്നറിയാതെ നിന്ന അദ്ദേഹത്തിനരികിലേക്ക് ഞാനെത്തിപ്പെട്ടു…
ആ കാർ നന്നാക്കുന്നതിനിടയിൽ അദ്ദേഹമെന്നോട് ഒരുപാട് സംസാരിച്ചു, ഞാനും…
എന്റെ അവസ്ഥകണ്ടിട്ടോ കാർ നന്നാക്കികൊടുത്തിനുള്ള പ്രത്യുപകാരമെന്നവണമോ അദ്ദേഹം ഒരു ജോലി വച്ചു നീട്ടി,
രണ്ടിലൊന്നാലോചിക്കാതെ സമ്മതമറിയിച്ചു…
അദ്ദേഹത്തിന്റെ ചിലവിൽ തന്നെ പുതിയ ജോലിയിൽ പ്രവേശിച്ചു, അദ്ദേഹത്തിന്റെ ഹൌസ് ഡ്രൈവർ… സ്നേഹവും കരുണയുമുള്ള ഒരു കുടുംബം
വൈകാതെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശ്വസ്തനായി ഞാൻ മാറി… അവിടത്തെ തീന്മേശയിൽ പോലും എനിക്ക് സ്ഥാനം ലഭിച്ചു…
അറബാബിന്റെ നിഴലുപോലെ ഞാൻ നടന്നു, അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനായി…
അദ്ദേഹത്തിൽനിന്നും ബിസ്സിനെസ്സിന്റെ പാഠങ്ങൾ ഞാൻ പഠിച്ചു…
എന്നെ അദ്ദേഹം ആ ബിസ്സിനെസ്സ് സാമ്രാജ്യത്തിന്റെ ഉയരത്തിലെത്തിച്ചു…
കഷ്ടപ്പാടിന്റെ കാലം മറന്നു, ചുരുങ്ങിയ നാളുകൾക്കൊണ്ട് തന്നെ എന്റെ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി മാറി…
പണ്ട് തള്ളിപ്പറഞ്ഞവരൊക്കെ തന്നെക്കുറിച്ചാഭിമാനിക്കാൻ തുടങ്ങി,
പലരും എന്റെ ഇപ്പോഴത്തെ അവസ്ഥകണ്ട് സഹായമാഭ്യർത്ഥിച്ചു അമ്മയെ കാണാൻ വന്നു തുടങ്ങി, എന്നെ തള്ളിപ്പറഞ്ഞ ബന്ധുക്കളെല്ലാം പതിയെ പിണക്കം മാറ്റി പറ്റിക്കൂടി… എന്റെ അമ്മ എല്ലാവരുടെയും മുന്നിൽ തലയുയർത്തി നിൽക്കുന്നതിൽപരം സന്തോഷം എനിക്ക് വേറൊന്നുമുണ്ടായില്ല, ആരെയും ഞാൻ പിണക്കിയയച്ചില്ല…
ചിലപ്പോൾ എന്റച്ഛനെപ്പോലെ ആയതുകൊണ്ടാകാം എല്ലാർക്കും വാരിക്കോരി കൊടുത്തു,
ഇപ്പൊ നാട്ടിൽ ഒരുപാട് സ്ഥലങ്ങളും ഒക്കെയായി… എത്രയെടുത്താലും തീരാത്ത സമ്പാദ്യമായി…
എത്ര തിരക്കാണെങ്കിലും എന്നും ഞാൻ അമ്മയെ വിളിക്കും സുഖവിവരങ്ങൾ ചോദിച്ചറിയും അമ്മയൊന്നും ആവശ്യപ്പെട്ടിട്ടില്ലെങ്കിലും അമ്മയ്ക്ക് ഒരു കുറവുമുണ്ടാകാതെയിരിക്കാൻ ശ്രദ്ധിച്ചിരുന്നു, രാത്രി അടുത്തവീട്ടിലെ സ്ത്രീ കൂട്ടുകിടക്കാൻ എത്തിയിരുന്നു,
പകൽ മിക്കപ്പോഴും നിളേച്ചി ഉണ്ടാകും അവിടെ, അവധി ദിവസങ്ങളിലും മറ്റും അവിടെയുണ്ടാകും, അമ്മക്കിപ്പോ നിളമോളെക്കുറിച്ചു പറയുമ്പോ നൂറ് നാവാണ് അല്ലേലും നിളമോളെന്നാൽ പണ്ടേ അമ്മയുടെ ജീവനാണ്…