ഇന്ന് ഞാൻ വലിയൊരു ബിസ്സിനെസ്സ് ഗ്രൂപ്പിന്റെ തലപ്പത്താണ്… കൃഷ്ണന്റെയും ശോഭയുടെയും മകൻ “അനന്തകൃഷ്ണൻ…” എന്ന അപ്പു… നിളേച്ചീടെ… അല്ല… എന്റെ നിച്ചീടെ അപ്പൂട്ടൻ…
വർഷങ്ങൾക്ക് ശേഷം ഇന്നാണ് നാട്ടിലെത്തുന്നത് തന്റെ പ്രീയപ്പെട്ടവരെ കാണാൻ
വീടിലെക്കടുക്കുമ്പോൾ വേഗത കുറയുന്ന കാറിലിരുന്ന് മുന്നിലേക്ക് നോക്കി, തന്റെ തറവാട്… താൻ പോകുമ്പോ ദാരിദ്ര്യത്തിന്റെ പ്രതീകം പോലെയിരുന്ന തറവാട് ഇപ്പൊ പഴമ നിലനിർത്തി പുതുക്കി പണിഞ്ഞു, സമൃധിയുടെ പ്രതീകം പോലെ
ഉമ്മറത്തു എല്ലാവരുമുണ്ട്… അമ്മയും ബന്ധുക്കളും അയൽക്കാരും അങ്ങനെയെല്ലാരും
കാറിൽ നിന്നിറങ്ങിയ തന്നെ എല്ലാരും പൊതിഞ്ഞു
“എന്താ… അപ്പു നീ കറുത്തുപോയല്ലോ…”
“എന്താ അപ്പു ഭക്ഷണമൊന്നും കഴിക്കാറില്ലേ…?”
“സുഖോല്ലേ അപ്പു മോനെ…??”
ബന്ധുക്കളുടെ ഭാഗത്തുനിന്നും ക്‌ളീഷേ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി കൊടുത്തു
അയൽക്കാരും പരിചയക്കാരും ഏതോ അന്യഗ്രഹ ജീവിയെ നോക്കുന്നപോലെ നോക്കുന്നു
എല്ലാരോടും കുശലം ചോദിച്ചു നിൽക്കുമ്പോളും കാണാൻ മോഹിച്ച മുഖങ്ങൾ തിരയുകയായിരുന്നു ഞാൻ
കൂട്ടത്തിനിടയിൽനിന്നും തിക്കിതിരക്കി അമ്മ നിറകണ്ണാലേ ഓടി വന്നു
രണ്ട് കൈകളുമുയർത്തി എന്റെ കവിളിൽ ചേർത്തുപിടിച്ചു
“എത്രകാലായി എന്റെ പൊന്നുമോനെ അമ്മ നിന്നെ കണ്ണുനിറയെ ഒന്ന് കണ്ടിട്ട്…”
അമ്മ ചോദിച്ചതും കരഞ്ഞുപോയി
“അയ്യേ… എന്തായിത് ശോഭകുട്ടി… കരയുന്നോ… എന്റെ ശോഭകുട്ടിക്ക് കണ്ണ് നിറയെ കാണാനല്ലേ ഞാനോടി വന്നത്…”
അമ്മയെ ചേർത്തുപിടിച്ചുകൊണ്ട് നെറുകയിൽ മുത്തിക്കൊണ്ട് പറഞ്ഞു…
പിന്നെയും കണ്ണുകൾ കാണാൻ കൊതിച്ച മറ്റൊരു മുഖത്തിനായി തിരഞ്ഞു
കണ്ടു… ഉമ്മറത്തെ തൂണിന്റെ മറവിലായി പുഞ്ചിരിയോടെ തന്നെ നോക്കുന്ന ഭംഗിയുള്ള കണ്ണുകളെ…
എന്റെ മുഖത്തും പുഞ്ചിരി വിരിഞ്ഞു. എന്റെ ചുണ്ടുകൾ അറിയാതെ ഉരുവിട്ടു
“എന്റെ നിച്ചി…”
വീടിനുള്ളിലേക്ക് വന്ന് വിശേഷം പറച്ചിലും മറ്റും കഴിഞ്ഞ് പറമ്പിലെ കുളത്തിലൊന്ന് മുങ്ങാൻ ആശ തോന്നി, പതിയെ കുളത്തിലേക്ക് നടന്നു
കുളത്തിലേക്ക് നോക്കി നല്ല തെളിഞ്ഞ വെള്ളം, ഏറ്റവും താഴത്തെ പടിയിൽ ചെന്നിരുന്ന് കാലുകൾ വെള്ളത്തിലേക്കിട്ടിരുന്നു,
നല്ല സുഖമുള്ള തണുപ്പ്
“അപ്പൂട്ടാ…”
പിറകിൽ നിളേച്ചിയുടെ ശബ്ദം, കൂടെ പാദസരത്തിന്റെ ഒച്ച
ചുവന്ന ചുരിദാറും കറുത്ത ലെഗ്ഗിൻസുമിട്ട് അവൾ പടിയിറങ്ങി വന്നു
പാദസരത്തിന്റെ കിലുക്കം അവിടെല്ലാം നിറഞ്ഞു