“തോർത്തും സോപ്പുമെടുക്കാതെയാണോടാ കുളത്തിൽ മുങ്ങാൻ വന്നേ…?”
കപട ദേഷ്യത്തോടെ ചോദിച്ചു
മുത്തുകിലുങ്ങുംപോലുള്ള ശബ്ദം, എന്ത് രസമാണെന്നോ അവളുടെ ചിരി കേൾക്കാൻ…
“സുഖമാണോ ചേച്ചിപ്പെണ്ണേ…?”
അവളുടെ മുഖത്തെ സൗന്ദര്യം പതിന്മടങ്ങാക്കുന്ന വെള്ളക്കൽ മൂക്കുത്തിയിൽ നോക്കി ചോദിച്ചു
“അതെന്താ നിനക്കിപ്പോഴൊരു പുതിയ ചോദ്യം… നീ ഇന്നലേംകൂടി എന്നോട് സംസാരിച്ചതല്ലേ…”
കണ്ണ് കൂർപ്പിച്ചുകൊണ്ട് ചോദിച്ചു
അവളാ പടിക്കെട്ടിൽ ഇരുന്നു
“അല്ല അമ്മേടെ പ്രീയപ്പെട്ട നിളേമോളല്ലേ… അപ്പൊ ഒന്ന് നേരിൽ കണ്ട് സുഖവിവരം അന്വേഷിക്കാമെന്ന് കരുതി… ഞാൻപോലുമിപ്പോ രണ്ടാം സ്ഥാനത്താ…”
പരിഭവത്തോടെ അവളോട് പറഞ്ഞു
“അയ്യടാ… കുശുമ്പ് കണ്ടില്ലേ ചെക്കന്റെ… എന്റെ അമ്മ തന്നയാ… നിന്നെക്കാൾ മൂത്തതാ ഞാൻ… അപ്പൊ ഞാനാ ഒന്നാംസ്ഥാനത്…”
അവളൊരു ചിരിയോടെ പറഞ്ഞു
“എത്ര കാലം മോളെ… നിന്റെ കല്യാണം ഉടനെ ഞാൻ നടത്തും… പിന്നെ നീ വല്ലപ്പോഴുമൊക്കെയല്ലേ അമ്മയെ കാണാൻ വരൂ… അപ്പൊ ഞാൻ ഒന്നാം സ്ഥാനം അടിച്ചെടുക്കും നോക്കിക്കോ…”
ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു
അവളുടെ മുഖം തെല്ലൊന്ന് വാടി
“ആ… നീയും കൂടെ തുടങ്ങിക്കോ… വീട്ടിൽ അച്ഛന്റെ തൊല്ല സഹിക്കാൻ വയ്യ… ഇപ്പൊ പഠിപ്പിക്കുന്ന മാനേജ്മെന്റ് സ്കൂളിൽ നിന്നും മാറി ഞാനേതായാലും സർക്കാർ സ്കൂളിൽ ടീച്ചറായി കേറിയിട്ടേ കല്യാണം കഴിക്കുന്നുള്ളു…”
“ശ്ശേ… കളഞ്ഞു… നിന്നെ കെട്ടിച്ചയക്കണമെന്ന് കരുതിയാ ഞാൻ വന്നേ… നിളേച്ചീടെ ചെറുക്കനെ കാല് കഴുകി മണ്ഡപത്തിലിരുത്താൻ കൊതിച്ചിരിക്കുന്നവനാ ഞാൻ… അന്ന് വേണം ഒന്ന് ഷൈൻ ചെയ്യാൻ…നീയത് കൊളമാക്കരുത് പ്ലീച്ച്…”
ഞാൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു
അവളതിന് പുച്ഛിച്ചു ചിരിച്ചു
“നീ ചിരിക്കൊന്നുമേണ്ട… ഇനീം കെട്ടാതിരുന്നാ അവസാനം വല്ല കിളവൻമാരെയേ കിട്ടു പറഞ്ഞേക്കാം…. “
“എന്നാപ്പിന്നെ എന്നെ നീ തന്നെയങ്ങ് കെട്ടിക്കോ… അപ്പൊ തീർന്നില്ലേ പ്രശ്നം…”
അവൾ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു
“അയ്യേ… വിശപ്പുണ്ടെന്നുപറഞ്ഞു അറിഞ്ഞുകൊണ്ട് ആരേലും പാഷാണം തിന്നോ മോളെ…?”
അപ്പു കളിയാക്കിക്കൊണ്ട് ചോദിച്ചു
“പാഷാണം നിന്റെ കെട്ടിയോൾ… പോടാ…”
മുഖം കൂർപ്പിച്ചുകൊണ്ട് അവൾ ചാടിത്തുള്ളി പുറത്തേക്ക് നടന്നു
🪶
കുളികഴിഞ്ഞു വീട്ടിലെത്തി വീട്ടിലുണ്ടായിരുന്ന ചെറിയച്ഛന്മാരെയും മാമന്മാരെയും എല്ലാവരെയും വിളിച്ച് പെട്ടി പൊട്ടിച്ച് അവർക്കായി കൊണ്ടുവന്നതെല്ലാം എടുത്തു നൽകി,