അവിടെ ഷോപ്പിംഗിന് പോകും മുന്നേ നിളയും ശോഭയും കൂടി ആർക്കൊക്കെ എന്തൊക്കെ കൊണ്ട് വരണമെന്ന് ഒരഐഡിയ കൊടുത്തതിനാൽ സമ്മാനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടിയില്ല,
വിലകൂടിയ വാച്ചുകളും വിലകൂടിയ സമ്മാനങ്ങളുമൊക്കെ കിട്ടിയപ്പോൾത്തന്നെ എല്ലാവർക്കും വലിയ സന്തോഷമായിരുന്നു
ഒരുകുപ്പി ബ്ലൂ ലേബൽ സ്കോച്ച് ചെറിയച്ഛന്മാർക്കും മാമന്മാർക്കും കൊടുത്തപ്പോൾ അവർക്ക് ഡബിൾ സന്തോഷം, അപ്പൊത്തന്നെ അവർ അതുമായി പറമ്പിലേക്ക് പോവുകയും ചെയ്തു,
ചെറിയമ്മമാരും അമ്മായിമാരും പിന്നേയും അടുത്തുതന്നെ ചുറ്റിക്കറങ്ങി നിന്നു, ബാക്കിയുണ്ടായിരുന്ന പെട്ടിത്തുറന്ന് ഒരു ജ്വല്ലറി ബോക്സ് കയ്യിലെടുത്തു അത് അമ്മക്കുനേരെ നീട്ടി,
“ഇതെന്റെ ശോഭക്കുട്ടിക്ക്…. “
ഒരു കുസൃതിചിരിയോടെ പറഞ്ഞു
എല്ലാരും ആകാംഷയോടെ ബോക്സ് തുറന്നു
നല്ല വലിപ്പത്തിലുള്ള ഒരു ഗോൾഡ് ചെയിനും രണ്ട് ചുവന്ന കല്ലുപതിപ്പിച്ച വളകളും
ശോഭ സന്തോഷത്തോടെ അവനെ നോക്കി
“എനിക്ക് എന്തിനാടാ വയസുകാലത്തു ഇതെല്ലാം…”
“ഇപ്പൊ പണ്ടത്തെ ശോഭയല്ല… അമ്മയ്ക്ക് അഭിമാനത്തോടെ പറയാവുന്ന അനന്തകൃഷ്ണന്റെ അമ്മയാ… അപ്പൊ ഇത്തിരി ഗമയൊക്കെ കാണിക്കാം…”
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു
അതിന് ശോഭയോന്ന് ചിരിച്ചു
“അതാർക്കാ അപ്പു…”
മറ്റൊരു വലിയ ജ്വല്ലറി ബോക്സ് ചൂണ്ടി ഹേമ അമ്മായി ചോദിച്ചു
“അത് സസ്പെൻസ്… ഞാനിത് എന്റമ്മയ്ക്ക് കൊടുക്കും… ഇപ്പൊത്തന്നെ അമ്മയ്ക്ക് ഇവിടുള്ള ആർക്കുവേണേലും കൊടുക്കാം…”
ജ്വല്ലറി ബോക്സ് എടുത്ത് ശോഭക്കുനേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു
ശോഭയത് വാങ്ങി തുറന്നു ഒരു ഡയമണ്ട് സെറ്റ് ആയിരുന്നു അത്, അതിന്റെ വെട്ടമടിച്ച് എല്ലാവരുടെയും മുഖം തിളങ്ങി
ഒരു നെക്‌ളേസ്, ഒരുജോഡി കമ്മൽ, രണ്ട് വള ഇതടങ്ങുന്ന ഒരു സെറ്റ്
“ഇത് നല്ല വിലകൂടിയതാണല്ലോ അപ്പു മോനെ…”
ഉഷ ചെറിയമ്മ അതിൽ നോക്കി ആശ്ചര്യപ്പെട്ടു
“വിലകൂടിയതാണെങ്കിൽ എനിക്കറിയാം അവനാർക്കാ ഇത് കൊണ്ട് വന്നതെന്ന്…”
ശോഭ ചിരിച്ചുകൊണ്ട് അപ്പുവിനെ നോക്കി പറഞ്ഞു
അപ്പു പുഞ്ചിരിച്ചുകൊണ്ടിരുന്നു
“നിളമോളെ…”
ശോഭ പുറകിലേക്ക് നോക്കി വിളിച്ചു
നിള അപ്പോഴേക്കും അവിടേക്ക് വന്നു, ശോഭ അവളെ അരികിലേക്ക് നിർത്തി
“മോളെ… ഇത് നോക്കിയേ… നിനക്കിതിഷ്ടപ്പെട്ടോ…? അപ്പു നിനക്കായി കൊണ്ട് വന്നതാ…”
ശോഭ ആ സെറ്റ് അവളുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു
നിള അതിലേക്കും അപ്പുവിന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ മാറി മാറി നോക്കി