“ആറു കിലോമീറ്റർ ഒക്കെ സൈക്കിളിൽ പോകാവുന്നതേ ഉള്ളു. ഒരു സഞ്ചിയും അല്പം കയറും കൂടെ എടുത്തോ. ആവശ്യം വരും.” ഞാൻ പറഞ്ഞു. കുഞ്ഞ എന്നെ നോക്കി കണ്ണുകാട്ടി ചോദിച്ചു കുഴപ്പമില്ലല്ലോ എന്ന ഭാവത്തിൽ. ഞാൻ ഒരു പ്രശ്നവും ഇല്ല എന്ന മാതിരി കണ്ണ് കാണിച്ചു.
കഴിച്ചു കഴിഞ്ഞു ആൻസി വന്നു. ഫുൾ പാവാടയും, ഷർട്ടും ഒരു തൊപ്പിയും ഒക്കെ വച്ച് കൈയ്യിൽ ഒരു സഞ്ചി മടക്കി കയറു കൊണ്ട് ചുറ്റി കെട്ടി അവളുടെ സൈക്കിളിൻ്റെ മുന്നിലുള്ള ക്യാരിയറിൽ വച്ച്. “പോവാം?” അവൾ എന്നോട് ചോദിച്ചു. ഞാൻ ഒന്നും മടിച്ചില്ല. മുണ്ടു മടക്കി കുത്തി സൈക്കിളിൽ കയറി. “കുഞ്ഞേ ഞങ്ങൾ പോയിട്ട് വരാട്ടോ.” അതും പറഞ്ഞു കൊണ്ട് ഞങ്ങൾ ഇറങ്ങി.
ഒരുപാട് മരങ്ങൾ നിറഞ്ഞ വഴി ആയതു കൊണ്ടും രാവിലെ അല്പം നേരത്തെ ആയതു കൊണ്ടും അല്പം തണുപ്പുണ്ടായിരുന്നു. ചെറിയ വഴിയാണേലും ടാറിട്ടതായതിനാൽ ആ വഴി അധികം കുണ്ടും കുഴിയുമൊന്നുമില്ലായിരുന്നു. അധികം വണ്ടികൾ ഓടാത്തതുകൊണ്ടും ആവാം. ഞങ്ങൾ സാവകാശം സംസാരിച്ചു കൊണ്ട് സൈക്കിൾ ചവിട്ടി പോയി. കുടിക്കാനൊരു കുപ്പി വെള്ളം ഞാൻ കരുതിയിരുന്നു. ആദ്യമായി പോകുന്നതല്ല. മരത്തിൽ വല്ലോം കയറേണ്ടി വന്നാലോ.
ഒരുപാട് പോയതിനു ശേഷം ടാറിട്ട റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞു വീണ്ടും അല്പം കൂടി ഉള്ളിലേക്ക് പോവേണ്ടി വന്നു. എല്ലാടത്തും ചീവീടിൻ്റെ ശബ്ദം മാത്രമേ കേൾക്കാനുള്ളു. എനിക്കതൊക്കെ ഒത്തിരി ഇഷ്ടമായിരുന്നു. ആ ഭാഗത്തു വീടുകൾ കുറെ അകലങ്ങൾ പാലിച്ചാണ്. വലിയ പറമ്പുകൾ ഇടയ്ക്കുണ്ട്. അതൊക്ക തന്നെയാവും അവിടുന്ന് മാറാൻ കാരണം. പെട്ടെന്നൊരാവശ്യം വന്നാൽ അടുത്താരും ഉണ്ടാവില്ല. ആണുങ്ങളും ഇല്ലല്ലോ. ഞാൻ അങ്ങനെ ഓരോന്ന് ഓർത്തു മുന്നോട്ടു പോയി. അവിടുന്ന് വീണ്ടും ഇടത്തോട്ട് ഒരു ഇടവഴിയിലേക്ക് ആൻസി തിരിഞ്ഞു. കഷ്ടിച്ച് അതിലേക്കൂടെ ഒരു ഓട്ടോറിക്ഷ കയറും. രണ്ടു വശത്തും ഗ്രാമ്പൂ, മാവ് അങ്ങനെ ഒട്ടധികം വൃക്ഷങ്ങൾ. വീടുകൾ ഒന്നും തന്നെ ഇല്ല.
ആ ഇടവഴിയുടെ അവസാനം ചെന്നെത്തുന്നത് ഒരു ഗേറ്റ്. അതാണ് ആ വീട്. മരങ്ങൾ തിങ്ങി നിറഞ്ഞു നിൽപ്പുണ്ട്. പഴയ വീടെന്നു പറഞ്ഞപ്പോൾ ഞാൻ കരുതി അത് പുരാതനമായ പൊട്ടി പൊളിയാറായ ഏതോ വീടാവും എന്ന്. ഇത് നല്ല ഭംഗിയുള്ള ഒരു വലിയ വീട്. വലതു വശത്തായി ഒരു കിണറും ഒക്കെയുണ്ട്. ഇലയൊക്കെ വീണു കിടപ്പുണ്ടെന്നല്ലാതെ ഒരു കുഴപ്പവും ഇല്ല. ഒരു പത്തു വർഷത്തെ പഴക്കമേ ഉണ്ടാവു ഈ വീടിനു.