അർച്ചന തുണിയലക്കുമ്പോൾ ഞാൻ അങ്ങോട്ട് പോകാറില്ലായിരുന്നു. അന്ന് തുണിയലക്കാൻ അവൾ പോകാനൊരുങ്ങിയപ്പോൾ ഞാൻ ചേച്ചിയോട് സമ്മതം വാങ്ങിച്ചു.
“അവളെ കൂടുതൽ കരയിക്കരുത്, നിന്റെ തലതിരിഞ്ഞ സംസാരരീതിയുണ്ടല്ലോ, അത് വേണ്ട”
“ഉം”
അവളുടെ പിന്നാലെ ഞാൻ ചെല്ലുന്നത് കണ്ട് അർച്ചന നടപ്പു നിർത്തി ‘എന്താ പതിവില്ലാതെ’ എന്ന അർത്ഥത്തിൽ എന്നെ നോക്കി.
“ഞാൻ ചേച്ചിയോട് പറഞ്ഞിട്ടാണ്”
അവളുടെ മുഖത്ത് ചെറിയ അമ്പരപ്പ്.
“നീ തുണിയലക്കാൻ പോ”
അവൾ സംശയഭാവത്തിൽ എന്നെ നോക്കി.
“ഒന്നുമില്ല, വെറുതെ ചിലത് പറയാനാണ്”
അവൾ കുളിക്കടവിൽ ബക്കറ്റും, തോർത്തും, സോപ്പും എല്ലാം വച്ച് വെള്ളത്തിൽ ഇറങ്ങി തുണികൾ മുക്കി കല്ലിലേയ്ക്കിടാൻ തുടങ്ങി.
തൊട്ടടുത്ത കല്ലിൽ ഇരുന്ന് ഞാൻ പറഞ്ഞു തുടങ്ങി.
“ചേച്ചിക്ക് സംശയം ഒന്നും തോന്നാതിരിക്കാൻ ഞാൻ വെറുതെ തമാശയ്ക്ക് കാലുകൊണ്ട്..”
“ശ്യാമേ നിങ്ങൾ രണ്ടു പേരും എന്താണെങ്കിലും എനിക്കൊന്നുമില്ല, എങ്കിലും ആരെങ്കിലും ഉള്ളപ്പോൾ എന്നോട്..”
“എന്റെ പൊന്നേ, അങ്ങിനല്ല. ഞാൻ ഒന്നും വിചാരിച്ച് ചെയ്തതല്ല. കാല് കൊണ്ടപ്പോൾ കുറച്ച് ശക്തിയിലായി പോയി. സോറി, ഒരായിരം സോറി”
“അതെനിക്കറിയാം, കാല് കൊണ്ടതിനൊന്നുമല്ല ശ്യാമേ എനിക്ക് വിഷമം”
“പിന്നെ?”
“ഒന്നുമില്ല, നീ പൊയ്ക്കോ”
“എന്താണെന്ന് പറ”
“എന്നെക്കൊണ്ട് എല്ലാം പറയിക്കണോ?”
കാലിൽ നിന്നും ഒരു ചെറിയ തരിപ്പ് അരിച്ചു കയറുന്നു. അവൾ എന്തൊക്കെയോ ഞാനും ആര്യചേച്ചിയുമായുള്ള ബന്ധത്തെക്കുറിച്ച് മനസിലാക്കിയിരിക്കുന്നു. അതല്ലേ ആ ചോദ്യത്തിന്റെ അർത്ഥം?
“എന്താണെന്ന് പറയ്”
“എനിക്കെല്ലാം മനസിലാകുന്നുണ്ട് ശ്യാമേ”
“എന്ത് കാര്യം?”
“ഞാനത് പറയില്ല, പറഞ്ഞാൽ അത് എത്തേണ്ടിടത്ത് എത്തും.”
“എവിടെ?”
“അത് എവിടാണെന്നും നിനക്കറിയാം”
ഞാനൊന്നും മിണ്ടിയില്ല, ഇവൾക്ക് എന്തൊക്കെയറിയാം?
ആ ഉടയതമ്പുരാനറിയാം.
“അതൊക്കെ പോട്ടെ, നീ എന്നോട് പിണങ്ങരുത്. ആര്യചേച്ചിക്കും അത് സങ്കടമാണ്”
“ആര്യചേച്ചിക്കോ?”
“ആം”
“അത് കൊള്ളാമല്ലോ?”
“ചേച്ചി കൂടി പറഞ്ഞിട്ടാണ് ഞാൻ നിന്റെ അടുത്ത് വന്നത്?”
“എന്തിന്?”
“ക്ഷമ പറയാൻ”
അർച്ചന പരിഹാസരൂപേണ ഒരു ചിരിചിരിച്ചു.
“അത് അതിലും ഭംഗിയായി”
“നീ ഇങ്ങിനെ അച്ചടി ഭാഷയിൽ സംസാരിക്കാതെ”
“ഞാൻ ഒരു പൊട്ടിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ?”