*=*=*
രണ്ടാഴ്ചയോളം തൃശൂരിൽ ഞാൻ ഉണ്ടായിരുന്നു. ആ ദിവസങ്ങളിൽ ഞാനും അനഘയും നല്ല കമ്പനിയായി. എനിക്ക് വരയിലും ഡിസൈനിങ്ങിലും ഉള്ളത് പോലെ അവൾക്ക് ഫോട്ടോഗ്രാഫിയിലായിരുന്നു താൽപര്യം. പക്ഷെ മിക്കവാറും എല്ലാർക്കും പറ്റുന്ന പോലെ വീട്ടുകാർ പറയുന്നത് കേട്ട് കൊമേഴ്സ് എടുക്കേണ്ടിവന്നു.
ആ സമയത്താണ് അച്ഛന് ഒരു ടൂർ വരുന്നത്. മാനേജർ ആണല്ലോ, അതുമായി ബന്ധപ്പെട്ട എന്തോ സംഭവമാണ്. കുറേ സ്ഥലങ്ങളിൽ കോൺഫറൻസുമൊക്കെയായി ഏതാണ്ട് ഒരു മാസം നീണ്ട് നിൽക്കുന്ന ഒരു വലിയ ടൂർ പരിപാടി. തൃശൂരിൽ ആകെ ബോറടിച്ച് ഇരുന്നപ്പോഴാണ് ആരുടെയോ പുണ്യം പോലെ ഈ കാര്യം വന്നത്. അമ്മ കൂടെ പോകാത്തത് കൊണ്ടും, എന്റെ അവസ്ഥ പിതാശ്രീക്ക് മനസ്സിലായത് കൊണ്ടും എന്നോടും അമ്മയോടും തിരികെ നാട്ടിലേക്ക് പോവാൻ അച്ഛൻ പറഞ്ഞു.
അങ്ങനെ വീട്ടിലേക്ക് തിരിച്ചെത്തി. ആകെ
ഒരു വ്യത്യാസം, അന്ന് നേരാംവണ്ണം ഇവിടെ നിന്ന് എയർപ്പോർട്ടിലേക്ക് പോയതാണ്. ഇന്ന് കാല് പക്ക ആവാത്തത് കൊണ്ട് ഒരുവിധം ചാടി ചാടിയാണ് നടക്കുന്നത്. പക്ഷേ വീട്ടിൽ വന്നിട്ടും റെസ്റ്റിന്റെ പേരിലുള്ള അമ്മയുടെ കടുംപിടുത്തം മാത്രം അയഞ്ഞില്ല. അത്തൊ പിന്നെ പ്രത്യേകിച്ച് പറയണ്ടല്ലോ സങ്ങതി കട്ട ശോകമായിരുന്നു.
ഈ ആക്സിഡന്റ് കഴിഞ്ഞതിൽ പിന്നെ അമ്മയുടെ ്് ടെൻഷനും കൂടിയിട്ടുണ്ട്. മുമ്പൊക്കെ മാസങ്ങൾ കൂടുമ്പോൾ മാത്രമുള്ള ജ്യോത്സ്യനെ കാണാനുള്ള പോക്ക് ഇപ്പോൾ രണ്ടാഴ്ചതോറുമുള്ള ഒന്നായി മാറിയിരിക്കുന്നു. അതിനും പുറമെ വേഗത്തിൽ സുഖമാകാൻ ഏതൊക്കെയോ നേർച്ചകളും. ഉരുളൽ ഒന്നുമില്ലെങ്കിൽ രക്ഷപ്പെട്ടു, അല്ലെങ്കിൽ എന്നെ ഷെഡ്ഡിൽ കേറ്റേണ്ടിവരും.
*=*=*
“ഡാ കോപ്പേ, നീ എന്തുവാടാ കാണിച്ചത്” “ന്താടാ” നവിയുടെ ചോദ്യം കേട്ട് സച്ചി മനസ്സിലാകാതെ ചോദിച്ചു.
“മനുഷ്യനൊരു ഹെൽപ്പിന് നോക്കുമ്പോ അവനിരുന്ന് ഉണ്ണിയപ്പം കേറ്റുന്നു.”
“അളിയാ, നിനക്കറിയാലോ ഈ ഉണ്ണിയപ്പത്തോട് പണ്ടേ തോന്നിയതാ ഈ മൊഹബത്ത്. അതിങ്ങനെ മുന്നിലിരിക്കുമ്പോ ഞാൻ പിന്നെങ്ങനെ നിന്നെ ്് മൈന്റ ചെയ്യും”. പഹയന്റെ ബല്ലാത്ത മറുപടി കേട്ടപ്പോൾ ബാക്കി പറയാനുള്ളത് പുറത്തേക്ക് വന്നില്ല.
അനിതയും സച്ചിയും ഇറങ്ങാൻ തുടങ്ങുന്ന സമയത്താണ് വിക്കി വരുന്നത്. അവന് ബൈക്കിൽ നിന്ന് ഇറങ്ങാനുള്ള സാവകാശം പോലും നവി കൊടുത്തില്ല. അപ്പോഴേക്കും അവൻ വണ്ടിയുടെ അടുത്തേക്ക് എത്തിയിരുന്നു.