“ഡാ, അതാരാ” ഫോണും നോക്കിയിരുന്ന വിക്കിയുടെ അടുത്തുനിന്ന് മറുപടി കിട്ടാതായപ്പോൾ ശ്രീ എന്റെ പുറത്ത് തട്ടി. “അറിയില്ലെടാ”
“നിങ്ങളിത് ആരേപ്പറ്റിയാ പറയുന്നേ” അതുൽ ഞങ്ങളെ നോക്കി. “ദേ അവനാരാ” ശ്രീ കൈ ചൂണ്ടിയിടത്തേക്ക് അതുൽ തല തിരിച്ചു. “അത് സുബിനാടാ”
“ഏത് സുബിൻ” എനിക്ക് അപ്പോഴും ആളിനെ പിടികിട്ടിയില്ല. “ഏത്, നമ്മടെ മഹേഷേട്ടന്റെ” അതെ അത് തന്നെ.”
“ഓഹ്, അത് അവനായിരുന്നോ!”.
*=*=*
പുള്ളി ഞങ്ങളുടെ ജൂനിയറായിരുന്നു സ്കൂളിൽ. ശ്രീ പറഞ്ഞ മഹേഷ് അതായിരുന്നു അവന്റെ അച്ഛൻ. ഞങ്ങൾക്ക് പുള്ളി മഹേഷേട്ടനായിരുന്നു. നാട്ടിലെ എല്ലാത്തിനും മഹേഷേട്ടൻ മുന്നിൽ തന്നെ കാണും. ആൾ വല്യ രസിഗനാണ്. നാഷണൽ പെർമിറ്റ് ലോറിയിലാണ് മഹേഷേട്ടൻ ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ പത്താം ക്ളാസ് സമയത്താണ് ഒരു ആക്സിഡന്റിൽ മഹേഷേട്ടൻ മരിക്കുന്നത്. മംഗലാപുരത്ത് നിന്ന് ലോഡും കൊണ്ട് വരുന്ന വഴി വണ്ടിയുടെ നിയന്ത്രണം തെറ്റി റോഡ് സൈഡിലെ മരത്തിൽ ഇടിക്കുകയായിരുന്നത്രേ. മഹേഷേട്ടൻ പോയപ്പോൾ നിഷച്ചേച്ചി സുബിനേയും കൂട്ടി ആലപ്പുഴയിലുള്ള ചേച്ചിയുടെ വീട്ടിലേക്ക് മാറി. അതിൽ പിന്നെ വല്ലപ്പോഴുമൊക്കെയാണ് അവരിവിടേക്ക് വരാറ്.
*=*=*
“ഡാ, സുബിയേ” ഞാൻ അവനെ വിളിച്ചു. “ഡാ” എവിടുന്ന്, എത്ര ഉറക്കെ വിളിച്ചിട്ടും ആശാൻ കേൾക്കുന്ന ലക്ഷണമില്ല.
“എന്തോന്നാടാ കോപ്പേ ചെവീടെ അടുത്തിരുന്ന് നെലവിളിക്കുന്നേ” വിക്കി ചീറിയപ്പോഴാണ് അടുത്ത് അവൻ ഇരിക്കുന്ന കാര്യം സത്യത്തിൽ ഞാൻ ഓർത്തത്. “സോറി ചങ്കേ, ഞാൻ ആ സാധനത്തിനെ വിളിച്ചതാ” അതും പറഞ്ഞ് അവന് ഒരു വളിച്ച ചിരി സമ്മാനിച്ചു.
“ഡാ നീ ഇവിടെ കെടന്ന് മൈക്ക് വെച്ച് അലറിയാലും അവൻ കേൾക്കൂലാ” “അതെന്താ” “നീ അവന്റെ ചെവീലെ സുനാപ്പി കണ്ടില്ലേ” “സുനാമിയാ! ചെവീലോ!” ശ്രീയാണ്
“സുനാമിയല്ലടാ പുല്ലേ, ഇയർ ബഡ്ഡ്” “ങാ, അങ്ങനെ പണാ. നീ ഒരുമാതിരി ലോലവൽ ഡയലോഗൊക്കെ ഇട്ടാൽ ഇവനൊക്കെ മാത്രേ കത്തൂ. എന്നേപ്പോലുള്ളവരൊക്കെ എന്ത് ചെയ്യും” ഞങ്ങളെ നോക്കി അപ്പോൾ തന്നെ വന്നു അവന്റെ അടുത്ത ചളിയേറ്.
എന്തൊക്കെ പറഞ്ഞാലും വാല് ്് മുറിയുന്ന നേരത്ത് ടൈമിങ്ങ് ഒട്ടും പാളാതെ ഗൗരവവും ഒട്ടും കുറക്കാതെ ഇമ്മാതിരി കൗണ്ടറുകൾ അടിക്കുന്നത് വല്ലാത്ത ഒരു കഴിവ് തന്നെ (Just Sreehari things).