ഞാന്‍ അഭിയോട് പറയുന്ന കേട്ട ഓട്ടോ ഡ്രൈവര്‍ എന്നോട് പറഞ്ഞു ചേട്ടാ, ഇന്ന് ഞായറാഴ്ചയാ, ഗവ.ഹോസ്പിറ്റലില്‍ ഡോക്‌ടേഴ്‌സ് ആരും കാണാന്‍ ഇടയില്ലാ. പ്രൈവറ്റ് ഹോസ്പിറ്റലിലാണെങ്കില്‍ ഇവിടെ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാ. അങ്ങോട്ട് വിട്ടാലോ.
എന്നാല്‍ നീ എത്രയും പെട്ടെന്ന് അടുത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലേക്ക് വിട് എന്ന് പറഞ്ഞു.
പതിനഞ്ച് മിനിട്ടിനകം ഞങ്ങള്‍ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിലെത്തി. വേദന സഹിക്കാതെയായിരിക്കണം ഹേമ മയക്കത്തിലായിരുന്നു. അവിടെ എത്തിയതും ഹേമയെ പരിശോദിച്ച് ഡോക്ടര്‍ നിങ്ങളുടെ ഭാര്യയുടെ ഇടത്തെ മുട്ടുകാലില്‍ ബ്ലെഡ് കോട്ട് ചെയ്തിട്ടുണ്ട്. അത് ഉടന്‍ തന്നെ നീക്കം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ ഭാര്യയെ ഇപ്പോള്‍ തന്നെ ഓപ്പറേഷന്‍ തീയ്യറ്ററിലേക്ക് കയറ്റാന്‍ പോകുകയാ. ഇതു മേജറായ ഓപ്പറേഷനൊന്നുമല്ല. എങ്കിലും ഈ ഫോറത്തില്‍ ഒന്ന് ഒപ്പിട്ട് നിങ്ങള്‍ ഓപ്പറേഷന്‍ റൂമിന്റെ പുറത്ത് വെയ്റ്റ് ചെയ്യു എന്നു പറഞ്ഞ് ഡോക്റ്റര്‍ ഓപ്പറേഷന്‍ റൂമിലേക്ക് പോയി.
ഞാന്‍ ആ ഓപ്പറേഷന്‍ തീയറ്ററിനു മുന്നിലുള്ള കസേരയില്‍ ഇരുന്ന് ഒന്ന് മയങ്ങി എന്നുവേണമെങ്കില്‍ പറയാം. അപ്പോഴേക്കും ഒരു നേഴ്‌സ് വന്ന് ഈ ബില്ലിന്റെ കാശ് കൗണ്ടറില്‍ അടച്ച് രസീത് കൊണ്ടുവന്ന് കാണിക്കാന്‍ പറഞ്ഞു. ഞാന്‍ അങ്ങിനെ ചെയ്ത് വീണ്ടും അതേ കസേരയില്‍ വന്ന് ഇരുന്നു.
ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ അളിയന്‍ അരവിയും അവന്റെ ഭാര്യ ഇന്ദുവും അവരുടെ മകന്‍ ആദര്‍ശും എന്റെ മകന്‍ അഭിയും വന്നു. എന്നെ കണ്ടതും അളിയന്‍ പറഞ്ഞു, ഞങ്ങള്‍ ആദ്യം പോയത് ഗവ.ഹോസ്പിലേക്കാ. ഒരുപാട് അന്വേഷിച്ചതിനുശേഷമാ അവിടെ ഹേമ എന്ന ഒരു സ്തീയെ കൊണ്ടുവന്നിട്ടില്ലാ എന്നറിഞ്ഞത്. പിന്നെ ബാലേട്ടന്‍ ചേച്ചിയെ ഇങ്ങോട്ട് കൊണ്ടു വരാനുള്ള സാദ്ധ്യതയേള്ളു എന്ന് ഊഹിച്ചാ ഞങ്ങള്‍ ഇങ്ങോട്ട് വന്നത്.
വീണ്ടും അതേ നേഴ്‌സ് വന്ന് ഈ ലിസ്റ്റിലെ മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്നും വാങ്ങിവരാന്‍ പറഞ്ഞു. ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ അളിയന്‍ അരവി പറഞ്ഞു….ബാലേട്ടന്‍ അവിടെയിരിക്ക്. കാശ് തന്നാല്‍ മതി. ഞാന്‍ മരുന്നുകള്‍ വാങ്ങിച്ചു വരാം. എന്റെ കൈയ്യില്‍ ഇല്ലാത്തതുകൊണ്ടാണേ. ഞാന്‍ കാശ് കൊടുക്കുന്നതിനു പകരം എന്റെ പേഴ്‌സ് തന്നെ ഞാന്‍ അരവിയെ ഏല്‍പ്പിച്ചു. ആ പേഴ്‌സില്‍ എന്റെ എ.ടി.എം. കാര്‍ഡും ഉണ്ട്. അച്ചാ ഞാനും വന്നോട്ടെ എന്നായി ആദര്‍ശ്. ഞാനും വരട്ടേ മാമ എന്നായി എന്റെ മകന്‍ അഭിയും. എന്നാല്‍ ഇവരെ കൂടി കൂട്ടിക്കോ എന്ന് ഞാനും പറഞ്ഞു.