രാത്രി 12:57 നു കാർ ഓൺ ആയിട്ടുണ്ട്!!!!!
അതെങ്ങനെ?
ഞാൻ നോട്ടിഫിക്കേഷനിൽ അമർത്തി. പൊടുന്നനെ എന്റെ ഹൃദയം പെട പെടാന്ന് അടിക്കാൻ തുടങ്ങി.
അപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്ന സമയം എനിക്കൊരു യുഗം പോലെ ആണ് തോന്നിയത്. ഒടുവിൽ പാസ്സ്‌വേർഡ് ടൈപ് ചെയ്യേണ്ട വിന്ഡോ ഓപ്പൺ ആയി. ഫിംഗർ പ്രിന്റ് വെച്ച് ഞാൻ അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു സ്റ്റാറ്റസ് ബാർ നോക്കി.
എഞ്ചിൻ ഓഫ് ആണ്! ഡോർസ് ലോക്ക് ആണ്! ലൊക്കേഷൻ അവളുടെ വീട് തന്നെ ആണ്. പിന്നെ ഈ രാത്രി അവളെന്തിനു കാർ ഓൺ ചെയ്യണം?
അതെങ്ങനെ?
ഇല്ല, അളിയൻ നാട്ടിൽ ഇല്ല. അത് കൊണ്ട് അവനെടുക്കാൻ ചാൻസ് ഇല്ല. പിന്നെ ഉള്ളത് അവളുടെ ബാപ്പ, ഉമ്മ, അതായത് എന്റെ അമ്മായിഅമ്മയും അമ്മോശനും ! രണ്ട് പേർക്കും കാർ ഓടിക്കാൻ അറിയില്ല. അപ്പൊ പിന്നെ?
ഞാൻ കാറിന്റെ ട്രിപ്പ് മാപ് എടുത്തു നോക്കി. അതെന്നെ കൂടുതൽ ആശയക്കുഴപ്പത്തിൽ കൊണ്ടെത്തിക്കുകയാണ് ചെയ്തത്. വൈകീട്ട് 4 മണിക്ക് അവൾ എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക്ക് പോയിട്ടുണ്ട്. ഇടക്ക് എവിടെയും നിർത്തിയിട്ടില്ല. ഏകദേശം 45 മിനിറ്റ് വേണം അവളുടെ വീട്ടിൽ എത്താൻ. എത്തിയിട്ടും ഉണ്ട്.
എന്നാൽ അവിടെ നിന്ന് 6:30 നു വീണ്ടും കാർ എടുത്തിട്ടുണ്ട്. നേരെ പോയതു സിറ്റിയിലേക്കാണ്. അവിടെയാണ് അവളുടെ ജിം ഉള്ളത് എന്നെനിക്കറിയാം. എന്നാൽ പോകുന്നതിനു ഇടക്ക് അവൾ രണ്ട് തവണ കാർ ഓഫ് ചെയ്തു, ഓൺ ചെയ്തിട്ടുണ്ട്. ഓരോ തവണയും 15 മിനിറ്റോളം നിർത്തിയിട്ടിട്ടുണ്ട്.
സിറ്റിയിൽ എത്തിയിരിക്കുന്നത് 8:10 നു ആണ്. അതിനു ശേഷം 9:30 വരെ കാർ ഓഫ് ഇൽ തന്നെ ആണ്. എന്നാൽ 9:30 ന് വീണ്ടും കാർ ഓൺ ആയിട്ടുണ്ട്. അവിടെ നിന്ന് നേരെ പോയിരിക്കുന്നത് മറ്റൊരു ലൊക്കേഷനിലേക്ക്. ഒരു ഗ്രാമമാണ്. ഏകദേശം 15 മിനുട്സ് റണ്ണിംഗ്. അവിടെ ഓഫ് ആയ കാർ പിന്നീട് ഓൺ ആകുന്നത് രാത്രി 12:47 നും.