പക അത് വീട്ടാനുള്ളതാണ്
Paka Athu Veettan Ullathaanu | Author : Wick
പണി, അത് കൊടുക്കാനുള്ളതാണ്
മോനെയും കൊണ്ട് അനിലിന്റെ ഓട്ടോറിക്ഷ ഹൈവേയിലേക്ക് കേറി. അപ്പച്ചിയുടെ വീട്ടിലേക്കുള്ള വഴിയാണ്. കണ്ണീരിൽ കുതിർന്ന കണ്ണുകളോടെ അവൻ മുന്നിലേക്ക് നോക്കി വണ്ടി പായിച്ചു.
“എങ്ങനെ പറയും മോനോട് ഈ കാര്യം. അവന്റെ അമ്മ ഇനി ഇല്ലാന്ന്…”
പറഞ്ഞല്ലേ പറ്റൂ…
“മോനെ” എന്ന് വിളിച്ചപ്പോഴേക്കും അനിലിന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി.
വണ്ടി സൈഡിലേക്ക് ഒതുക്കിയിട്ട് അവൻ ഫോൺ എടുത്ത് ചെവിയിൽ വെച്ചതും കേട്ടത് ഒരു അലർച്ചയായിരുന്നു.
അപ്പുറത്തെ വീട്ടിലെ ഡെയ്സി ആന്റി ആയിരുന്നു അത്..
” മോനെ അനിലേ.. നമ്മുടെ ശ്രീജ പോയെടാ… നീ ഒന്നു പെട്ടെന്ന് ഇങ്ങോട്ട് വാടാ…. ”
കാൾ കട്ട് ആയി… അനിലിന് എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത ഒരു അവസ്ഥ. താൻ ഇത് മുന്നേ അറിഞ്ഞതാണെങ്കിലും അവർ വിളിച്ചു കരഞ്ഞപ്പോൾ ഉള്ളിൽ ഒരു……
“എന്താ അച്ഛാ”… വിവേക് ചോദിച്ചു..
“മോനെ നമുക്ക് വീട് വരെയൊന്നു പോകാം.. ഒരു കാര്യമുണ്ട്..”
ഒന്നും മിണ്ടാതെ അനിൽ ഓട്ടോ നേരെ വീട്ടിലേക്ക് തിരിച്ചു. വീട് എത്തുന്നതിനു മുന്നേ തന്നെ ആളുകൾ അങ്ങോട്ടേക്ക് ഓടുന്നത് കണ്ടു. കുറച്ചു പേര് തങ്ങളെ തന്നെ കാത്ത് നിന്ന പോലെ ഓട്ടോയുടെ പിറകെ ഓടി വരാൻ തുടങ്ങി.
ഗേറ്റ് നടന്നതും വണ്ടി ഒതുക്കി ഇടൻ പോലും സ്ഥലമില്ലാത്ത രീതിയിൽ ആളുകൾ കൂടി നിൽക്കുന്നു.
മോനു കാര്യങ്ങൾ മനസിലായിരിക്കുന്നു. അല്ലേലും ‘അവൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ.. 15 വയസില്ലേ….’ എന്തായാലും തനിക്ക് അവനോട് ഒന്നും പറയേണ്ടി വന്നില്ലാലോ എന്നോർത്തു അനിലിന് ആശ്വാസം തോന്നി.
വിവേക് “അമ്മേ” എന്നും വിളിച്ചു അകത്തേക്ക് ഓടി. അനിലിന് പുറത്തേക്ക് ഇറങ്ങാൻ തോന്നിയില്ല… ആരൊക്കെയോ വന്നു അവനോട് എന്തൊക്കെയോ പറയുന്നു.. ആ മരിച്ചു കിടക്കുന്നത് തന്റെ ഭാര്യയാണ്.. ഉറക്കത്തിലും ഊണിലും തന്റെ ഒപ്പം കഴിഞ്ഞ 17 വർഷം ഉണ്ടായിരുന്നവൾ.