“….ങേ നിനക്കെങ്ങനെ ഇത്ര ലാഘവത്തോടെ പറയാൻ കഴിയുന്നെടി ശ്രീജേ .ഓരോരുത്തരിവിടെ കുഞ്ഞുങ്ങളൊണ്ടാവാൻ ഒള്ള കിടപ്പാടം പോലും പണയം വെച്ച് നേരാത്ത നേർച്ചയില്ല അപ്പോഴാ അവളുടെ ഒരു കൊണവതിയാരം .ദേ എനിക്കിതൊക്കെ കേട്ടിട്ട് ചൊറിച്ചില് വരുന്നു കേട്ടോ…“
“….എടി ലാഘവത്തോടെയാണോ….. നിന്റെയൊക്കെ പറച്ചില് കേട്ടാൽ തോന്നും എന്റെ കൊഴപ്പം കൊണ്ടാണെന്നു .എന്റെ പൊന്നു ദീപേ അതിപ്പോ ഞാൻ മാത്രം വിചാരിച്ചാൽ മതിയോ ചേട്ടനും കൂടി വിചാരിക്കേണ്ടെ…“
“….ങേ അപ്പൊ രാജീവിനാണോ വേണ്ടാത്തത്…“
“….വേണ്ടാന്നോന്നുമില്ലെടി…“
“….പിന്നെന്താ നിങ്ങള് തമ്മില് ബന്ധപ്പെടാറില്ലേ…“
“….അതൊക്കെയുണ്ടെടി ന്നാലും അതൊക്കെയിപ്പോ എന്തോ പറയാനാ ഒന്നും പറഞ്ഞിട്ടു കാര്യമില്ല…“
“….നിനക്ക് ബുദ്ധിമുട്ടാണെങ്കി വേണ്ട ….. പക്ഷെ ഒരു കാര്യം ഓർത്തോ എന്റെ മോനിനി അടുത്ത വർഷം ഒന്നാം ക്ളാസ്സിലാ അത് കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ…”
“….എനിക്കറിയാം ഞാനും പ്രസവിച്ചിരുന്നെങ്കിൽ എന്റെ കുഞ്ഞിനും ഈ പ്രായം ആയേനെ .എടി എനിക്കീ പ്രായത്തിലെ കുഞ്ഞുങ്ങളെ കാണുമ്പോ വിഷമം സഹിക്കാൻ കഴിയത്തില്ലെടി…“
അത്രയും പറഞ്ഞപ്പോഴേക്കു ശ്രീജയുടെ കണ്ണ് നിറഞ്ഞു തുളുമ്പി .ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവൾ മേശപ്പുറത്ത് കൈ വെച്ച് തല കുനിച്ചിരുന്നു കരഞ്ഞു .അവളുടെ കരച്ചിൽ കണ്ടിട്ടു ദീപയ്ക്കും നല്ല വിഷമമായി .ദീപയുടെ കണ്ണുകളും നിറഞ്ഞു അവളോടങ്ങനെ പറയേണ്ടിയിരുന്നില്ലെന്നു തോന്നി .അവളുടനെ കസേര നീക്കി ശ്രീജയുടെ അടുത്ത് കൊണ്ടിട്ടു അതിലിരുന്നു കൊണ്ട് മേശപ്പുറത്തേക്കു ചാഞ്ഞു കിടന്നു കൊണ്ട് ശ്രീജയുടെ തോളിലും പുറത്തും തലോടിക്കൊണ്ട് അവളെ സമാധാനിപ്പിച്ചു .
“….പോട്ടെടി മോളെ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല .നീ കരയാതെ എനിക്കും സങ്കടം വരുന്നുണ്ടെടി ….. പ്ലീസ്…“
ദീപ അവളുടെ മുടിയിഴകളിലൂടെ വെറുതെ തലോടിക്കൊണ്ട് വീണ്ടും പറഞ്ഞു
“….എടി നിന്നോടുള്ള ഇഷ്ടവും സ്നേഹവും കൊണ്ട് പറയുന്നതല്ലേ .നിനക്ക് നല്ലതു വരാനല്ലേ ഞാനാഗ്രഹിക്കൂ .നീയെന്റെ ഏറ്റവും വലിയ കൂട്ടുകാരിയല്ലെടി മോളെ …..വാ കരഞ്ഞത് മതി .. എണീക്കു…”
ശ്രീജ കരഞ്ഞു കലങ്ങിയ മുഖം ഉയർത്തി ദീപയെ നോക്കി അവളുടെ കണ്ണും നിറഞ്ഞിരിക്കുന്നത് കണ്ടപ്പോ ശ്രീജ ഒരേങ്ങലോടെ ദീപയുടെ ചുമലിലേക്ക് ചാഞ്ഞിരുന്നു കരഞ്ഞു തുടങ്ങി .അത് കൂടി കണ്ടപ്പോൾ ദീപയാകെ വല്ലാതായി .അങ്ങനൊക്കെ പറയാൻ തോന്നിയ നിമിഷത്തെ അവൾ മനസ്സാ ശപിച്ചു .ദീപ കുറച്ച് നേരം ശ്രീജയെ അവളുടേതായ ലോകത്തിൽ വിട്ടു കൊണ്ട് അവളെ ചേർത്ത് പിടിച്ച് കൊണ്ട് പുറത്തുകൂടെ തഴുകി .അവളുടെ കരച്ചിൽ അല്പമൊന്നടങ്ങിയപ്പോൾ ദീപ അവളുടെ മുഖം പൊക്കിയിട്ടു പറഞ്ഞു