നിയാസ് അരുണിന്റെ വീട്ടിലെത്തിയപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു..
അരുൺ : ഹാ.. വന്നോ.. ഉണ്ണിയെ വിളിക്കാൻ എന്നും പറഞ്ഞു നീയിതെവിടെ പോയി കിടക്കുവാരുന്നു.. നീ പോയപാടെ അവൻ ഇവിടെ എത്തീക്ക്..
ഉണ്ണി : “ഞാൻ അടുക്കള വഴിയാണ് ഇങ്ങോട്ട് കേറിയത്, അതായിരിക്കും അവൻ കാണാഞ്ഞേ..”
മറുപടിയൊന്നും നൽകാതെ നിയാസ് ഭക്ഷണം കഴിക്കാൻ ഇരുന്നു..
ഉണ്ണിക്ക് ഭക്ഷണം വിളമ്പിക്കൊടുന്നതിലുള്ള അനുവിന്റെ പ്രത്യേക താല്പര്യം ആരും ശ്രദ്ധിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.. അവൾ അവനെ തന്നെ ചുറ്റിപ്പറ്റി നിന്നു.. അവളുടെ പ്രവർത്തികളിൽ ഉണ്ണി ശരിക്കും അസ്വസ്ഥനായിരുന്നു..തങ്ങളെ രണ്ടു പേരെയും ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് അവൻ ഇടയ്ക്കിടെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.. എന്നാൽ അനുവിന് ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു..ഫുഡ് കഴിച്ച ശേഷം എല്ലാവരും കൈകഴുകി മുഖം തുടക്കുമ്പോൾ ഉണ്ണിക്കു തുടയ്ക്കാൻ മാത്രമായി ടൗവ്വലുമായി അവൾ ഹാജരായി.. തനിക്ക് നേരെ പുഞ്ചിരിച്ചു കൊണ്ട് ടൗവലും നീട്ടി നിൽക്കുന്ന അനുവിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം പെട്ടെന്നുതന്നെ അവളുടെ കയ്യിൽ നിന്ന് അത് പിടിച്ചു വാങ്ങി തന്റെ മുഖം തുടച്ച് അവൻ നേരെ അരുണിന്റെ റൂമിലേക്ക് തിരക്കിട്ട് പോയി..
പിന്നീട് കുറച്ച് നേരം മൂവരും അരുണിന്റെ റൂമിൽ കഥകൾ പറഞ്ഞിരുന്നു..
ഉണ്ണി : ടാ അരുണേ.. നല്ല പോലെ സൂക്ഷിച്ചു കാര്യങ്ങൾ ചെയ്യ് ട്ടോ..
അരുൺ : അതിന് എനിക്കിതിൽ വലിയ റോൾ ഒന്നുമില്ല.. അവനെ അവിടെ ഇറക്കി ഞാൻ ഇങ്ങു പോരും..
ഉണ്ണി : അല്ല. ആ മണ്ടനു ബോധമില്ലാത്തതാ അതാ നിന്നോട് പറഞ്ഞേ.. ”
നിയാസിനെ നോക്കികൊണ്ട് ഉണ്ണി പറഞ്ഞു..
നിയാസ് : പോടെ പോടെ.. എന്നെ ഓർത്തു രണ്ടും ബേജാറാവണ്ട.. എല്ലാം ഞാൻ പക്ക ആയി പ്ലാൻ ചെയ്തിട്ടുണ്ട്.. എന്നെ അവളുടെ വീടിനു മുന്നിലൊന്ന് ഇറക്കി തന്നാൽ മാത്രം മതി..
ഉണ്ണി : “ഉവ്വ.. എന്നാൽ ഞാൻ പോട്ടെ.. നേരം വൈകി.. അരുണേ ഞാൻ പറഞ്ഞത് മറക്കണ്ട.. ഇനി വല്ല പ്രശ്‌നവുമായി ആളുകൾ കൂടിയാൽ നീ അവിടുന്ന് തടി തപ്പിക്കൊണ്ടി.. ഇവനെ നോക്കി നിൽക്കണ്ട..