ദേവികയാകട്ടെ ഒറ്റനോട്ടത്തിൽ തന്നെ അജിത്തിന്റെ നിഷ്കളങ്കതയിൽ ആകൃഷ്ടയായി. അതുപോലെ ഒരു പാവം പയ്യനെ അവൾ അതുവരെ കണ്ടിട്ടില്ലായിരുന്നു. പോരാത്തതിന് അവന്റെ മുഖവും വളരെ ഓമനത്വമാർന്നതായിരുന്നു. അവർ ക്യാന്റീനിലേക്ക് നടന്നു. അങ്ങനെയാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്.
മൂന്നാഴ്ച്ച കഴിഞ്ഞ്, അവർ തമ്മിലുള്ള രണ്ടാമത്തെ കാപ്പികുടിയുടെ അന്ന് കൊണ്ടുവന്നുവെച്ച ചൂടുകാപ്പി ഊതികുടിക്കുന്നതിനിടെ അവൻ പറഞ്ഞു. “യൂ ഡാൻസ് വെൽ. അന്ന് വലരെ നന്നായിരുന്നു”
“ഓ ഇത്രയും വേഗം കോംപ്ലിമെന്റ് ചെയ്തോ,” അവൾ ചിരിച്ചു.
“വേഗമോ, നോ ഐ വാസ് സ്ലോ. നാൻ ഇന്നലെ പരഞ്ഞത് ” “ഐ വാസ് കിഡിങ്. താങ്ക് യൂ, നീയും നന്നാക്കി,” അവൾ പുഞ്ചിരിച്ചു. അവൾക്ക് അവന്റെ ശുദ്ധത ഇഷ്ടമായി “നോ… ഐ നോ. നാൻ ചീത്തയാകി. നീയാണ് എനെ സേവ് ചെയ്തത്. നിനോട് എൻഗനെ താങ്ക്സ് പരയനമെനരിയില,” അവൻ പറഞ്ഞു. “എനിക്ക് ഇന്ന് രാത്രി ഡിന്നർ നിന്റെ വക. സന്തോഷമായില്ലേ ?” അവൾ പൊട്ടിച്ചിരിച്ചു. അജിത് പെട്ടെന്ന് സൈലന്റ് ആയി. കാരണം, അവൻ ഒരു ഉൾനാടൻ ദരിദ്ര കന്നഡ കുടുംബത്തിലെ അംഗമായിരുന്നു. കുടുംബ ക്ഷേതത്തിലെ പൂജാരിയായ അവന്റെ മുത്തച്ഛൻ കുടുംബത്തിൽ ഉള്ള ഭൂമിയും സ്വത്തുമെല്ലാം വിറ്റ് തന്റെ അനുജന്മാരെ എല്ലാം നല്ല നിലക്ക് പഠിപ്പിയ്ക്കുകയും, അനിയത്തിമാരെ നല്ല നിലയിൽ കല്യാണം കഴിപ്പിയ്ക്കുകയും ചെയ്തതുകൊണ്ട് സ്വന്തം മക്കൾക്ക് വേണ്ടി കാര്യമായി ഒന്നും കരുതി വെച്ചിരുന്നില്ല, ക്ഷേത്രത്തിലെ ശാന്തിപ്പണി ഒഴികെ.
അവന്റെ അച്ഛൻ നാരായൺ ശ്രീനിവാസ ഭട്ടും അതേ സ്വഭാവക്കാരൻ ആയിരുന്നു. പോരാത്തതിന് അല്പസ്വല്പം മദ്യസേവയും കൂടി ആയപ്പോൾ കുടുംബം കഷ്ടപ്പാടിലായി. ആസ്ത്മ രോഗിയായ അമ്മ രാധയും, അമ്മമ്മ മരിച്ചതിന് ശേഷം കഴിഞ്ഞ 15 വർഷമായി അവരോടൊപ്പം ജീവിക്കുന്ന ,29 വയസ്സായിട്ടും ജാതക പ്രശ്നവും, വിദ്യഭ്യാസക്കുറവും കാരണം കല്യാണമായിട്ടില്ലാത്ത അമ്മയുടെ ഏക അനിയത്തി രോഹിണിയും, പത്താം കളാസ്സിൽ പഠിക്കുന്ന അനിയത്തി ആദ്യയും അടങ്ങിയ ആ കുടുംബത്തിന്റെ ഒരേയൊരു പ്രതീക്ഷയായിരുന്നു അജിത്.
അതുകൊണ്ടുതന്നെ അവൻ നന്നായി പഠിച്ചു, എഴുതിയ പരീക്ഷയെല്ലാം നല്ല മാർക്കോടെ പാസ്സായി. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ നല്ല മാർക്കോടെ പാസ് ആയിട്ടും സയൻസ് ഗ്രൂപ്പ് എടുക്കാഞ്ഞത് അത് പഠിക്കാൻ വേണ്ട ചെലവ് ഓർത്തിട്ടുമാത്രമാണ്. പ്ലസ് ടൂ കഴിഞ്ഞ് അടുത്തുള്ള പട്ടണത്തിൽ ഉള്ള സർക്കാർ കോളേജിൽ ബികോമിന് ചേരാൻ തയ്യാറെടുക്കുമ്പോഴാണ് അവരുടെ ഒരകന്ന ബന്ധു പുള്ളിയുടെ ഒരു പരിചയകാരന്റെ മകൻ ചേർന്ന കോളേജിന്റെ കാര്യം പറയുന്നത്.