…എന്തുവാടി രാവിലെ കഴിക്കാൻ…
…ദോശയാ ചേട്ടാ …
…ആണോ എങ്കി ഒരു അഞ്ചാറെണ്ണം കൂടുതലൊണ്ടാക്കിക്കോ.കുബ്ബൂസ് തിന്നു തിന്നു ദോശക്കൊക്കെ കൊതി വരുന്നു.കറിയെന്താ സാമ്പാറൊ…
…അല്ലേട്ടാ ചമ്മന്തിയാ…
…മതി അത് മതി.എപ്പൊഴാടി നമ്മളിറങ്ങുന്നേ…
രാജീവ് കാസറോൾ തുറന്നൊരെണ്ണം ചുരുട്ടി വായിൽ വെച്ചു കടിച്ചു കൊണ്ട് ചോദിച്ചു
…നമുക്കിത് കഴിച്ചിട്ടു പോകാം ചേട്ടാ. …
ഊം എന്നു മൂളിക്കൊണ്ട് രാജീവ് അകത്തെ റൂമിലേക്ക് പോയി.അല്പം കഴിഞ്ഞു ശ്രീജ കഴിക്കാനുള്ളത് എടുത്ത് വെച്ചിട്ടു രാജീവിനെ വിളിക്കാനായി ചെന്നപ്പോൾ അയാളവിടെ ബെഡിൽ ഇരുന്നു കൊണ്ട് ബാഗ് തുറന്നോരോ സാധനങ്ങളെടുത്ത് വെക്കുകയായിരുന്നു.
…ഇതൊക്കെ ഇപ്പൊ എടുത്ത് നിരത്തുന്നതെന്തിനാ ചേട്ടാ… ഏഹ്…
…അതല്ലെടി നമ്മളെങ്ങോട്ടു പോകുവല്ലേ അപ്പൊ അമ്മക്കെന്തെങ്കിലും കൊടുക്കേണ്ടേ…
…വേണ്ട വേണ്ട അമ്മക്കെന്തു കൊടുക്കാനാ…
…അതല്ലെടി ദാ ഇതെടുത്ത് വെക്കുവാ എന്തെങ്കിലും ഇല്ലാതെ എങ്ങനാ പോകുന്നത്.ചെല്ലുന്നതു ഗൾഫുകാരനല്ലേ…
രാജീവ് രണ്ട് സോപ്പും ഒരു സ്പ്രേയും എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.
…ദേണ്ടേടി ഇതും കൂടി വേറെ കവറിലിട്ടൊ…
…ഇതെന്തുവാ എടി തിരിച്ചു വരുന്ന വഴി ദീപയുടെ വീട്ടിലും കേറില്ല അപ്പോൾ അവൾക്കും എന്തെങ്കിലും വേണ്ടേ …
…ന്റെ പൊന്നു ചേട്ടാ ഇങ്ങനെ സാധനങ്ങൾ സപ്പ്ളെ ചെയ്യാനാണോ എമെര്ജെന്സി ലീവെടുത്ത് വന്നത്. …
…എടി അതല്ല പണ്ട് മുതലേ ഗൾഫുകാർ വരുമ്പോ ഓരോരുത്തർക്ക് ഓരോന്ന് കൊണ്ട് കൊടുത്തതു കൊണ്ട് ഇപ്പഴും ആളുകൾ അങ്ങനെ പ്രതീക്ഷിക്കും.പക്ഷെ നാട്ടുകാർക്കറിയില്ലല്ലോ ഇപ്പൊ നാട്ടിൽ കിട്ടുന്നതൊക്കെത്തന്നെയാണ് ഗൾഫിലും കിട്ടുന്നതെന്നു. …
…അതൊക്കെ നാട്ടുകാരുടെ കാര്യമായിരിക്കും പക്ഷെ ഇവരൊന്നും അത് പ്രതീക്ഷിച്ചിരിക്കുന്നവരല്ല കേട്ടോ നാണക്കേടാ ഇതൊക്കെ കൊണ്ട് കൊടുക്കുന്നത്. …
…എടി ഇത് അത്രക്കൊന്നുമില്ല അവൾക്കു രണ്ട് സ്പ്രേയും പിന്നെ അവളുടെ മോനൊരു ചെറിയ കളിപ്പാട്ടവും അത്രേയുള്ളു. എടി ഒരു വീട്ടിലേക്കു കേറിച്ചെല്ലുമ്പോൾ എന്തെങ്കിലും കൊടുക്കേണ്ടേ.ഞാൻ വല്ലപ്പോഴും വരുന്ന ആളല്ലേ.പിന്നെ നിനക്കുള്ളത് വേറെ ഇരിപ്പുണ്ട് നിനക്കുള്ളതൊന്നും ഞാൻ വിതരണം ചെയ്യുന്നില്ല ഇനിയതിന്റെ കുശുമ്പ് കൊണ്ടാണ് പറയുന്നതെങ്കിൽ . …
…ദേ ചേട്ടാ രാവിലെ കേറി വന്നപ്പോഴേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് കേട്ടോ.എനിക്കെന്തിനാ കുശുമ്പ് എന്റെ ചങ്കാ അവള് അറിയോ. …