…വാ ചേട്ടാ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് കാലനങ്ങുന്നില്ലേ… .
ശ്രീജയ്ക്കു അത് കണ്ടിട്ട് ചെറിയ ചിരി വന്നു .
…അതല്ലെടി ഒരു ചെറിയ വൈക്ലഭ്യം പോലെ …
…ആ അത് വൈക്ലഭ്യമല്ല പേടിയാ പേടി…ഇങ്ങോട്ടു വാ കളിക്കാതെ..
ശ്രീജക്കു രാജീവിന്റെ പേടി കണ്ടു ചിരി വന്നു.അവൾ പടിപ്പുര കേറി നടന്നപ്പോൾ ഒറ്റക്കായി പോകാതിരിക്കാൻ ആയാളും പുറകെ സ്പീഡിൽ ചെന്നു .അവിടെ നിൽക്കുന്നവരെയൊന്നും ശ്രദ്ധിക്കാതെ അവൾ നേരെ ഉമ്മറത്തേക്ക് കേറി അകത്തേക്കുള്ള വാതിൽ തുറന്നപ്പോൾ രാജീവും അവളുടെ പിന്നാലെ ഓടിച്ചെന്നു കേറി .അടുക്കളയുടെ വാതിലിനടുത്ത് ചെന്ന് അവൾ പതിയെ തല നീട്ടി നോക്കിയപ്പോൾ അമ്മയവിടെ അടുപ്പിലിരിക്കുന്ന ചോറ് കലത്തിൽ തവികൊണ്ട് ഇളക്കിയിട്ടു കുറച്ചു കൂടി വെള്ളം ഒഴിക്കുന്ന തിരക്കിലായിരുന്നു.ഉടൻ തന്നെ അവൾ രാജീവിനോട് രഹസ്യമായി കാര്യം പറഞ്ഞിട്ട് കവർ താഴെ വെച്ച് പമ്മിപ്പമ്മി അമ്മയുടെ പുറകിൽ ചെന്നു നിന്നിട്ടു രണ്ട് കയ്യും കൊണ്ട് അമ്മയുടെ കണ്ണ് പൊത്തിപ്പിടിച്ചു
…യോ …ആരാ ……യ്യോ ആരാ
ശ്രീജയുടെ പെട്ടന്നുള്ള പിടിയിൽ സാവിത്രിയമ്മ വെച്ചു പോയെങ്കിലും അത് പ്രതീക്ഷിച്ച ശ്രീജ അവരെ നല്ലോണം പിടിച്ചിരുന്നു.കണ്ണ് കാണാതെ തപ്പിത്തടഞ്ഞു കൊണ്ട് ആകെ അങ്കലാപ്പോടെ അവർ വീണ്ടും ചോദിച്ചു
…ആരാണ് പറ എന്റെ കണ്ണ് വേദനിക്കുന്നു. എടി പറ… എടി ആരാണ്.
ഇത് കേട്ട് താൻ പെണ്ണാണെന്ന് അമ്മക്ക് മനസ്സിലായെന്നു ശ്രീജക്കു മനസ്സിലായി
…അരായിരിക്കും ….ആരായിട്ടാ അമ്മക്ക് തോന്നുന്നേ…
..എടി പറ .. ആരാ ശ്രീജ മോളാണോ…ആണെങ്കി എടി മോളെ കണ്ണ് വേദനിക്കുന്നെടി മോളെ.
…വേദനിച്ചോട്ടെ നല്ലോണം വേദനിച്ചോട്ടെ …
…എന്റെ പൊന്നല്ലെ ..ചക്കരയല്ലേ വിട്..അമ്മയ്ക്ക് വേദനക്കുന്നെടി ..
അമ്മയുടെ ചക്കര വിളി കേട്ട് ശ്രീജ രാജീവിനെ നോക്കി അഭിമാനത്തോടെ ..കേട്ടോ എന്നെ വിളിച്ചത് കേട്ടോ ..എന്ന അർത്ഥത്തിൽ കണ്ണ് കാണിച്ചു
…അമ്മെ ആ വേദന മാറുന്നൊരു മരുന്ന് ഞാൻ കൊണ്ട് വന്നിട്ടുണ്ടല്ലോ.
…എന്തുവാ മരുന്ന് എടി മോളെ ഞാൻ വീഴുമെടി അമ്മേടെ പൊന്നല്ലെ വിട് ഞാനൊന്നിരിക്കട്ടെ
…ആ …അതൊക്കെ ഇരുത്താം …