ശ്രീജാ രാജീവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി.വാതിലിനടുത്ത് ചെന്നപ്പോൾ ശ്രീജ അവനെ അകത്തേക്ക് തള്ളി വിട്ടു.പുറകെ അവളും കേറി ചെന്നു .അച്ഛൻ അപ്പോൾ അലമാരയിൽ നിന്നും എന്തോ എടുക്കുകയായിരുന്നു.ശ്രീജ രാജീവിന്റെ ചെവിയിൽ പതുക്കെ അച്ഛനെ വിളിക്കാൻ പറഞ്ഞു
… അച്ചാ..
…ആ ..
എന്നു പറഞ്ഞു കൊണ്ട് ഗോവിന്ദൻ തിരിഞ്ഞു നോക്കിയതും പിന്നിൽ നിൽക്കുന്ന ആളിനെ കണ്ടു ആകെ അന്തം വിട്ടു
…അച്ചാ ഞാൻ…
ഒരു നിമിഷം ഗോവിന്ദൻ അവരെ രണ്ട് പേരെയും മാറി മാറി നോക്കി നിന്നിട്ടു കയ്യിലെടുത്ത മരുന്നു മേശപ്പുറത്ത് വെച്ചിട്ടു ഒന്നും മിണ്ടാതെ കസേരയിലേക്കിരുന്നു.അച്ഛന്റെ മൗനം കണ്ടിട്ടു എന്ത് ചെയ്യണമെന്നറിയാതെ രാജീവ് നിന്നപ്പോൾ ശ്രീജ പുറകിൽ നിന്നും തോണ്ടി.
…അച്ചാ ..ഞാൻ…. എന്നോട്…
ഗോവിന്ദൻ രാജീവിനെ നോക്കി എന്നിട്ടു ശ്രീജയുടെ നേരെ നോക്കിയിട്ടു ചോദിച്ചു
…അമ്മയെ കണ്ടോ മോളെ …
…ആ കണ്ടു അച്ചാ ഭയങ്കര കരച്ചിലായിരുന്നു പക്ഷെ ഇപ്പൊ കുഴപ്പമില്ല ആള് സന്തോഷവതിയായി…
…മ്മ് അച്ചാ ഞാൻ പിന്നെ..
…അമ്മയെ കണ്ടല്ലോ അതുമതി എന്റെ മുന്നിൽ നീയിങ്ങനെ നിൽക്കേണ്ട ആവശ്യമില്ല.പക്ഷെ നിന്നെ പ്രതീക്ഷിച്ചു കാത്ത് കാത്തിരുന്ന ആളാണ് നിന്റെ ‘അമ്മ…
…എനിക്കെല്ലാമറിയാം അച്ചാ പക്ഷെ ഒന്നും അറിഞ്ഞൊണ്ടായിരുന്നില്ല അങ്ങനൊക്കെ സംഭവിച്ചു…
…ഞാനാരെയും കുറ്റപ്പെടുത്തില്ല.ഇതൊക്കെ ഞങ്ങളനുഭവിക്കേണ്ടതാണെന്നു വിശ്വസിക്കാനാ ഇഷ്ടം.നീ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ വഴക്കു പറയാനും അടിക്കാനുമൊക്കെ.അതിനൊക്കെയുള്ള അവകാശമുള്ള ഒരാളാ നിന്റെ ‘അമ്മ.നീയെത്ര വലുതായാലും അവരുടെ മനസ്സിൽ കൊച്ചു കുഞ്ഞായിരിക്കും…
…അച്ചാ ഇനിയിതാവർത്തിക്കില്ല എന്നോട് ക്ഷമിക്കൂ…
…ഹഹ ഹ ക്ഷമിക്കാനോ ഞാനെന്തിനാടാ ക്ഷമിക്കുന്നെ.ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ഞാനനുഭവിക്കേണ്ടതാണ് അതിനു നിന്നെ കുറ്റപ്പെടുത്തുന്നതെന്തിനാ അത് കൊള്ളാം.എന്റെ ദുരിതത്തിന് ഞാൻ മറ്റൊരാളെ കുറ്റം പറയേണ്ട വല്ല കാര്യവും ഉണ്ടോ.ഇപ്പൊത്തന്നെ ഈ മോളിവിടെ വന്നില്ലായിരുന്നെങ്കിൽ നീ ഇപ്പോഴെങ്ങാനും ഇങ്ങോട്ടു വരുമായിരുന്നോ ഇല്ലല്ലോ.അതുകൊണ്ട് നിന്നോട് ക്ഷമിക്കാനും മാത്രം നീ എന്നോട് തെറ്റൊന്നും ചെയ്തിട്ടില്ല.നിന്നോട് ക്ഷമിക്കേണ്ടതും പൊറുക്കേണ്ടതും ആയ ആൾ അടുക്കളയിൽ കാണും….
…എന്നാലും അച്ചാ അച്ഛന്റെ ഈ വാക്കുകൾ പോലും എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു.ഞാൻ ചെയ്ത തെറ്റെന്താണെന്നു എനിക്ക് മാനസ്സിലായി.ഇനി അങ്ങനെ ഉണ്ടാവില്ല അച്ചാ …