ഓരോന്നോർത്തവൾ പെട്ടന്ന് കുണുങ്ങിച്ചിരിച്ചു.
…ഡീ നീ ചിരിക്കുകയൊന്നും വേണ്ട ഞാൻ പറഞ്ഞതു നേരല്ലേ…
അമ്മയെന്താണ് ഇത്ര നേരം പറഞ്ഞതെന്നു മനസ്സിലാകാഞ്ഞ ശ്രീജ
…ആ നേരാ നേരാ… എന്ന് വെറുതെ പറഞ്ഞു
…ആ അമ്മെ ഞാൻ ദീപയെയും ചേട്ടനെയും ഒന്ന് വിളിക്കട്ടെ കെട്ടൊ…
ആ ന്നാ… ശരിയെടി ഞാൻ വെക്കുവാ.അല്ലെടി നീ പറഞ്ഞ രണ്ടാമത്തെ കാര്യമെന്തുവാ അത് പറഞ്ഞില്ലല്ലോ
…ആ അയ്യോ അതാ പറയേണ്ടത് …
…എന്തുവാ മോളെ …
…അമ്മേ അവിടുത്തെ അമ്മക്കെന്നോട് ഇന്നു ഭയങ്കര സ്നേഹമായിരുന്നമ്മേ.എനിക്ക് വേണ്ടി കറിയൊക്കെ ഉണ്ടാക്കി തന്നുവിട്ടു.പിന്നെ വീട്ടില് ചെന്നിട്ടു വിളിക്കണമെന്നൊക്കെ പറഞ്ഞാ വിട്ടത്.പിന്നെ ‘അമ്മയുടെ കാര്യങ്ങളൊക്കെ ചോദിച്ചു.സുഖമായിരിക്കുന്നൊന്നൊക്കെ ചോദിച്ചു.വീട്ടിൽ വിളിക്കുമ്പോ അമ്മയുടെ അന്വേഷണമൊക്കെ പറയണമെന്നും ഒരു ദിവസം അമ്മയെയും കൂട്ടി ചെല്ലണം എന്നൊക്കെ പറഞ്ഞു. …
…ആര് സാവിത്രിയോ…
…ആ … അല്ലാതാരാ …
…എന്നെ അന്വേഷിച്ചോ എനിക്കിതു വിശ്വസിക്കാൻ പറ്റുന്നില്ലാ …
…അമ്മെ സാവിത്രിയമ്മ നമ്മൾ വിചാരിക്കുന്നത് പോലൊന്നുമല്ല വെറും പാവമാ.ഒരു പേരകുഞ്ഞില്ലാത്തതിന്റെയും പിന്നെ സ്വന്തം മകൾ ആത്മഹത്യാ ചെയ്തതിന്റെയും അതിന്റെ കൂടെ മകൻ അന്വേഷിക്കാതിരിക്കുന്നതിന്റെയൊക്കെ വിഷമമായിരുന്നു അവർക്കു.ഞാൻ രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോൾ തന്നെ അമ്മയിൽ നല്ല മാറ്റങ്ങൾ കണ്ടിരുന്നു.ഇപ്രാവശ്യം ഭയങ്കര സ്നേഹമായിരുന്നു. …
…എടി മോളെ രാജീവ് വരുവല്ലേ അവനെ കൊണ്ട് ആ ‘അമ്മയുടെ മുന്നിൽ കൊണ്ട്നിറുത്തണം കേട്ടോ.ഇല്ലെങ്കിൽ എത്ര സ്നേഹം കാണിച്ചു എന്നു പറഞ്ഞാലും ആ മനസ്സ് വേദനിച്ചാൽ നിനക്ക് മാതൃശാപം കിട്ടും മോളെ….നീ വിചാരിച്ച പോലൊന്നുമല്ലല്ലോ അടുത്തറിഞ്ഞപ്പോൾ .അത് കൊണ്ട് നീയിനി പഴയ പോലൊന്നും ആകരുത് മോളെ ഇതൊക്കെ നിന്നോട് പണ്ടേ എനിക്ക് പറയണമെന്നുണ്ടായിരുന്നു.പക്ഷെ നീയന്നൊക്കെ പറഞ്ഞതു.ഞങ്ങളെ വേണ്ടാത്തോർക്കു ഞങ്ങൾക്കും വേണ്ടാന്നല്ലേ.മോളെ ആരും ദുഷ്ടരും കരുണയില്ലാത്തവരുമല്ല ഓരോരോ സാഹചര്യങ്ങളിൽ അവരെയൊക്കെ അങ്ങനെ ആയിപ്പോയതാണ്.ഒരു കുഞ്ഞിന് വേണ്ടി നീ എത്രയധികം നീ സങ്കടപ്പെട്ടു .പക്ഷെ നൊന്തു പ്രസവിച്ച മക്കൾ നഷ്ടപ്പെടുന്നതിന്റെ വേദന നിനക്ക് മനസ്സിലാക്കണമെങ്കി നീ പ്രസവിക്കണം മോളെ.എന്തായാലും എല്ലാം നല്ല രീതിയിൽ കലാശിക്കുന്നെന്റെ മനസ്സ് പറയുന്നുണ്ട് മോളെ.ആ അച്ഛനെയും അമ്മയെയും നീ കൂടെ ചേർത്ത് പിടിക്കണം .അവനില്ലാത്തപ്പോ നിന്റെ കർത്തവ്യമാണത്.ഇടക്ക് അവധി ഉള്ളപ്പോഴൊക്കെ നീയിനി അവിടെ പോയി നിക്കണം ഒന്നോ രണ്ടോ ദിവസം താമസിക്കണം. …