ദീപ ഫോൺ വെച്ചതിനു ശേഷം അവൾ ബാക്കി ഉണങ്ങിപ്പിടിച്ചു തുടങ്ങിയ ചപ്പാത്തിയിലേക്കു കറിയൊഴിച്ചു കഴിച്ചു.പാത്രങ്ങളൊക്കെ കഴുകി വെച്ചിട്ടു ലൈറ്റും ഓഫാക്കി കിടക്കാനായി കിടന്നപ്പോൾ പലപല ചിന്തകൾ മനസ്സിൽ കേറി വന്നെങ്കിലും.മനപ്പൂർവ്വം തന്നെ അവൾ തള്ളിക്കളഞ്ഞിട്ടു ഉറക്കത്തിലേക്കു വീണു.
ബുധനാഴ്ച്ച രാവിലെ തന്നെ രാജീവ് തിരുവനന്തപുരത്ത് വന്നിറങ്ങി.ഒരു ടാക്സി പിടിച്ച് അയാൾ വീട്ടിലെത്തി.രാവിലെ മുതലേ ശ്രീജ കാത്തിരിക്കുകയായിരുന്നു രാജീവ് വണ്ടിക്കൂലി കൊടുത്തു കൊണ്ടിരുന്നപ്പോൾ താഴത്തെ ഓണർ വന്നു സംസാരിച്ചു
…അല്ല രാജീവോ എന്തായിത് ഒരു മുന്നറിയിപ്പും ഇല്ലാതെ. …
…ഓ ഒന്നുമില്ല ചേട്ടാ രണ്ട് ദിവസത്തെ ഒരു പ്രോഗ്രാമുണ്ട് ഒഴിവാക്കാൻ മാക്സിമം ശ്രമിച്ചതാ നടക്കുന്നില്ല.നാളെ കഴിഞ്ഞു ഞാനങ്ങ് പോകും. …
…ഓ അതുശരി അതാ ഞാനും ഓർത്തതു ലീവിന് വരാനുള്ള സമയമായില്ലല്ലോന്നു. …
…എമർജൻസി ലീവെടുക്കേണ്ടി വന്നു രണ്ട് ദിവസത്തേക്കേ ഉള്ളൂ. വേണമെങ്കി നീട്ടാം അങ്ങനെ നീട്ടിയാൽ അത് പിന്നെ മറ്റേ ലീവിനെ ബാധിക്കും.ഇപ്പൊ നീട്ടിയതിന്റെ ബാക്കിയെ അന്ന് കിട്ടൂ….
…മ്മ് ശരി ശരി എങ്കി ചെല്ലു ടീച്ചറിപ്പോ ഞെട്ടും …
…യ്യോ ഇല്ല ചേട്ടാ ഇന്നലെ രാത്രീല് ഞാൻ വിളിച്ചു പറഞ്ഞിരുന്നു. …
…ആണോ എങ്കി ചെല്ലു പിന്നെ ഫ്രീയാവുമ്പോ കാണാം …
…ആ ആയിക്കോട്ടെ ചേട്ടാ ഞാനങ്ങോട്ടു ചെല്ലട്ടെ …
രാജീവ് ബാഗെടുത്ത് സ്റ്റെപ്പ് കേറി വരുന്നത് ശ്രീജ നോക്കി നിക്കുവായിരുന്നു.
…എന്താ പെണ്ണുമ്പിള്ളേ ഇങ്ങനെ നോക്കുന്നത്.. നിന്റെ കെട്ടിയവനെ ഇതുവരെ കണ്ടിട്ടില്ലേ. …
രാജീവ് ബാഗ് കൊണ്ട് വന്നു സോഫയിൽ വെച്ചപ്പോഴേക്കും ശ്രീജ ഓടി വന്നു കെട്ടിപ്പിടിച്ചു.വിടാതെ അൽപനേരം അവളങ്ങനെ കെട്ടിപ്പിടിച്ചോണ്ടു നിന്നപ്പോ അയാൾ അവളുടെ തലയിലും പുറത്തുമൊക്കെ പതിയെ തലോടിക്കൊടുത്തു .
…ഹോ എത്ര നേരമായി ചേട്ടാ ഞാൻ കാത്തിരിക്കുന്നു. …
…എടി ഞാനിങ്ങോട്ടു തന്നെയല്ലേ വരുന്നേ പിന്നെന്താ ഇത്ര വെപ്രാളം. …
…അയ്യടാ അതൊന്നും പറഞ്ഞാൽ നിങ്ങള് ഗൾഫുകാർക്കൊന്നും മനസ്സിലാകില്ല …
അയാൾ അവളുടെ നെറുകയിലൊരു ഉമ്മകൊടുത്തിട്ടു അവളെ വേർപെടുത്തി സോഫയിലേക്കിരുന്നു.
…ചേട്ടാ ചേട്ടനിരിക്കു ഞാൻ പോയി ചായ എടുത്തോണ്ടു വരാം. …