പല്ലവി പ്രതീക്ഷിച്ചപോലെ തന്നെ അജിത പാചകത്തിൽ ആയിരുന്നു.
“ആന്റി..”
അജിത പെട്ടെന്ന് ഞെട്ടി തിരിഞ്ഞ് നോക്കി.
“നീയായിരുന്നോ.. എന്താ ഇപ്പോൾ ഒരു വിസിറ്റിങ്, സാധാരണ ഈ സമയത്തൊന്നും നിന്നെ ഇങ്ങോട്ട് കാണാത്തത് ആണല്ലോ.”
ജാള്യത നിറഞ്ഞ ഒരു ചിരിയോടെ അവൾ പറഞ്ഞു.
“നവീൻ അവിടന്ന് ഇങ്ങോട്ടേക്ക് ഇറങ്ങി എന്ന് മെസ്സേജ് അയച്ചു. അതാ ഞാൻ ഇങ്ങു വന്നെ.”
അജിത പല്ലവിയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കികൊണ്ട് ചോദിച്ചു.
“അവൻ ഇവിടെ വരുന്നതിന്റെ ആവേശം മൊത്തം നിനക്കാണല്ലോ. നിങ്ങൾ തമ്മിൽ പ്രേമത്തിൽ വല്ലോം ആണോടി?”
“ഒന്ന് പോ ആന്റി, അവൻ എന്റെ ബെസ്റ് ഫ്രണ്ട് ആണ്.”
“ആണേൽ നിങ്ങൾക്ക് കൊള്ളാം. എന്തായാലും എന്റെ ഒരു കണ്ണ് നിങ്ങളുടെ മേല് ഉണ്ടാകും.”
പല്ലവി പുച്ഛ സ്വരത്തിൽ കളിയാക്കികൊണ്ട് പറഞ്ഞു.
“ഒരു ഡിറ്റക്റ്റീവ് വന്നേക്കുന്നു. ഒരു കണ്ണാക്കണ്ട രണ്ടു കണ്ണും ഞങ്ങളുടെ മേല് തന്നെ വച്ചോ.”
“ഡീ.. എന്നെ കളിയാക്കുവൊന്നും വേണ്ട. രണ്ടിന്റെയും പ്രായം അതാണ്. എപ്പോഴാ മനസിളാകുന്നതെന്ന് പറയാൻ പറ്റില്ല.”
പല്ലവിയുടെ മുഖത്തെ ചിരി മാഞ്ഞു.
“ആന്റിക്ക് അറിയാല്ലോ എന്റെ അമ്മ പ്രേമിച്ചു കല്യാണം കഴിച്ചതാണെന്ന്. എന്നിട്ട് എന്തൊക്കെയാ ഞങ്ങൾ അനുഭവിച്ചേ. അത് കൊണ്ട് പ്രേമം എന്ന് പറയുന്നതേ എനിക്ക് ഇഷ്ട്ടം അല്ല.”
പല്ലവിയുടെ സ്വരത്തിൽ ഉണ്ടായ മാറ്റം അജിത പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
“മോളെ.. നീ അപ്പോഴേക്കും സീരിയസ് ആയോ. ഞാൻ നിന്നെ കളിയാക്കാനായി ഓരോന്ന് പറഞ്ഞതല്ലേ.”
അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല. അജിത പിന്നെ വിഷയം മാറ്റുവാനായി വേറെ ഓരോ കാര്യങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു. അപ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്ന് നിൽക്കുന്ന ശബ്ദം അവർ കേട്ടത്.
പല്ലവി പെട്ടെന്ന് തന്നെ വെളിയിലേക്ക് നടന്നു.
ഓട്ടോയിൽ നിന്നും ബാഗും ആയി ഇറങ്ങുന്ന നവീനെ ആണ് അവൾ കണ്ടത്.
ബാഗ് നിലത്ത് വച്ച ശേഷം അവൻ രണ്ടു പെട്ടികൾ കൂടി ഓട്ടോയിൽ നിന്നും ഇറക്കി ക്യാഷ് കൊടുത്ത് ഓട്ടോ പറഞ്ഞു വിട്ടു.
“മൂന്നു ബാഗേ ഉള്ളോടാ?”
നവീൻ ഒരു ബാഗ് തോളിൽ തൂക്കി ഒരു പെട്ടി കൈയിൽ എടുത്ത് കൊണ്ട് പറഞ്ഞു.
“ഒറ്റക്ക് താമസിക്കാൻ വരുന്ന എനിക്ക് കൂടുതൽ സാധനങ്ങൾ എന്തിരിക്കുന്നു. ഡ്രസ്സ്, ബുക്ക്, പിന്നെ അല്ലാതെ കുറച്ച് സാധനങ്ങളും.. ഇവിടെ റൂമിൽ ഒരു ബെഡും ടേബിളും ഉണ്ടെന്ന് നീ തന്നെ പറഞ്ഞിരുന്നല്ലോ.”
തറയിൽ ഇരുന്ന ബാഗ് എടുത്ത് കൊണ്ട് പല്ലവി പറഞ്ഞു.
“വാ.. നമുക്ക് ആന്റിയെ കണ്ട് ചാവി വാങ്ങിയിട്ട് മുകളിലേക്ക് പോകാം.”
നവീനും പല്ലവിയും ബാഗുകൾ സിറ്റൗട്ടിൽ വച്ച ശേഷം വീടിനകത്തേക്ക് കയറി. അപ്പോഴേക്കും അജിത ഒരു ഗ്ലാസിൽ ജ്യൂസുമായി ഹാളിൽ വന്നു.
“നവീൻ ആണ് വന്നതെന്ന് എനിക്ക് മനസിലായി. അപ്പോഴേക്കും ഞാൻ വെള്ളം അങ്ങ് എടുത്തു.”
അജിത ജ്യൂസ് നവീന് കൊടുത്തു.
“അപ്പോൾ എനിക്ക് ജ്യൂസ് ഇല്ലേ?”
എന്റെ മാത്രം 2 [ ne-na ]
Posted by