അന്ന് രാവിലെയും ബസിൽ കോളജിലേക്ക് പോകുമ്പോൾ പല്ലവി പതിവുപോലെ നവീനൊപ്പം തന്നെയാണ് ഇരുന്നത്. എന്നാൽ ഇന്ന് പതിവുപോലെ അധികമൊന്നും പല്ലവി സംസാരിക്കുന്നില്ലെന്ന് നവീൻ ശ്രദ്ധിച്ചു. എന്തേലും വിഷമം ഉണ്ടേൽ കുറച്ച് കഴിഞ്ഞ് തന്നോട് വന്ന് പറഞ്ഞോളും എന്ന് കരുതി അവൻ ചോദിച്ചില്ല. എന്നാൽ ക്ലാസ്സിലും ഒരിടത്ത് തന്നെ ചടഞ്ഞ് കൂടിയിരിക്കുന്ന പല്ലവിയെ ആണ് അവന് കാണാൻ കഴിഞ്ഞത്. സാധാരണയായി ഇന്റർവെൽ ടൈം ആകുമ്പോൾ നവീൻ ക്ലാസ്സിൽ ഉണ്ടേൽ അവന്റെ അടുത്ത് വന്നിരുന്ന് സംസാരിക്കും അല്ലേൽ കൂട്ടുകാരികൾക്കൊപ്പം ആയിരിക്കും. എന്നാൽ ഇന്ന് ഡെസ്കിൽ തലയും വച്ച് കിടക്കുകയായിരുന്നു അവൾ.
ഉച്ചക്ക് ചോറ് കഴിച്ച് കൈ കഴുകി വന്നതും നവീൻ പല്ലവിയെയും വിളിച്ച് ലൈബ്രറിയിലേക്ക് നടന്നു.
ആളൊഴിഞ്ഞ ഒരു മൂലയിൽ അവൾക്കരികിലായി ഇരുന്നുകൊണ്ട് നവീൻ ചോദിച്ചു.
“നിനക്കിന്ന് എന്താ പറ്റിയത്?”
അവൾ ഇതെന്ത് എന്ന ഭാവത്തിൽ അവന്റെ മുഖത്ത് തന്നെ നോക്കി.
“ഇന്ന് രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുവാണ്. എന്തോ ഒരു വിഷമം നിന്റെ മുഖത്ത്.”
അത് കേട്ടതും അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
“നീ എന്തിനാ ഇപ്പോൾ ചിരിക്കൂന്നേ?… എന്തേലും വിഷമം ഉണ്ടേൽ അത് എന്നോട് പറഞ്ഞൂടെ.”
ചെറിയൊരു പിണക്കത്തോടെ നവീൻ മുഖം തിരിച്ച് ദൂരേക്ക് നോക്കി ഇരുന്നു.
“ഡാ ചെറുക്കാ.. എന്റെ മുഖത്തേക്ക് നോക്കിയേ.”
നവീൻ അവളുടെ വാക്കുകൾ കേൾക്കാതെ പോലിരുന്നു.
പല്ലവി അവന്റെ കവിളിൽ പിടിച്ച് തന്റെ നേരെ തിരിച്ചു.
“എനിക്ക് ഒരു വിഷമവും ഇല്ല.. ഉണ്ടേൽ ഞാൻ അത് ആദ്യം നിന്നോട് പറയില്ലേ?”
“പിന്നെന്താ നീ രാവിലെ മുതൽ ഇങ്ങനെ?”
പല്ലവി ചുറ്റും നോക്കി അടുത്ത് ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു.
“എനിക്ക് ഇന്ന് രാവിലെ പീരിയഡ്സ് ആയടാ. അതാ ഞാൻ അങ്ങനെ ഇരുന്നെ.”
നവീൻ കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടില്ല. ആദ്യായിട്ട ഒരു പെൺകുട്ടി മുഖത്ത് നോക്കി പീരിയഡ്സ് ആണെന്ന് പറയുന്നെ.
“വയർ വേദന എടുക്കുന്നുണ്ടോ നിനക്ക്?”
“മ്മ്.. എനിക്ക് ആദ്യത്തെ രണ്ടു ദിവസം നല്ല വയറു വേദനയും ക്ഷീണവും ആണ്.”
“ഇതിപ്പോ എന്ത് ചെയ്യണം?”
ചെറു ചിരിയോടെ അവൾ പറഞ്ഞു.
“ഒന്നും ചെയ്യാനില്ല. രണ്ടു ദിവസം സഹിക്കണം..”
നവീന് പിന്നെ എന്ത് ചോദിക്കണം എന്ന് അറിയില്ലായിരുന്നു. അവർക്കിടയിൽ കുറച്ച് നേരം നിശബ്തത നിറഞ്ഞപ്പോൾ പല്ലവി ഡെസ്കിലേക്ക് തല ചായ്ച്ച് അവന്റെ മുഖത്തേക്ക് തന്നെ നോക്കി കിടന്നു.
നവീൻ പതുക്കെ അവളുടെ തുടയിൽ ഇരുന്ന വലത് കൈപ്പത്തിയിൽ മുറുകെ പിടിച്ചു. പല്ലവി സാവധാനം കണ്ണുകൾ അടച്ചു.
ആ ഒരു സന്ദർഭത്തിൽ അവന്റെ കൈയിൽ ഉള്ള മുറുക്കി പിടുത്തം എന്തെന്നില്ലാത്ത ഒരു ആശ്വാസം അവളിൽ പകർന്നു. മുൻപ് പലപ്പോഴും ഇത്തരത്തിൽ ഉള്ള സന്ദർഭങ്ങളിൽ വേദന കൂടുമ്പോൾ ഒന്ന് കൂടെ ഇരുന്ന് ആശ്വസിപ്പിക്കാൻ ഒരാൾ ഉണ്ടായിരുന്നു എങ്കിൽ അവൾ ആഗ്രഹിച്ചിട്ടുണ്ട്. ഇന്നാണ് അവളുടെ ആ ആഗ്രഹം സഭലമായത്.
എന്റെ മാത്രം 2 [ ne-na ]
Posted by