വൈകുന്നേരം അഞ്ചര സമയം.
ജോലി കഴിഞ്ഞ് ലോഡ്ജിലേക്ക് വന്നുകൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. മറ്റെങ്ങും താമസിക്കാന്‍ സ്ഥലം കിട്ടാത്തതിനാല്‍ വിപിന്‍ മുരളിയും ഇവിടെയാണ് താമസം. സൈക്കിളില്‍ വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലൂടെ വിപിന്റെ ബുള്ളറ്റും കുതിച്ചുവന്ന് ലോഡ്ജിലെ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നു. പാര്‍ക്കിംഗ് ഏരിയായുടെ തൊട്ടടുത്തുള്ള മുറിയില്‍ നിന്ന് ഹിന്ദിയിലുള്ള ആക്രോശങ്ങള്‍ ഉയരുന്നു. ”തുംനേ പൈസേ കല്‍ നഹി ദേ…യാ ആജ്… യാ തു തും കിസീ കേ കര്‍ജാദാര്‍ ഹോ. നഹിന്‍ റ്റു സോ ജാവോ അസ് അന്‍ഗാന്‍ മേയിന്‍ ആജ് ബാരീഷ് ഹോ യാ ധൂപ്…” (നീ ഇന്നലെയും കാശ് തന്നില്ല… ഇന്നും ഇല്ലെന്നോ… ഒന്നുകില്‍ ആരോടെങ്കിലും കടം മേടിച്ച് തരിക. ഇല്ലെങ്കില്‍ നീ ഇന്ന് ആ മുറ്റത്ത് ഉറങ്ങിയാല്‍ മതി വെയിലായാലും മഴയായാലും…)
അത് തപന്‍ ഠാക്കൂര്‍ ആയിരുന്നു. പതിനഞ്ച് വര്‍ഷമായി കേരളത്തിലുള്ള ഉത്തരാഘണ്ട് സ്വദേശി. കോണ്‍ട്രാക്ടറും ഗുണ്ടയുമായിരുന്ന അഹമ്മദ്കുഞ്ഞിന്റെ പണിക്കാരനായിരുന്നു. അഹമ്മദ്കുഞ്ഞ് പൊതുമരാമത്ത് ജോലികള്‍ ടെന്‍ഡര്‍ പിടിച്ചതോടെ കെട്ടിട നിര്‍മ്മാണമൊക്കെ ഇല്ലാതായതോടെ തപന്‍ ഠാക്കൂറിനിപ്പോള്‍ അഹമ്മദ് കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള ‘സോമനിലയം ലോഡ്ജ്’ ന്റെ ചുമതലയാണ്. എല്ലാ ദിവസവും പണികഴിഞ്ഞ് വരുന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് നൂറുരൂപ വെച്ച് പിരിവെടുക്കുന്നത് തപന്‍ ഠാക്കൂറിന്റെ സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണ്. ആരും ചോദിക്കാനും പറയാനും ഇല്ല. എതിര്‍ക്കുന്നവരെ ഒന്നുകില്‍ ലോഡ്ജില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ രാത്രി മുറിയില്‍ നിന്ന് പുറത്താക്കി മുറ്റത്ത് കിടത്തിക്കും.
”ഏയ്…. വിപിന്‍സാബ്… കൈസേഹേ…”
”ശുക്രിയാ…തപന്‍ ഭായീ… എന്തോന്നാടേ പാവങ്ങളെ പിഴിയുവാണോ…” ജനലിലൂടെ വിപിന്‍ മുരളിയും തപന്‍ ഠാക്കൂറും കുശലാന്വേഷണം നടത്തി. തപന് മലയാളം നല്ല വശമായിരുന്നു.
”ജീവച്ച് പോവണ്ടേ സാബ്…” തപന്‍ തന്റെ താടിയും മീശയും മുകളിലേക്ക് തഴുകി പറഞ്ഞു.
”ഉം… നടക്കട്ടെ നടക്കട്ടെ… ഇവിടെ നിന്റെ സാമ്രാജ്യമല്ലേ…” വിപിന്‍ മുരളി ബുള്ളറ്റില്‍ നിന്ന് ബാഗ് എടുത്ത് മുകളിലുള്ള തന്റെ മുറിയിലേക്ക് നടന്നു.
മുറിയിലെത്തി ബാഗ് മേശപ്പുറത്തേക്ക് വെച്ച് വിപിന്‍ മുരളി കട്ടിലിലേക്ക് ഇരുന്നു. കല്‍പ്പാത്തിയില്‍ നിന്ന് ഇവിടേക്ക് തിരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു ജീവിതം തന്നെയാണ് വിപിന്‍ പ്രതീക്ഷിച്ചത്. മുല്ലപ്പൂവിന്റെയും ചന്ദനത്തിരിയുടെയും ഗന്ധമുള്ള കല്‍പ്പാത്തി തെരുവുകളില്‍ നിന്ന് വ്യത്യസ്തമായ മദ്യത്തിന്റെയും സിഗരറ്റിന്റെയും ഹന്‍സിന്റെയും ഗന്ധമുള്ള ലോഡ്ജ് മുറികളും ഇടനാഴികളും. ഇവിടെ ആകെയുള്ളൊരു സുഹൃത്താണ് തപന്‍. അവനാണെങ്കില്‍ ഭൂലോക ഫ്രോഡും. സമയം കളയാതെ കുളിക്കാമെന്ന് കരുതി വിപിന്‍ കതക് പൂട്ടി ഡ്രസ് അഴിച്ച് അറ്റാച്ചിഡ് ബാത്ത്‌റൂമിലേക്ക് കയറി.