മുറിയില്‍ ശാലിനി മാഡത്തിന്റെ പെര്‍ഫ്യും ഗന്ധമാണ് വിപിനെ വരവേറ്റത്. വിടര്‍ന്ന കണ്ണുകളില്‍ തന്നോടുള്ള ദേഷ്യം ഇരച്ചു കയറി ചുവന്നിരിക്കുന്നു. ആ കണ്ണുകളിലേക്ക് നോക്കാന്‍ ശക്തിയില്ലാതെ വിപിന്‍ തല താഴ്ത്തി നിന്നു പോയി.
‘തന്നോട് പറഞ്ഞാല്‍ മനസ്സിലാവില്ലേ വിപിനേ… ‘ ശാലിനി മാധവ് വിപിന് നേരെ നോക്കി.
‘സോറി മാഡം റയില്‍വേ ഗേറ്റ് …’
‘താങ്കള്‍ കൂടുതല്‍ സംസാരിക്കണ്ട. റയില്‍വേ ഗേറ്റ് അടക്കുന്ന സമയം ഇത്ര ദിവസമായിട്ടും തനിക്ക് മനസ്സിലായില്ലന്ന് ഞാന്‍ വിശ്വസിക്കണോ…’
‘അതല്ല മാഡം വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങിയോണ്ട് സമയമൊക്കെ മാറി, അതാ മാഡം… ‘
‘ വിപിനെ ഈ ഓഫീസ് ഇത്ര പഞ്ച്വാലിറ്റി യോടെ മുന്നോട്ട് പോകുവാന്‍ ഞാന്‍ കുറേ ഏറെ കഷ്ടപ്പെട്ടതാ. നിങ്ങള്‍ ഒറ്റൊരാളായിട്ട് ആ പഞ്ച്വാലിറ്റി കളയരുത് പ്ലീസ്’ ശാലിനി മാധവ് വിപിന്‍മുരളിയുടെ നേര്‍ക്ക് കൈ കൂപ്പി. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്.
‘അയ്യോ മാഡം പ്ലീസ് മാഡം. ഞാന്‍ നാളെ മുതല്‍ ഉറപ്പായും നേരത്തെ എത്താം മാഡം’
‘ശരി ശരി… ഗോ ടു യുവര്‍ സീറ്റ് … ആരൊക്കെയോ അവിടെ വന്നിട്ടുണ്ട് … ‘ ശാലിനി മാധവ് വിപിന്റെ മുഖത്തേക്ക് നോക്കാതെ ഫയല്‍ തുറന്നു.
വിപിന്‍ മുരളി തന്റെ സീറ്റിലേക്ക് നടന്നു.
വിപിന്റെ ടേബിളിന് മുന്നിലായി ഉയരം കുറഞ്ഞ ഇരുനിറമുള്ള ഒരു ഖദര്‍ ധാരി നിന്നിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു രാഷ്ട്രീയക്കാരന്റെ ഛായയുണ്ട്.
‘ഈ ടേബിളിലെയാണോ…’ വിപിനെ അടിമുടി ഒന്നു നോക്കിയിട്ട് അയാള്‍ ചോദിച്ചു.
‘ അതേ. എന്താണ് ചേട്ടാ ആവശ്യം ‘ വിപിന്‍ ഭവ്യതയോടെ ചോദിച്ചു.
‘ ഞാന്‍ വിശ്വംഭരന്‍. വന്നിട്ട് അരമണിക്കൂറായി… ‘ പിന്നീടയാള്‍ ശബ്ദം ഉയര്‍ത്തി ‘ നിങ്ങള്‍ക്ക് തോന്നുമ്പോള്‍ വന്ന് ജോലി ചെയ്യാനല്ല ഞങ്ങടെ നികുതി പണം എടുത്ത് നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ‘
വിപിന്‍ അത് ഗൗനിക്കാതെ ടേബിള്‍ വലിച്ച് കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വംഭരന്‍ വീണ്ടും ഉച്ചത്തില്‍ ‘താനിരിക്കാന്‍ വരട്ടെ… ഞങ്ങടെ നികുതിപ്പണം വാങ്ങിയാ താനൊക്കെ ശമ്പളമെന്ന പേരില്‍ ഞണ്ണുന്നത് …’