‘ശരി ഇരിക്കുന്നില്ല. ചേട്ടന്റെ പേര് വിശ്വംഭരന്‍ അല്ലേ, വീട്ടു പേരും വാര്‍ഡ് നമ്പറും എന്താ …’ വിപിന്‍ ചോദിച്ചു.
‘ങാഹാ നീ എന്നെ മൂക്കി കേറ്റാനാണോ എന്നാ ലതൊന്ന് കാണണമല്ലോ… ദാ… റേഷന്‍ കാര്‍ഡ്…’
വിശ്വംഭരന് വിപിനു നേരെ റേഷന്‍ കാര്‍ഡ് നീട്ടി. വിപിന്‍ മുരളി കാര്‍ഡ് വാങ്ങി മറിച്ച് നോക്കിയിട്ട് തിരികെ കാര്‍ഡ് അയാളുടെ കയ്യില്‍ തന്നെ നല്‍കി.
എന്നിട്ട് തിരിച്ച് നടന്നു.
മുറിയുടെ പുറത്തേക്ക് ഇറങ്ങും വരെയും വിപിന്‍ മുരളിയെ വിശ്വംഭരന്‍ തുറിച്ചു നോക്കി.
‘കൊച്ചിന്റെ പേരെന്താ കൊച്ചേ?’ തന്റെ മുന്നില്‍ ഇരുന്ന ഉദ്യോഗസ്ഥയോട് വിശ്വംഭരന്‍ ചോദിച്ചു.
‘ ഞാന്‍ സുവര്‍ണ്ണ. സേര്‍… എന്തിനാണ് വന്നത്…?’
‘ വന്ന കാര്യമൊക്കെ ഞാന്‍ ആ പോയ കള്ള പണിക്കാരനോട് പറഞ്ഞോളാം. സര്‍ക്കാര്‍ ഉദ്യോഗോം വാങ്ങി മനുഷ്യരെ പറ്റിച്ചു ജീവിക്കാനുള്ള അവന്റെ കള്ളത്തരം ഞാനിന്ന് തീര്‍ത്ത് കൊടുക്കാം … ‘ വിശ്വംഭരന്‍ മുണ്ട് മടക്കി കുത്തി.
‘അല്ലേ… വിശ്വംഭരനെ അവന്റെ അഹങ്കാരം ഞാനിന്ന് തീര്‍ത്ത് കൊടുക്കുന്നുണ്ട്… ‘ വിശ്വംഭരന്‍, വിപിന്‍ മുരളിയുടെ മേശയ്ക്ക് മുമ്പില്‍ കിടന്ന കസേര ശബ്ദത്തോടെ വലിച്ചിട്ട് അതില്‍ ഇരുന്നു.
‘ വിപിന്‍ സാറ് പാവമാ…’ സുവര്‍ണ്ണ പറഞ്ഞു. അത് മൈന്‍ഡ് ചെയ്യാതെ സുവര്‍ണ്ണയോട് പറഞ്ഞു: ”ആ.. മോളേ ആ ഫാനൊന്നിട്ടേ… ”
സുവര്‍ണ്ണ ഫാന്‍ ഓണാക്കാന്‍ എണീറ്റതും പിന്നിലൊരു ആക്രോശമാണ് കേട്ടത്.
”എണീക്കടോ… ആര് പറഞ്ഞിട്ടാടോ താനീ കസ്സേരയിലിരുന്നത്…” വിപിന്റെ ശബ്ദം. വിപിന്‍ അത്രയും ശബ്ദമെടുക്കുന്നത് ആ ദിവസം വരെ ആരും കേട്ടിട്ടുകൂടിയില്ലായിരുന്നു.
” സാറിന്റെ കാര്‍ന്നോര്‍ക്ക് സ്ത്രീധനം കിട്ടിയ കസ്സേരയാണോ ഇത്…”
”എന്റെ കാര്‍ന്നോര്‍ക്ക് സ്ത്രീധനം കിട്ടിയതാണോ അല്ലയോ എന്നത് ഞാന്‍ പറയാം… അതിന് മുമ്പ്… താന്‍ എന്താ കുറച്ച് മുമ്പ് ഇങ്ങോട്ട് പറഞ്ഞത് തന്റെയൊക്കെ നികുതിപ്പണം കൊണ്ടാണ് ഞങ്ങള്‍ക്ക് ശമ്പളം തരുന്നതെന്നല്ലേ…”
”ആണ്… പിന്നല്ലാതെ ലോകബാങ്കീന്ന് കടമെടുത്തിട്ടാണോ നിങ്ങള്‍ക്ക് ശമ്പളം തരുന്നത്, ഇനിയിപ്പോ ലോകബാങ്കീന്ന് കടമെടുത്തിട്ടാണെങ്കിലും അത് തിരിച്ചടയ്ക്കാന്‍ ഞങ്ങളുടെ നികുതിപ്പണം വേണ്ടേ…”
”വേണം… വേണമെടോ… താനൊക്കെ രാവിലെ ഈ വേഷം കെട്ടിയിറങ്ങി ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് കണ്ട കള്ളത്തരങ്ങള്‍ക്കെല്ലാം വളംവെച്ച് കൊടുത്തിട്ട് ഉണ്ടാക്കുന്ന പണത്തിന്റെ അറപ്പൊന്നും ഞങ്ങളുടെ പണത്തിനില്ല… ഞങ്ങള്‍ ഞങ്ങളുടെ ജോലി കൃത്യായി ചെയ്തിട്ടാണ് ശമ്പളം വാങ്ങിക്കുന്നത്… പിന്നെ…. ഇന്ന് താനീ ഓഫീസ് വിട്ട് പോവണമെങ്കില്‍ താന്‍ കുറച്ച് മുമ്പ് പറഞ്ഞ നികുതിയുണ്ടല്ലോ… അത് അടച്ചിട്ട് ഇവിടുന്ന് പോയാമതി…”