“അത് ഞാനും പല്ലവിയും കൂടി വർക്കല ക്ഷേത്രത്തിൽ പോയേക്കുവായിരുന്നു.”
അത് കേട്ടതും അർച്ചന ചെറിയൊരു ഈർഷ്യത്തോടെ പറഞ്ഞു.
“വീണ്ടും പല്ലവി.. എവിടെ പോയാലും അതിനെ കൂടെ കൂടെ കൊണ്ട് പോകണം എന്ന് ഉണ്ടോ?”
അർച്ചന ആ പറഞ്ഞത് ഇഷ്ട്ടപ്പെടാത്ത മട്ടിൽ നവീൻ പറഞ്ഞു.
“അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്..”
“ഫ്രണ്ട് അല്ലെ?.. അല്ലാതെ കാമുകി ഒന്നും അല്ലല്ലോ എല്ലായിടവും ഇങ്ങനെ കൂടെ കൊണ്ട് പോകാൻ.. ഒരു കാര്യം ചെയ്യ്, എന്നെ ഇപ്പോൾ ഒന്ന് ബുള്ളറ്റിൽ കൊണ്ട് പോ. ചിന്നക്കടവരെ ഒന്ന് കറങ്ങിയിട്ട് നമുക്ക് തിരിച്ച് വരാം.”
പെട്ടെന്ന് അവരുടെ അടുത്തേക്ക് വേഗതയിൽ നടന്ന് ചെന്ന് കൊണ്ട് പല്ലവി പറഞ്ഞു.
“ഞാൻ അവന്റെ ഫ്രണ്ട് അല്ല. കാമുകി തന്നെ ആണ്. എന്തെ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ?”
നവീനും അർച്ചനയും പെട്ടെന്ന് പല്ലവിയുടെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് നോക്കി.
പല്ലവി നല്ല ദേഷ്യത്തിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ നിന്ന് തന്നെ അവനു മനസിലായി. ദേഷ്യത്താൽ അവളുടെ മുഖം ആകെ ചുവന്നിരുന്നു.
നവീൻ ചുറ്റും ഒന്ന് നോക്കി. ഭാഗ്യം അടുത്തൊന്നും ആരും ഇല്ല.
അവരുടെ അടുത്തെത്തിയ പല്ലവി അർച്ചനയുടെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് പറഞ്ഞു.
“ഇവൻ നിന്നെ ബുള്ളറ്റിൽ എങ്ങും കൊണ്ട് പോകുന്നതും ഇല്ല.”
ഒരു നിമിഷം ഞെട്ടി നിന്നുപോയ അർച്ചന ചെറിയ ഒരു ധൈര്യത്തിൽ പല്ലവിയുടെ അടുത്ത് ചോദിച്ചു.
“എന്നെ കൊണ്ട് പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നവീനേട്ടൻ അല്ലെ?”
അത് കൂടി കേട്ടപ്പോൾ പല്ലവിയുടെ ദേഷ്യം ഇരട്ടിച്ചു.
“അവൻ അല്ല, ഞാൻ തന്നെയാണ് തീരുമാനിക്കുന്നത്.”
എന്നിട്ട് അവന്റെ നേർക്ക് നോക്കി ചോദിച്ചു.
“എന്താ.. നിനക്ക് ഇവളെ കൊണ്ട് പോകണോ?”
നവീൻ പല്ലവിയുടെ കൈയിൽ പിടിച്ച് വലിച്ചു.
“നീ ഇങ്ങു വന്നേ..”
പല്ലവി അവന്റെ കൈ തട്ടി മാറ്റിക്കൊണ്ട് അർച്ചനയോടു പറഞ്ഞു.
“നീ ഇവന് അയച്ച എല്ലാ മെസ്സേജുകളും ഞാൻ വായിച്ചിട്ടുണ്ട്. അതുകൊണ്ട് പറയുവാ. നിനക്ക് ഇവനോട് എന്തേലും താല്പര്യം ഉണ്ടേൽ അത് കളഞ്ഞേക്ക്. ഇവന് അങ്ങനെ ഒരു ഇഷ്ടവും നിന്നോടില്ല.”
താൻ അയച്ച മെസ്സേജ് എല്ലാം പല്ലവി വായിച്ചിട്ടുണ്ട് എന്ന് അറിഞ്ഞപ്പോൾ അർച്ചന രൂക്ഷമായി നവീൻ നോക്കി.
നവീൻ പെട്ടെന്ന് തന്നെ ബലമായി പല്ലവിയെ പിടിച്ച് വലിച്ച് അവിടെ നിന്നും നടന്നു.
ആളൊഴിഞ്ഞ ഒരിടം എത്തിയപ്പോൾ നവീൻ അവളോട് ചോദിച്ചു.
“നീ ഇപ്പോൾ എന്താ അവിടെ കാണിച്ച് കൂട്ടിയത്.”
അവൾ ദേഷ്യത്തോടെ ചോദിച്ചു.
“എന്താ.. നിനക്ക് അവളെ ഇഷ്ട്ടം ആണോ?.. എങ്കിൽ പറ, ഞാൻ ഇപ്പോൾ തന്നെ അവളോട് പോയി മാപ്പ് ചോദിക്കാം.”
നവീൻ അടുത്ത് ഉണ്ടായിരുന്ന സിമെന്റ് ബെഞ്ചിലേക്ക് അവളെ പിടിച്ച് ഇരുത്തി. എന്നിട്ട് അവനും അവളുടെ അടുത്ത് കൂടെ ഇരുന്നു.
ഒരു അഞ്ച് മിനിറ്റോളം രണ്ടുപേരും നിശബ്തരായി ഇരുന്നു. എന്നിട്ട് നവീൻ പല്ലവിയുടെ വലത് കൈയിൽ മുറുകെ പിടിച്ചുകൊണ്ടു വിളിച്ചു.
“പല്ലവി..”
അവൾ ശബ്ദം താഴ്ത്തി ഒന്ന് മൂളി. അവൾ അപ്പോഴും തല താഴ്ത്തി വച്ചേക്കുവായിരുന്നു.
“എന്ത് പറ്റി നിനക്ക്?”
എന്റെ മാത്രം 3 [ ne-na ]
Posted by