നവീനെ കണ്ടയുടൻ അമൽ ചോദിച്ചു.
“നീ ഇവിടെ ഇരിക്കയായിരുന്നോ.. നിന്നെ തപ്പി ഞങ്ങൾ ഇവിടെ എല്ലാം നടന്നു.”
“എന്താടാ?”
സന്ദീപ് പല്ലവിയെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.
“നമ്മൾ രാവിലെ പ്ലാൻ ചെയ്ത കാര്യം..”
“മറന്നിട്ടില്ലെടാ. നമുക്ക് ഇപ്പോൾ തന്നെ പൊയ്ക്കളയാം.”
പല്ലവി എന്താ എന്ന അർഥത്തിൽ നവീനെ നോക്കി.
“ഒന്നൂല്ല.. നീ ഉച്ചയ്ക്കങ്ങു ഗ്രൗണ്ടിൽ വന്നാൽ മതി. ഞാൻ അവിടെ ഉണ്ടാകും.”
നവീൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവന്മാരോടൊപ്പം നടന്നു.
പല്ലവിയ്ക്ക് കാര്യം ഒന്നും മനസിലായില്ലെങ്കിലും നവീൻ എന്തോ കള്ളത്തരം ഒപ്പിക്കുന്നുണ്ട് എന്ന് മാത്രം മനസിലായി. എന്ത് തന്നെയായാലും അവസാനം താൻ അറിയാതെ ഇരിക്കില്ല എന്ന ചിന്ത ആയിരുന്നു അവൾക്ക്.
ഉച്ചയ്ക്ക് ശേഷം കൂട്ടുകാരികളുടെ കൂടെ മാച്ച് കണ്ടുകൊണ്ടിരിക്കുമ്പോഴും പല്ലവിയുടെ കണ്ണുകൾ നവീനെ തന്നെ തപ്പുക ആയിരുന്നു. അവനെ അവിടെ എങ്ങും കാണാനില്ല.
അവൻ എന്തെങ്കിലും പ്രശ്നം ഒപ്പിക്കാൻ പോയിട്ടുണ്ടാകുമോ എന്ന ചിന്ത അവളെ അസ്വസ്ഥമാക്കി. ഒന്ന് അവനെ ഫോൺ വിളിച്ച് നോക്കിയാലോ എന്ന ചിന്തയും അവളിൽ കടന്ന് കൂടി.
അപ്പോഴേക്കും നവീൻ കുറച്ച് കൂട്ടുകാർക്കൊപ്പം കളി കാണാനായി അവിടേക്ക് എത്തി. അപ്പോഴാണ് അവൾക്ക് ആശ്വാസം ആയത്.
അവൻ കൂട്ടുകാർക്കൊപ്പം കുറച്ച് ദൂരെ മാറിയാണ് ഇരുന്നത്. അവന്മാർ വന്നയുടൻ കൂകി വിളിയും ബഹളവും കൈയടിയും ഒക്കെ തുടങ്ങി.
ഇത് കണ്ട് അശ്വതി പറഞ്ഞു.
“ആ.. ഇവന്മാരുടെ ഒരു കുറവ് ഇവിടെ കാണാൻ ഉണ്ടായിരുന്നു, ഇപ്പോൾ പൂർത്തിയായി.”
അത് കേട്ടയുടൻ അഞ്ജലി പറഞ്ഞു.
“ബുള്ളറ്റ് എടുത്തതിന്റെ വക നവീന്റെ ചിലവുണ്ടെന്ന് പ്രവീൺ പറഞ്ഞിരുന്നു. മുഴു പിറ്റാ എല്ലയെണ്ണവും.. അതിന്റെ ബഹളമാണ് ആ കാണുന്നത്.”
അപ്പോൾ അതിനാണ് അമലും സന്ദീപും കൂടി നവീനെ കൂട്ടികൊണ്ട് പോയത് എന്ന ചിന്തയിൽ പല്ലവി നവീനെ നോക്കി.
ഇനി അവനും കുടിച്ചിട്ടുണ്ടാകുമോ? കുടിക്കുന്നത് ഇഷ്ടമല്ലെന്ന് ഒരിക്കൽ ഞാൻ സൂചിപ്പിച്ചത് ആണ്, അത് കൊണ്ട് ചിലപ്പോൾ അവന്മാർക്ക് കുപ്പി വാങ്ങി കൊടുത്തിട്ടേ ഉണ്ടാകൂ.. .. ഇങ്ങനെ പലതരം ചിന്തകൾ അവളുടെ മനസ്സിൽ കൂടി കടന്ന് പോയി.
പല്ലവി നവീനെ തന്നെ ശ്രദ്ധിച്ചുകൊണ്ടേ ഇരുന്നു. അവന്റെ പെരുമാറ്റത്തിലും എന്തൊക്കെയോ അസ്വഭാവികതകൾ അവൾക്ക് തോന്നി. പതുക്കെ അവളുടെ മുഖം ഇരുണ്ടു. ദേഷ്യം ഉള്ളിൽ നുരഞ്ഞ് പൊങ്ങി.
അവൾ അവിടെ നിന്നും എഴുന്നേറ്റ് കൊണ്ട് അഞ്ജലിയോട് പറഞ്ഞു.
“എനിക്ക് നല്ല തലവേദന. ഞാൻ പോകുന്നു.”
അവൾ കൂടുതൽ ചോദ്യങ്ങൾ ഒന്നും ഇങ്ങോട്ട് വരാൻ അവസരം ഉണ്ടാക്കാതെ പെട്ടെന്ന് തന്നെ അവിടെ നിന്നും നടന്നു.
പല്ലവി അവിടെ നിന്നും എഴുന്നേറ്റ് പോകുന്നത് നവീൻ ശ്രദ്ധിച്ചിരുന്നു. പല്ലവി ഇവിടെ പോകുന്നു എന്ന് നവീൻ ആംഗ്യത്തിൽ അഞ്ജലിയോട് ചോദിച്ചു. വീട്ടിൽ പോകുന്നു എന്ന് അഞ്ജലിയും പറഞ്ഞു.
അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പല്ലവിയുടെ അടുത്തേക്ക് ഓടി. അപ്പോഴേക്കും അവൾ ഗ്രൗണ്ടിന് വെളിയിൽ എത്തിയിരുന്നു.
എന്റെ മാത്രം 3 [ ne-na ]
Posted by