എന്റെ മാത്രം 3 [ ne-na ]

Posted by

ചുണ്ടിൽ വന്ന ചിരി ഒളിപ്പിച്ച് കൊണ്ട് സുലജ ചോദിച്ചു.
“രണ്ടും കൂടി അടി കൂടിയോ?”
പല്ലവി ദേഷ്യത്തോടെ പറഞ്ഞു.
“എനിക്ക് ഒന്ന് സമാധാനം തരുമൊ.. വന്ന് കയറിയപ്പോഴേ കുറെ ചോദ്യങ്ങൾ.”
അവൾ പടികൾ അമർത്തി ചവിട്ടികൊണ്ട് തന്റെ റൂമിലേക്ക് നടന്നു. അതിനിടയിൽ അവൾ പിറുപിറുത്തു.
“അല്ലേലും ഞാൻ പറയുന്നതെല്ലാം കേൾക്കേണ്ട കാര്യം അവനില്ലല്ലോ. എല്ലാം അവന്റെ ഇഷ്ട്ടം നോക്കി നടന്നിരുന്ന ഞാൻ ഒരു മണ്ടി.”
സുലജയുടെ മുഖത്ത് അപ്പോഴും ചിരി മാത്രം ആയിരുന്നു. അവൾക്ക് അറിയാമായിരുന്നു പല്ലവിയ്ക്ക് ഒരു ദിവസത്തിൽ കൂടുതൽ ഒന്നും നവീനോട് മിണ്ടാതിരിക്കാൻ പറ്റില്ലെന്ന്.
വൈകുന്നേരം റൂമിൽ എത്തിയെങ്കിലും നവീൻ പല്ലവിയുടെ വീട്ടിലേക്ക് പോയില്ല. അവൾ നല്ല ദേഷ്യത്തിൽ തന്നെ ആയിരിക്കുമെന്ന് അവനറിയാം. ദേഷ്യം ഒന്ന് കുറയട്ടെ എന്ന് കരുതി അവൻ കാത്തിരുന്നു.
സന്ധ്യ കഴിഞ്ഞ് ഒരു ഏഴു മണിയൊക്കെ ആയപ്പോൾ ആണ് അവൻ പല്ലവിയുടെ വീട്ടിലേക്ക് ചെന്നത്.
മുൻ വാതിൽ തുറന്ന് കിടപ്പുണ്ട്. അവൻ നേരെ അടുക്കളയിലേക്ക് ചെന്നു.
സുലജ ചപ്പാത്തിക്ക് മാവ് പരത്തികൊണ്ടിരിക്കയാണ്.
“സഹായം എന്തേലും വേണോ ആന്റി?”
ഒരു ചിരിയോടെ സുലജ പറഞ്ഞു.
“ഏയ്, പരത്തി കഴിഞ്ഞു ഞാൻ. ഇനി ചുട്ടാൽ മതി.”
ഒന്ന് മൂളിയ ശേഷം അവൻ അവിടെ തന്നെ തപ്പി തടഞ്ഞ് നിന്നു.
“എന്താടാ കിടന്ന് വട്ടം കറങ്ങുന്നെ.”
“പല്ലവി എവിടെ?”
“കോളേജിൽ നിന്നും വന്നിട്ട് ഇതുവരെ റൂമിൽ നിന്നും പുറത്ത് ഇറങ്ങിയിട്ടില്ല. നിങ്ങൾ തമ്മിൽ പിണങ്ങിയോ?”
അവൻ അതെ എന്ന അർഥത്തിൽ തലയാട്ടി.
“എന്തിനാ പിണങ്ങിയത്?”
“അത്.. ആന്റി….”
അവൻ നിന്ന് തപ്പിത്തടയുന്ന കണ്ട് ചപ്പാത്തി പലക മാറ്റി വച്ചുകൊണ്ട് സുലജ പറഞ്ഞു.
“നീ ധൈര്യമായി പറഞ്ഞോടാ.. അവളെ പോലെ തന്നെ ഞാനും നിന്റെ ഫ്രണ്ട് അല്ല?”
പിന്നെ അവൻ അറച്ചു നിന്നില്ല.
“ആന്റി. ബുള്ളറ്റ് എടുത്തതിന് ഞാൻ കൂട്ടുകാർക്ക് പാർട്ടി നടത്തി ഇന്ന്. അവന്മാർ നിർബന്ധിച്ചപ്പോൾ ഞാനും കുടിച്ചു… അവൾ അത് പൊക്കി.”
സുലജ നെറ്റി ചുളിച്ച് കൊണ്ട് പറഞ്ഞു.
“നിനക്ക് കുടിക്കുന്ന ശീലവും ഉണ്ടോ?.. അവൾ പിണങ്ങിയതിൽ ഒരു കുഴപ്പവും ഇല്ല.”
അവൻ വിഷമത്തോടെ പറഞ്ഞു.
“ആന്റി അങ്ങനെ ഞാൻ കുടിക്കാറൊന്നും ഇല്ല. ലാസ്റ്റ് ഒരു ബിയർ കുടിച്ചത് തന്നെ ആറ് മാസം മുൻപാ.. ഇത് അവന്മാർ നിർബന്ധിച്ചപ്പോൾ പറ്റിപ്പോയതാ.”
“ഈ ഒരു കാര്യത്തിൽ അവളുടെ ദേഷ്യം പെട്ടെന്ന് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അവളുടെ അച്ഛൻ കുടിച്ചിട്ട് ഇവിടെ കാണിച്ച് കൂട്ടിയിരുന്നതൊന്നും മോന് അറിയാഞ്ഞിട്ടാ.. അതുകൊണ്ട് കുടിക്കുന്നവരെ അവൾക്ക് ഇഷ്ടമേ അല്ല.”
നവീൻ ദയനീയതയോടെ പറഞ്ഞു.
“ഞാൻ പോയി അവളുടെ കാല് ഒന്ന് പിടിച്ച് നോക്കട്ടെ. സോൾവ് ആയില്ലെങ്കിൽ ആന്റി കൂടി ഒന്ന് ഹെല്പ് ചെയ്യണം.”
“മ്.. നീ പോയി സംസാരിച്ച് നോക്ക്.”

Leave a Reply

Your email address will not be published. Required fields are marked *