അതുകണ്ട് പൊട്ടിയ ചിരി കടിച്ചമർത്തി ജാസ്മിൻ തിരിഞ്ഞു.
ഷാനുവും ഒരിളഭ്യച്ചിരി പാസ്സാക്കി.
അവരെ പ്രതീക്ഷിച്ചെന്ന പോലെ മാഷും മുംതാസുമ്മയും സിറ്റൗട്ടിലുണ്ടായിരുന്നു ..
“എന്താ മാഷുപ്പാ വിശേഷിച്ച് …?” സിറ്റൗട്ടിലേക്ക് കയറിക്കൊണ്ട് ജാസ്മിൻ ചോദിച്ചു.
” ഒരു ചെറിയ വിശേഷം … ” മുംതാസുമ്മയാണത് പറഞ്ഞത് ..
” നമുക്കൊന്ന് ടൗൺ വരെ പോയാലോ ഷാനുമോനേ …” അവൻ കാർ ഓഫാക്കുന്നതിനു മുൻപേ മാഷ് പറഞ്ഞു.
” അതിനെന്താ മാഷുപ്പാ …”
മാഷ് അകത്തേക്ക് കയറിപ്പോയിട്ട് പെട്ടെന്നു തന്നെ തിരികെ വന്നു. ഷാനു കാർ തിരിച്ചു. ജാസ്മിനും മോളിയും മുംതാസുമ്മയുടെ കൂടെ അകത്തേക്ക് കയറി ..
മാഷ് വന്ന് കാറിൽക്കയറി … കാർ റോഡിലേക്കിറങ്ങി ..
ടൗണിൽ മസാലപ്പീടികകളുടെയും ചിക്കൻ സ്റ്റാളുകളുടെയും ബിൽഡിംഗിൽ കാർ നിർത്താൻ മാഷ് ആവശ്യപ്പെട്ടു.
അവൻ അരികു ചേർന്ന് കാർ നിർത്തി ..
പോക്കറ്റിൽ നിന്ന് 500 ന്റെ നോട്ടെടുത്ത് മാഷ് അവനു നേരെ നീട്ടി …
” പോയി പെട്രോളടിച്ചിട്ടു വാ….”
” ഇതിലുണ്ട് മാഷുപ്പാ …”
” പോയിട്ടു വാടാ …” സ്നേഹത്തോടെ പണം അവന്റെ കയ്യിലേക്ക് നീട്ടി മാഷ് പറഞ്ഞു … ഷാനു അത് വാങ്ങിയിട്ട് വണ്ടി മുന്നോട്ടെടുത്തു.
പമ്പിൽ കിടക്കുമ്പോൾ അവന്റെ ഫോണിൽ ഒരു മിസ്ഡ് കാൾ വന്നു. അവനതെടുത്തു നോക്കി.
ജാസൂമ്മ ….!
അതൊരു സിഗ്നലാണ്… മിസ്ഡ് കോൾ കണ്ടാൽ വാട്സാപ്പ് ചെക്ക് ചെയ്തേക്കണം.
അവൻ നെറ്റ് ഓൺ ചെയ്ത് വാട്സാപ്പ് തുറന്നു ..
വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. ഒരു കേക്ക് വാങ്ങി വാ…
അത്രയുമായിരുന്നു മെസ്സേജ് ..
അപ്പോൾ അതാണ് മുംതാസുമ്മ പറഞ്ഞ ചെറിയ വിശേഷം …
ഷാനു വേഗം തന്നെ പരിചയമുള്ള ബേക്കറിയിൽ വിളിച്ച് കേക്കിന് ഓർഡർ കൊടുത്തു.
മാഷിന്റെയും മുംതാസുമ്മയുടെയും പേര് പറഞ്ഞു കൊടുത്ത ശേഷം പെട്രോളടിച്ച് ഷാനു ബേക്കറിയിലേക്ക് പോയി. കുറച്ചു സമയത്തിനകം കേക്ക് കിട്ടി . അതുമായി മാഷിന്റെയടുത്ത് എത്തിയപ്പോൾ പരിചയക്കാരുമായി സംസാരിച്ചു നിൽക്കുന്നതവൻ കണ്ടു.
വാങ്ങിയ സാധനങ്ങൾ കാറിലേക്ക് എടുത്തു വെച്ചത് ഷാനുവാണ് .. ഒന്നു രണ്ടു സാധനങ്ങൾ കൂടി വാങ്ങിയ ശേഷം അവർ യാത്ര തിരിച്ചു.