കുഞ്ഞി വിതുമ്പിക്കൊണ്ട് പറഞ്ഞു
“അത് വല്യച്ഛനല്ലേ?, വല്യച്ഛൻ അങ്ങനെയല്ലേ…?”
കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു,
“ന്നാലും… കണ്ണേട്ടൻ കരഞ്ഞില്ലേ…?”
“അത് സാരോല്ല… കുഞ്ഞി കരഞ്ഞു കണ്മഷി മുഖം മുഴുവനായി, ഇപ്പൊ കുഞ്ഞിപ്പൂച്ചയെ പോലായി…”
കണ്ണൻ ചിരിച്ചുകൊണ്ട് പറഞ്ഞു
കുഞ്ഞി അത് കേട്ട് ചുണ്ട് കൂർപ്പിച്ചു,
കണ്ണൻ അത് കണ്ട് ചിരിച്ചു
അവരുടെ വർത്തമാനം കേട്ട് നിന്ന രുദ്രും ഭൈരവും വൃന്ദയും കിച്ചയും സീതലക്ഷ്മിയും വിശ്വനാഥനും മാധവനും ശ്രീകുമാറും മായയുമെല്ലാം പതിയെ പുഞ്ചിരിച്ചു.
••❀••
അന്ന് ഉച്ചകഴിഞ്ഞു ദേവടത്ത് ഒരു കാർ വന്നു നിന്നു, ഫ്രണ്ട് ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി പിറകിലെ ഡോർ തുറന്ന് ഭവ്യതയോടെ നിന്നു, പിറകിൽ നിന്നും ഒരു മധ്യവയസ്കൻ പുറത്തേക്കിറങ്ങി,
നല്ല വെളുത്ത് ഉയരംകൂടിയ ഉറച്ച ദേഹമുള്ള ഒരാൾ, ഇട്ടിരുന്ന വെള്ള ജുബ്ബയുടെ ഉള്ളിലൂടെ പൂണൂലും സ്വർണം കെട്ടിയ രുദ്രാക്ഷമാലയും ഏലസ്സ് കൊടുത്ത മാലയും പുറത്തുകാണാം വലതുകൈത്തണ്ടയിൽ ഒരു കറുത്ത ചരട് കെട്ടിയിട്ടുണ്ട്…
അയാൾ തീഷ്ണതയുള്ള കണ്ണുകളാൽ തറവാട് ഒന്ന് നോക്കി…
അപ്പോഴേക്കും പൂജാരിമാരും മറ്റു കർമികളും ഓടിയെത്തി,
“കക്കാട് തിരുമേനി എന്താ ഇത്തവണ നേരത്തെ എത്തിയത്…”
ഒരാൾ ചോദിച്ചു
“രണ്ടീസായി എന്തൊക്കെയോ സ്വപ്‌നങ്ങൾ കാണുന്നു, പക്ഷേ ഒന്നും അങ്ങട് തെളിയുന്നുണ്ടായില്ല്യ, പക്ഷേ ഇന്ന് പുലർച്ചെ സ്വപ്നത്തിൽ ദേവടം കാവ് തെളിയുകയുണ്ടായി, നോമിവിടെ വേണന്ന് കാവിലമ്മ കൽപ്പിക്കുന്നപോലെ… പിന്നെ താമസിച്ചില്ല്യ, രാവിലെ തന്നെ പുറപ്പെട്ടു…”
തിരുമേനി പറഞ്ഞു
“അതെന്തായാലും നന്നായി… അങ്ങയുടെ മേൽനോട്ടത്തിലാകട്ടെ ബാക്കി പൂജയെല്ലാം…”
കൂട്ടത്തിൽ മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു
അതിന് അയാളൊന്ന് ചിരിച്ചു
“പൂജോളക്കെ നന്നായി പോണില്ലേ…?”
തിരുമേനി ചോദിച്ചു
“ഉവ്വ്… അതുവരെ ഒരു തടസ്സങ്ങളും ഇണ്ടായില്ല്യ…”
മുതിർന്ന ബ്രാഹ്മണൻ പറഞ്ഞു
അപ്പോഴേക്കും വിശ്വനാഥൻ അവിടേക്ക് വന്ന് ഭവ്യതയോടെ കക്കാട് തിരുമേനിയെ തൊഴുതു,
“ഇത് തറവാട് കാരണോരാണ്… വിശ്വനാഥൻ… ഇവിടുത്തെ വല്യകാരണോരുടെ മകൻ…”
മുതിർന്ന ബ്രാഹ്മണൻ പരിചയപ്പെടുത്തി
“ഉവ്വ… അറിയാം… നമ്മെ ക്ഷണിക്കാൻ ഇല്ലത്ത് വര്യണ്ടായി…”
കാക്കാട് തിരുമേനി പറഞ്ഞു
“തിരുമേനി വരൂ… അകത്തേക്ക് ഇരിക്കാം…”
വിശ്വനാഥൻ അയാളെ സ്വീകരിച്ച് അകത്തേക്ക് ആനയിച്ചു