വിവേക് പറഞ്ഞു നിർത്തിക്കൊണ്ട് ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്ത് ലൗഡ്സ്പീക്കറിൽ ഇട്ടു
“ഹലോ… എന്താ മോനേ…?”
ഫോണിലൂടെ കേശു നായരുടെ ശബ്ദം പുറത്ത് വന്നു, നന്ദൻ ശ്രദ്ധയോടെ അത് കാതോർത്തു
“അച്ഛനോട് ഞാനൊരു കാര്യം ചോദിക്കാനാണ് വിളിച്ചത്…”
വിവേക് ഗൗരവത്തോടെ മുഖവുരയിട്ടു
“എന്താ മോനേ കാര്യം…?”
“എന്നെങ്കിലും അച്ഛനെ അന്വേഷിച്ച് ദേവടത്തെ ശില്പയെ കെട്ടാൻ പോകുന്ന പയ്യൻ വന്നിരുന്നോ…?”
ഒരു നിമിഷം അപ്പുറം നിശബ്ദമായി
“ഇ… ഇല്ലല്ലോ…”
കേശുനായർ ഒന്ന് വിക്കി
“അച്ഛൻ നുണപറയാൻ നിൽക്കണ്ട… എല്ലാം അറിഞ്ഞിട്ടാണ് ഞാൻ വിളിക്കുന്നത്…”
വിവേക് ദേഷ്യത്തോടെ ഒച്ചയെടുത്തു
“മോനേ… ഞാൻ… ആ ശില്പ കുഞ്ഞ് വന്ന് പറഞ്ഞ് ഒരു അമ്പയിനായിരം രൂപ തന്നപ്പോ…”
അയാൾ പതിയെ പറഞ്ഞ് നിർത്തി
“നിങ്ങളൊരു മനുഷ്യനാണോ…? ഒരുപാവം പിടിച്ച പെൺകുട്ടിയെപ്പറ്റി… ഛെ… ഞാൻ നിങ്ങളുടെ സ്വന്തം മോനല്ലേ… നിങ്ങൾ ഈ പറഞ്ഞതിനൊക്കെ അനുഭവിക്കും നോക്കിക്കോ…”
വിവേക് അസ്വസ്ഥതയോടെ ഫോൺ കട്ട് ചെയ്തു,
നന്ദൻ എല്ലാം കേട്ട് മരവിച്ച് ഇരിക്കുകയായിരുന്നു,
പിന്നീടവൻ ശിൽപയുടെ ഫോണിലേക്ക് വിളിച്ചു
“ഹലോ… ഇത് ശില്പയാണോ…?”
ഫോൺ കണക്ട് ആയതും അവൻ ചോദിച്ചു,
“അതേ… ആരാണ്…?”
മറുപ്പുറത്തു നിന്നും മറുപടി വന്നു
“ഞാൻ വിവേകാണ്…”
അവൻ പറഞ്ഞതും, അപ്പുറം ഒരു നിമിഷം നിശബ്ദമായി
“ഹെലോ… ശില്പ… കേൾക്കുന്നില്ലേ…”
അവൻ ചോദിച്ചു
“ഉവ്വ്…”
“താനെന്തിനാ എന്നെയും ഉണ്ണിമോളെയും ചേർത്ത് അനാവശ്യം പറയാനായി എന്റച്ഛന് പണം കൊടുത്തത്…?”
അവൻ ചോദിച്ചു
അവളൊന്നും മിണ്ടിയില്ല
“ഞാൻ ശില്പയോടാണ് ചോദിക്കുന്നത്…”
അവൾ പെട്ടെന്ന് കാൾ കട്ട് ചെയ്തു
വിവേക് നന്ദനെ നോക്കി
നന്ദൻ എല്ലാം കേട്ട് ഞെട്ടിത്തരിച് ഇരിക്കുന്നുണ്ടായിരുന്നു,
“ഇനീം നന്ദന് തെളിവ് വേണോ…?”
വിവേക് ചോദിച്ചു, നന്ദൻ വേണ്ടായെന്ന് തലയാട്ടി, വിവേക് പതിയെ എഴുന്നേറ്റു
“നന്ദൻ… താൻ ഇനിയൊരു സെക്കന്റ് ചാൻസിന് ഉണ്ണിമോൾടെ അടുത്തേക്ക് പോകരുത്, ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് കണ്ണിൽ നിറയേ കുസൃതിയും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയുമായി ഉണ്ണിമോളേ കാണുന്നത്, അത് അവളുടെ രാജകുമാരന്റെ മാജിക് ആണ്… അവൾ അവനുള്ളതാണ്… അവൻ അവൾക്കുള്ളതും…”