മഞ്ജിമയുടെ ഫോണിൽ അഭിയുടെ മെസ്സേജ് വന്നു : വൗ, മോളെ കിടു. കിക്കിടു. നീ അവിടെ മോഡലിംഗ് ചെയ്യുന്നുണ്ടോ. വല്ല സിനിമയിലും അഭിനയിക്കാൻ പ്ലാൻ ഉണ്ടോ,, എന്നുള്ള ചാറ്റ് കണ്ട് മഞ്ജിമ അറിയാതെ പുഞ്ചിരിച്ചു. പക്ഷെ അധികം നീണ്ടു നിന്നില്ല, മഞ്ജിമയുടെ മുഖ ഭാവം പഴയ പോലെ ആയി. ഫോൺ ഓഫ് ചെയ്ത് ഡാഷ് ബോർഡിൽ ഒരു മയവും കൂടാതെ ഇട്ടു. കുറച്ച് ശക്തിയിൽ തന്നെ.
ഫാത്തിമ ഇടം കണ്ണിട്ട് എല്ലാം കാണുന്നുണ്ടായിരുന്നു. മഞ്ജിമക്ക് മെസ്സേജ് വന്നതും, മുഖത്ത് വന്ന പുഞ്ചിരിയും, പെട്ടെന്ന് തന്നെ അത് മാഞ്ഞതും.
അതുവരെ കണ്ട മഞ്ജിമ ആയിരുന്നില്ല അന്ന്. കൂടെ ഉള്ളവരോട് വളരെ പതിയെ ചിരിച്ചു സംസാരിച്ചിരുന്ന മഞ്ജിമ ദേഷ്യത്തോടെ ഒരു മയവും ഇല്ലാതെ സംസാരിക്കുന്നത് കണ്ട് എല്ലാവരും അതിശയപ്പെട്ടു.
അച്ഛൻ മരിച്ചു എന്ന് ഫോൺ വന്ന ശേഷവും, സങ്കടം ഉള്ളിൽ ഒതുക്കി പുഞ്ചിരിച്ചു ജ്യുവലിനോട് അച്ഛൻ മരിച്ചു ഞാൻ വീട്ടിൽ പോവാണ്, ഈ കോസ്റ്റും ജ്യുവൽ ഫിനിഷ് ചെയ്ത് ഫോട്ടോ ഫോണിൽ അയച്ചാൽ മതി എന്ന് പറഞ്ഞ മഞ്ജിമ അല്ലായിരുന്നു അത്.
ജ്യുവൽ ഫാത്തിമയെ നോക്കി. ഫാത്തിമ ജ്യുവലിനോട് ഒന്നും പറയണ്ട എന്ന ആംഗ്യം കാണിച്ചു. രാവിലെ മുതൽ തന്നെ മഞ്ജിമയെ ചുറ്റി പറ്റി ഫാത്തിമയും ഉണ്ടായിരുന്നു. മഞ്ജിമയുടെ ഉള്ളിൽ ഉള്ള കാര്യം എത്ര വലുതാണ് എന്നറിയാൻ തന്നെ.
മഞ്ജിമ ദേഷ്യപ്പെട്ട ശേഷം ഒന്നു കണ്ണടച്ചു കുറച്ച് നേരത്തേക്ക് നിന്ന നിൽപ്പിൽ തന്നെ. പിന്നെ നേരെ പോയത് ബാത്‌റൂമിലേക്ക് ആയിരുന്നു.
എന്തിനാ അറിയില്ല, മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ഒരുപാട് തവണ മുഖം വെള്ളം ഒഴിച്ചു കഴുകി. സ്വയം മുഖത്ത് രണ്ട് അടി അടിച്ചു ശക്തിയിൽ തന്നെ. എന്നിട്ട് മനസ്സിൽ പറഞ്ഞു : മഞ്ജു അവൻ നിന്റെ ആരുമല്ല. ആരുമല്ല. നീ നിന്റെ ലോകത്തു ആണ്. അവൻ അവന്റെയും.
മുഖം ഒന്നുടെ കഴുകി, ചെറിയ ടച്ച് അപ്പ് ചെയ്ത്, തന്റെ സ്വതസിദ്ധമായ പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു മഞ്ജിമ തിരിച്ചു നടന്നു എല്ലാവരുടെയും അടുത്തേക്ക്.